ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ എയര്‍ ഇന്ത്യ വിമാനത്തിന്‍റെ വാല്‍ഭാഗം റണ്‍വേയില്‍ ഇടിച്ച് അപകടം. ഇന്ന് രാവിലെ ആയിരുന്നു സംഭവം. ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലെത്തിയ AI2651 വിമാനമാണ് അപകടത്തിൽപ്പെട്ടത്. തലനാരിഴക്കാണ് രക്ഷ. യാത്രക്കാർ സുരക്ഷിതരെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു.
എയർബസ് A321 നാരോ ബോഡി വിമാനമാണിത്. വിമാനം ലാൻഡിങിനായി അടുക്കുമ്പോൾ മറ്റൊരു വൈഡ് ബോഡി വിമാനം പറന്നുയർന്നിരുന്നു. ഇതുമൂലം വേക്ക് ടര്‍ബുലന്‍സ് ഉണ്ടാകുകയായിരുന്നു. അന്തരീക്ഷ വായുവിന്റെ മർദത്തിലുണ്ടാകുന്ന വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന കനത്ത വായുചുഴിയാണിത്. തുടർന്ന് വിമാനം ലാൻഡ് ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയ പൈലറ്റ് വിമാനം വീണ്ടും മുകളിലേക്ക് ഉയർത്താൻ ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്.
വാല്‍ഭാഗം റണ്‍വേയില്‍ ഇടിച്ചെങ്കിലും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും എയര്‍ ഇന്ത്യ അറിയിച്ചു. പരിശോധനയ്ക്കായി വിമാനം മാറ്റിയിരിക്കുകയാണ്. സംഭവത്തെത്തുടർന്ന് ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്കുള്ള ഫ്ലൈറ്റ് AI2652 വിമാനം റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. നേരിട്ട അസൗകര്യത്തിൽ ക്ഷമചോദിക്കുന്നതായും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാനമെന്നും എയർലൈൻ വക്താവ് പറഞ്ഞു.