Old Train Coaches Reimagined as Restaurants

കാലഹരണപ്പെട്ട ട്രെയിൻ കോച്ചുകൾ ഇനി സ്ക്രാപ്പിലേക്കല്ല പകരം റെസ്റ്ററന്റ് ആകും. സർവീസ് അവസാനിച്ച പഴയ ട്രെയിൻ കോച്ചുകൾ റെസ്റ്റോറന്റുകളാക്കി മാറ്റുന്ന "ഫുഡ് ഓൺ വീൽസ്" പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കൊച്ചി മട്ടാഞ്ചേരി ഹാൾട്ട് സ്റ്റേഷനിലാണ് പ്രത്യേക റസ്റ്റോറന്റ് ഒരുങ്ങുന്നത്. 

ഒരിക്കൽ ആയിരക്കണക്കിന് യാത്രകളുടെ സാക്ഷിയായിരുന്ന  ട്രെയിൻ കോച്ചുകൾ ഇനി പുതിയൊരു യാത്രയ്ക്കാണ് ഒരുങ്ങുന്നത്. ഭക്ഷണത്തിന്റെ രുചിയാത്രയിലേക്ക്. 'ഫുഡ് ഓൺ വീൽസ്' എന്ന പേരിൽ ദക്ഷിണ റെയിൽവേ ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായി, സർവീസ് അവസാനിച്ച പഴയ കോച്ചുകളെ റെസ്റ്റോറന്റുകളാക്കി മാറ്റാനാണ് തീരുമാനം. 

റെസ്റ്റോറന്റ് നടത്തിപ്പിനായി ദക്ഷിണ റെയിൽവേ ടെന്‍റര്‍ ക്ഷണിച്ചു കഴിഞ്ഞു. ആദ്യ ഘട്ടത്തിൽ പദ്ധതി എത്തുന്നത് കൊച്ചി മട്ടാഞ്ചേരി ഹാൾട്ട് സ്റ്റേഷനിലേക്കാണ്. ഡീ-കമ്മീഷൻ ചെയ്ത ഒരു ട്രെയിൻ കോച്ചിനെ പൂർണമായി നവീകരിച്ചാകും റെസ്റ്റോറന്റ് സജ്ജമാക്കുക. പഴയ കോച്ചുകൾ ഉപേക്ഷിക്കുന്നതിന് പകരം ജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ മാറ്റുകയാണ് ലക്ഷ്യം. സ്റ്റേഷനുകളെ കൂടുതൽ ആകർഷകമാക്കാനും ടൂറിസം സാധ്യത വർധിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പുറത്ത് പഴയ ട്രെയിൻ കോച്ചിന്റെ തനത് രൂപം നിലനിർത്തും. എന്നാൽ അകത്ത് ആധുനിക ഡൈനിങ് അനുഭവമാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. 

മരം കൊണ്ടുള്ള ഇന്റീരിയർ ഡിസൈൻ, മൾട്ടി-ക്യൂസീൻ വിഭവങ്ങൾ, ആധുനിക അടുക്കള, മാലിന്യ നിർമാർജന സംവിധാനവും, സുരക്ഷാ ക്രമീകരണങ്ങളും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമാകും. പാലക്കാട് ഡിവിഷനിലും സമാന പദ്ധതികൾക്ക് തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. പയ്യന്നൂരിൽ മൂന്ന് പഴയ കോച്ചുകൾ ഉപയോഗിച്ച് ഹെറിറ്റേജ് റെസ്റ്റോറന്റ് ആരംഭിക്കാനാണ് നീക്കം.