പഞ്ചാബിലെ പഠാൻകോട്ടിൽ പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ യുവാവ് അറസ്റ്റില്‍. സൈന്യത്തിന്‍റെ നീക്കങ്ങളെ കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാന് നല്‍കിയ ചക്ക് ധരിവാൾ സ്വദേശി ബിട്ടു എന്ന ബൽജിത് സിങിനെയാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ സൈന്യത്തിന്‍റെ നീക്കങ്ങള്‍ നിരീക്ഷിക്കാനായി നാഷണൽ ഹൈവേ-44 ലെ പഠാൻകോട്ട്- ജമ്മു സ്ട്രെച്ചിലെ പാലത്തിന് സമീപമുള്ള കടയിൽ സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇതിന്‍റെ ഫീഡ് പാകിസ്ഥാനിലേക്ക് കൈമാറുകയായിരുന്നു.

ചോദ്യം ചെയ്യലിൽ, താന്‍ സുജൻപൂരിനടുത്തുള്ള ഹൈവേയിലെ ഒരു കടയിൽ ഇന്റർനെറ്റുള്ള സിസിടിവി ക്യാമറ സ്ഥാപിച്ചതായി ഇയാള്‍ സമ്മതിച്ചു.ദുബായിലെ ഒരു അജ്ഞാത വ്യക്തിയിൽ നിന്നാണ് തനിക്ക് നിർദ്ദേശങ്ങൾ ലഭിച്ചുകൊണ്ടിരുന്നതെന്നും ക്യാമറ സ്ഥാപിക്കുന്നതിനായി 40,000 രൂപ ലഭിച്ചതായും മൊഴിയുണ്ട്. ഇയാളുടെ കൈവശം നിന്ന് ഒരു സിസിടിവി ക്യാമറയും ഇന്റർനെറ്റ് വൈഫൈ റൂട്ടറും കണ്ടെടുത്തു. പഠാൻകോട്ട്-ജമ്മു ദേശീയപാതയിൽ നടക്കുന്ന സംശയാസ്പദമായ പ്രവർത്തനങ്ങളെ കുറ്ച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പൊലീസ് നടപടി.

സംഭവത്തില്‍ ബൽജിത് സിങിനെ കൂടാതെ വിക്ക എന്ന വിക്രംജിത് സിങ്, വിക്കി എന്ന ബൽവീന്ദർ സിങ്, തനു എന്ന തരൺപ്രീത് സിങ് എന്നിങ്ങനെ മൂന്നുപേരെയും അറസ്റ്റ് ചെയ്തിട്ടണ്ട്. ഇവര്‍ ക്രിമിനൽ, ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു, സംഘത്തിന്‍റെ അതിർത്തി കടന്നുള്ള ബന്ധങ്ങൾ കണ്ടെത്താനും ഫണ്ടിന്റെ ഉറവിടം കണ്ടെത്തുന്നതിനുമായി കൂടുതൽ അന്വേഷണം നടക്കുകയാണ്.

അതേസമയം, പാകിസ്ഥാനിലെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) പിന്തുണയുള്ള രണ്ട് ചാര മൊഡ്യൂളുകളെ പഞ്ചാബ് പൊലീസ് കഴിഞ്ഞ മാസം പിടികൂടിയിരുന്നു. ചൈനയിൽ നിർമ്മിച്ച സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സിസിടിവി ക്യാമറകൾ ഉപയോഗിച്ചാണ് ഇവര്‍ തന്ത്രപ്രധാനമായ പ്രദേശങ്ങളില്‍ നിന്നുള്ള തത്സമയ ഫീഡുകൾ പാകിസ്ഥാമന് കൈമാറിയത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും ഇയാളുടെ കൈവശം നിന്ന് ഒരു ചൈനീസ് നിർമ്മിത സിസിടിവി ക്യാമറയും 4G കണക്റ്റിവിറ്റിയുള്ള യുഎസ്ബി കണക്റ്റഡ് സോളാർ പ്ലേറ്റും കണ്ടെടുക്കുകയും ചെയ്തിരുന്നു.

ENGLISH SUMMARY:

The Punjab Police have successfully dismantled a dangerous espionage network in Pathankot by arresting a local youth, Baljit Singh alias Bittu, who was spying for Pakistan. Acting on precise intelligence inputs regarding suspicious movements on the Pathankot-Jammu national highway (NH-44), officials discovered that the accused had installed an internet-enabled CCTV camera near a strategic highway bridge to illegally broadcast live feeds of Indian Army movements. During interrogation, Baljit confessed that he was operating under direct instructions from an anonymous handler based in Dubai, who paid him ₹40,000 to set up the surveillance infrastructure. Following his statements, the police arrested three of his close associates—Vikramjit Singh, Balwindar Singh, and Taranpreet Singh—for their active involvement in cross-border anti-national activities and financial transactions. This high-profile arrest closely follows the state police's breakthrough last month when they neutralized two ISI-backed spy modules utilizing sophisticated, Chinese-made solar-powered 4G cameras around sensitive military zones.