Image: X

Image: X

റെയില്‍വേയുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ തീപിടിത്ത സംഭവങ്ങളിൽ അട്ടിമറിയുടെ സൂചനകളുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയത് അടുത്തിടെയാണ്. അമർപുര, കോട്ട, സസാരം, ഹൗറ എന്നിവിടങ്ങളിലുണ്ടായ നാല് തീപിടിത്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അട്ടിമറി ആശങ്ക ഉയര്‍ന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി സുരക്ഷാ ഏജൻസികളും ആർ‌പി‌എഫും സ്റ്റേഷനുകളിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഇതിനിടയില്‍ ഹൗറ സ്റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. ദൃശ്യങ്ങളില്‍ ഒരാള്‍ ഒരു വസ്തു നിലത്തിടുന്നതും അതിന് തീപിടിക്കുന്നതും കാണാം. ഇതിന് മിഥില എക്സ്പ്രസിലെ തീപിടുത്തവുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. ദൃശ്യങ്ങളില്‍ പതിഞ്ഞയാളെ കണ്ടെത്താന്‍ സുരക്ഷാ ഏജൻസികളും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും (ആർ‌പി‌എഫ്) വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഹൗറ സ്റ്റേഷനിലെ കാബ് റോഡ് ഏരിയയ്ക്ക് സമീപമുണ്ടായ സംഭവമാണ് സിസിടിവിയില്‍ പതിഞ്ഞത്. ഒരാള്‍ പ്ലാസ്റ്റിക് കവറില്‍ പൊ‍തിഞ്ഞ ഒരു വസ്തു താഴെയിടുന്നത് കാണാമെന്നും തുടർന്ന് നിമിഷങ്ങൾക്കകം അതില്‍ നിന്നും പുകയും തീയും റിപ്പോർട്ട് ചെയ്യപ്പെട്ടതായും ഉദ്യോഗസ്ഥർ പറയുന്നു. മിഥില എക്സ്പ്രസിന്റെ കോച്ചിൽ തീപിടിത്തം ഉണ്ടാകുന്നതിന് തൊട്ടുമുന്‍പായിരുന്നു ഈ പ്രവൃത്തി. രാജ്യത്തെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളില്‍ ഒന്നായ ഹൗറ സ്റ്റേഷനിലെ ഈ പ്രവൃത്തി, റെയിൽവേ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുവാനും യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കാനും ലക്ഷ്യമിട്ട് മനഃപൂർവ്വം ചെയ്തതാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.

രാജ്യത്തെ പൊതുയിടങ്ങളിലെ സുരക്ഷയില്‍ വിള്ളലുകളുണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണോ ഈ സംഭവങ്ങളെന്നും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. സംഭവത്തെത്തുടർന്ന്, രാജ്യവ്യാപകമായി പ്രധാന റെയിൽവേ സ്റ്റേഷനുകളില്‍ അതീവ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. റെയിൽവേ പരിസരങ്ങളില്‍ നിരീക്ഷണം ശക്തമാക്കാനും സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശമുണ്ട്. യാത്രക്കാരോടും ജാഗ്രത പാലിക്കാനും സുരക്ഷിതരായിരിക്കാനും റെയില്‍വേ അഭ്യര്‍ഥിച്ചിട്ടുണ്ട്. എന്തെങ്കിലും സംശയാസ്പദമായ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറായ 139 ല്‍ വിളിക്കാനും റെയില്‍വേ നിര്‍ദേശിച്ചിട്ടുണ്ട്.

മേയ് 19നായിരുന്നു ഹൗറ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നമ്പർ 8ൽ നിര്‍ത്തിയിട്ടിരുന്ന മിഥില എക്സ്പ്രസില്‍ തീപിടിത്തമുണ്ടായത്. ട്രെയിനിന്റെ അൺറിസർവ്ഡ് ജനറൽ കോച്ചിന്റെ ശുചിമുറിയില്‍ നിന്നും കനത്ത പുക ഉയരുന്നത് റെയിൽവേ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ജീവനക്കാർ ഉടൻ തന്നെ തീ പൂർണ്ണമായും അണച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ശുചിമുറിയില്‍ നിന്നും പെട്രോളിൽ മുക്കിയ പകുതി കരിഞ്ഞ തുണിക്കഷണം കണ്ടെത്തുകയും ചെയ്തിരുന്നു.

അതേസമയം, അമർപുരയിൽ, കിടക്കകളും മറ്റ് വസ്തുക്കളും തീയിട്ടതായാണ് റിപ്പോർട്ട്. കോട്ടയിലെ മറ്റൊരു സംഭവത്തില്‍, രാജധാനി എക്സ്പ്രസിന്‍റെ വാഷ്റൂം ഭാഗത്ത് തീപിടിത്തമുണ്ടാകുകയായിരുന്നു. അതേസമയം, സസാരത്ത്, തിരിച്ചറിയാത്ത ഒരാൾ ഉപയോഗിക്കാത്ത കോച്ചിലേക്ക് കത്തുന്ന വസ്തു എറിഞ്ഞതായി റിപ്പോർട്ടുണ്ട്. എല്ലാ സംഭവങ്ങളെയും വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഓരോന്നിലും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് പഴുതടച്ച അന്വേഷണം നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ റെയിൽവേ ശൃംഖലയില്‍ അട്ടിമറി ശ്രമങ്ങൾക്കും തടസ്സപ്പെടുത്തലുകൾക്കും സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോര്‍ട്ടുകളുമുണ്ട്.

ENGLISH SUMMARY:

Indian Railways and top security agencies have launched a coordinated nationwide investigation following suspected sabotage angles in recent train fire incidents across Kota, Sasaram, Amarpura, and Howrah. The alarm was raised significantly after vital CCTV footage from Howrah Station’s Cab Road area captured an unidentified individual throwing a plastic-wrapped package into an unreserved coach of the Mithila Express, mere moments before a fire erupted. Railway staff on Platform 8 managed to contain the blaze inside the general compartment's washroom on May 19, where inspectors later recovered a highly incriminating petrol-soaked, half-burnt cloth. Similar parallel incidents, including a fire in a Rajdhani Express washroom in Kota and an arson attempt on a stationary coach in Sasaram, have forced the Railway Protection Force (RPF) to treat these cases as a deliberate, synchronized conspiracy to trigger panic. In response to recent critical intelligence warnings about potential disruptions to the national transit infrastructure, tight security protocols have been deployed at major stations, and passengers have been urged to report any anomalies via the helpline 139.