കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടയില്‍ പറ്റിയ ഒരു അബദ്ധം. പരുക്കേറ്റ മകനെ ചേര്‍ത്ത് പിടിച്ച് അച്ഛന്‍ ആശുപത്രി തേടി പാഞ്ഞു. പക്ഷേ പരിശ്രമങ്ങള്‍ ഫലം കണ്ടില്ല. മടിയില്‍ കിടന്ന് തന്‍റെ കുഞ്ഞ് മകന്‍ മരിക്കുന്നത് കാണേണ്ടി വന്നു ദൗര്‍ഭാഗ്യവാനായ ആ അച്ഛന്. മകനെ രക്ഷിക്കാനാകാതെ തകര്‍ന്നുപോയ ഒരു അച്ഛന്‍റെ കണ്ണീരാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളെ നടുക്കുന്നത്.

ഉത്തര്‍പ്രദേശിലെ മിരാപൂരിലാണ് ദുരന്തം സംഭവിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം കൂട്ടുകാരുമൊത്ത് കളിക്കുകയായിരുന്ന ആറുവയസുകാരനായ അസ്ജദ്. ഉന്തുവണ്ടി തള്ളിയായിരുന്നു കുട്ടിക്കൂട്ടത്തിന്‍റെ കളി. കുറച്ച് പേര്‍ ഉന്തുവണ്ടിയുടെ മേലെ കയറിയിരുന്നു. കുറച്ചുപേര്‍ വണ്ടി തള്ളി. കളിയുടെ രസത്തിനിടെ കാര്യങ്ങള്‍ കൈ വിട്ടു. വണ്ടി നിയന്ത്രണം വിട്ട് അതിവേഗം മുന്നോട്ട് പാഞ്ഞു ചുമരിലിടിച്ചു നിന്നു. എന്നാല്‍ അപകടത്തിന്‍റെ ഏറ്റവും വലിയ ആഘാതം ഏറ്റത് മുന്നിലുണ്ടായിരുന്ന അസ്ജദിനായിരുന്നു. വണ്ടിക്കും ചുമരിനുമിടയില്‍ കുട്ടിയുടെ കഴുത്ത് കുടുങ്ങി അമര്‍ന്നു. വണ്ടി മാറ്റിയതിന് പിന്നാലെ കുറച്ച് ചുവടുകള്‍ മാത്രം മുന്നോട്ട് വെക്കാനായ കുഞ്ഞ് വഴിയിലേക്കു തളര്‍ന്നുവീണു.

എന്തു ചെയ്യണമെന്നറിയാതെ കൂട്ടുകാര്‍ പകച്ചുനിന്നപ്പോള്‍ സമീപത്തുണ്ടായിരുന്ന മുതിര്‍ന്നവര്‍ അസ്ജദിനെ വാരിയെടുത്തുകൊണ്ടോടി. അസ്ജദിന്‍റെ പിതാവും പ്രദേശത്തെ ഒരു സാമൂഹിക പ്രവര്‍ത്തകനും ഒരു വണ്ടി സംഘടിപ്പിച്ച് പ്രദേശത്ത് ആശുപത്രി തേടി പാഞ്ഞു. പക്ഷേ ദുരന്തം അവിടെയും അവസാനിച്ചില്ല. സമീപത്ത് ഒരു ആശുപത്രി പോലും കണ്ടെത്താനായില്ല. ചികിത്സ ലഭിക്കും മുന്‍പേ, അച്ഛന്‍റെ നെഞ്ചിലേയ്ക്ക് ചാഞ്ഞുകിടന്നുകൊണ്ട് ആ ആറുവയസുകാരന്‍ അവസാന ശ്വാസം വലിച്ചു. മകനെ കെട്ടിപ്പിടിച്ച് കരയുന്ന അച്ഛന്‍റെ ദൃശ്യങ്ങള്‍ സമൂമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. 

അസ്ജദിനെ ആശുപത്രിയിലെത്തിക്കാന്‍ ഒപ്പമുണ്ടായിരുന്ന സാമൂഹിക പ്രവര്‍ത്തകന്‍റെ വാക്കുകളും വലിയ ചര്‍ച്ചയാവുകയാണ്. “ഒരു കുഞ്ഞിന് അപകടം സംഭവിച്ചാല്‍ രക്ഷിക്കാന്‍ പോലും ആശുപത്രിയില്ലാത്ത അവസ്ഥയിലാണ് നാം ജീവിക്കുന്നത്. പ്രാഥമിക ചികിത്സ നല്‍കാന്‍ പോലും ഒരു ആശുപത്രി ഈ പ്രദേശത്തില്ല. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ഞങ്ങള്‍ ജീവന്‍പോലും പണയം വെച്ച് ഓടി. പക്ഷേ ആശുപത്രി വളരെ ദൂരെയായതിനാല്‍ സമയത്ത് എത്താനായില്ല,” എന്നാണ് അദ്ദേഹം പറയുന്നത്.

“ഒരു ആശുപത്രി പോലും പണിയാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് എംപിമാരും എംഎല്‍എമാരും?” എന്ന അദ്ദേഹത്തിന്‍റെ ചോദ്യം ഇപ്പോള്‍ വലിയ പ്രതിഷേധത്തിനാണ് വഴിവെക്കുന്നത്. ഉത്തര്‍ പ്രദേശിലെ ആരോഗ്യസംവിധാനങ്ങളുടെ, പ്രത്യേകിച്ചും ഗ്രാമീണ മേഖലിയിലെ ദയനീയാവസ്ഥയെ തുറന്നുകാട്ടുന്ന ഞെട്ടിക്കുന്ന ഉദാഹരണവുകയാണ് ഈ സംഭവം. ഒരു ആശുപത്രി അടുത്തുണ്ടായിരുന്നെങ്കില്‍ ആ കുഞ്ഞിന്‍റെ ജീവന്‍ ഒരുപക്ഷേ രക്ഷിക്കാനാവില്ലേ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. 

ENGLISH SUMMARY:

A tragic accident in Uttar Pradesh saw a six-year-old boy succumb to his injuries while playing with friends. The father's desperate attempts to find a nearby hospital were in vain, highlighting critical failures in the local healthcare system.