dubare-elephant-camp-incident

Image: x.com/coolguygondgb

TOPICS COVERED

കർണാടകയില്‍ ഏറ്റുമുട്ടിയ ആനകളുടെ ഇടയില്‍പ്പെട്ട വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. ചെന്നൈ സ്വദേശിനിയായ 33കാരി ജ്യുനേഷ് ആണ് അപകടത്തിൽപ്പെട്ടത്. കുടക് ജില്ലയിലെ ദുബാരെ എലിഫന്‍റ് ക്യാംപിലാണ് സംഭവം.

കുളിപ്പിക്കുന്നതിനിടെ കാഞ്ചൻ എന്ന ആന മറ്റൊരു ആനയായ മാർത്താണ്ഡനെ ആക്രമിക്കുകയായിരുന്നു. രണ്ട് ആനകളെയും നിയന്ത്രിക്കാനുള്ള പാപ്പാൻമാരുടെ ശ്രമങ്ങളും പരാജയപ്പെട്ടു. ഈ സമയം ആനകളെ കുളിപ്പിക്കുന്നത് നോക്കിനില്‍ക്കുകയായിരുന്നു യുവതി. ആനകള്‍ ആക്രമണം തുടര്‍ന്നപ്പോള്‍‌ അവയിലൊന്ന് യുവതിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ ആന യുവതിയെ വീണ്ടും ചവിട്ടിമെതിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ സ്ത്രീ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

യുവതിയുടെ മരണത്തില്‍ കർണാടക വനം, പരിസ്ഥിതി, പരിസ്ഥിതി മന്ത്രി ഈശ്വർ ബി ഖന്ദ്രെ ദുഃഖം രേഖപ്പെടുത്തി. വന്യജീവികളുമായി ബന്ധപ്പെട്ട് കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകൾ നടപ്പിലാക്കാൻ അധികാരികൾക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. ക്യാംപിലെ ആനകൾക്ക് പരിശീലനം നൽകിയിട്ടുണ്ടെങ്കിലും, മൃഗങ്ങളുടെ പെരുമാറ്റം പ്രവചിക്കുന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല വിനോദസഞ്ചാരികൾ ആനകളുടെ തുമ്പിക്കൈയിൽ തൊടുന്നത്, ഫോട്ടോ എടുക്കാൻ അടുത്ത് നിൽക്കുന്നത്, ഭക്ഷണം നൽകുന്നത് എന്നിവ തടയണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ആനകളിൽ നിന്നും മറ്റ് വന്യജീവികളിൽ നിന്നും വിനോദസഞ്ചാരികൾ എല്ലായ്പ്പോഴും സുരക്ഷിതമായ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നിര്‍ദേശമുണ്ട്.

ENGLISH SUMMARY:

A 33-year-old tourist from Chennai, identified as Junesh, met a tragic end after getting caught between two clashing elephants at the Dubare Elephant Camp in Coorg, Karnataka. The incident occurred during a routine bathing session when an elephant named Kanchan suddenly turned aggressive and attacked another elephant named Marthandan, bypassing all containment efforts by their mahouts. Junesh, who was closely watching the elephants, was knocked down when one of the giant mammals accidentally fell over her during the scuffle. As she attempted to get back up, she was fatally trampled by the distressed animal and passed away on the spot. Expressing deep condolences, Karnataka Forest and Environment Minister Eshwar B. Khandre directed officials to enforce strict safety protocols, completely banning tourists from touching, feeding, or taking close-up photographs with the elephants.