Image: X@karnatakaportf

Image: X@karnatakaportf

പൊതുയിടങ്ങളില്‍ ആളുകള്‍ മൂത്രമൊഴിക്കുന്നത് തടയാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് മൈസൂരു സിറ്റി കോര്‍പറേഷന്‍ സബർബൻ ബസ് സ്റ്റാൻഡിന് സമീപമുള്ള റോഡിലെ ഭിത്തിയിൽ സ്റ്റീൽ റിഫ്ലക്ടീവ് പാനലുകൾ സ്ഥാപിച്ചത്. മൂത്രമൊഴിക്കാൻ വരുന്നവർ അവരെത്തന്നെ കണ്ണാടിയിൽ പ്രതിഫലിക്കുന്നത് കണ്ട് ലജ്ജയോടെ പിൻവാങ്ങുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഈ കണ്ണാടി പ്രതലങ്ങള്‍ സ്ഥാപിച്ച് ഒരാഴ്ച തികയും മുന്‍പേ, ആ കണ്ണാടിയില്‍ നോക്കി ‘അന്തസ്സായി’ മൂത്രമൊഴിക്കുന്ന യുവാവിന്‍റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ കോര്‍പറേഷന്‍റെ പുതിയ, വ്യത്യസ്തമായ ആശയവും പരാജയപ്പെട്ടു!

കര്‍ണാടക പോര്‍ട്ട്ഫോളിയോ എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നാണ് വിഡിയോ പങ്കിട്ടിരിക്കുന്നത്. വൈകീട്ടോടെയാണ് സംഭവം. രാത്രി കാഴ്ചയ്ക്കായി ഈ പാനലുകൾക്ക് ചുറ്റും സ്ഥാപിച്ച എൽഇഡി ലൈറ്റുകള്‍ പ്രകാശിച്ച് നില്‍ക്കുന്നതായി വിഡിയോയില്‍ കാണാം. ഈ പ്രകാശിച്ച് നില്‍ക്കുന്ന കണ്ണാടികള്‍ക്ക് മുന്‍പിലായിരുന്നു ഒരാളെത്തി കാര്യം സാധിക്കുന്നത്. തൊട്ടുപിന്നാലെ മറ്റൊരാള്‍ വന്ന് ഇയാളെ ചീത്ത പറയുന്നതും അവിടെനിന്ന് പോകാന്‍ ആവശ്യപ്പെടുന്നതും വിഡിയോയിലുണ്ട്.

‘ആളുകള്‍ അവരവരുടെ ചിന്താഗതി മാറ്റിയില്ലെങ്കില്‍ ഒരു പദ്ധതികൊണ്ടും, ഒരു പുതിയ ആശയം കൊണ്ടും കാര്യമില്ല’ എന്ന് കുറിച്ചാണ് പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. സ്വന്തം മുഖം കണ്ട് പിന്തിരിയണമെങ്കില്‍ കുറച്ചെങ്കിലും ലജ്ജ ബാക്കിയുണ്ടാകണം എന്നും വിഡിയോയില്‍ പറയുന്നു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്കും കാരണമായിട്ടുണ്ട്.

മൈസൂരുവിന്‍റെ ‘കണ്ണാടി വിദ്യ’!

പൊതുയിടങ്ങളില്‍ ആളുകള്‍ മൂത്രമൊഴിക്കുന്നത് തടയാനുള്ള ശ്രമങ്ങള്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ടതിന് പിന്നാലെയാണ് വേറിട്ട പരീക്ഷണവുമായി സിറ്റി കോര്‍പ്പറേഷന്‍ രംഗത്തെത്തിയത്. ആളുകള്‍ സ്ഥിരമായി മൂത്രമൊഴിച്ചുകൊണ്ടിരുന്ന സബർബൻ ബസ് സ്റ്റാൻഡിന് സമീപം റോഡിലെ ഭിത്തിയിൽ സ്റ്റീൽ റിഫ്ലക്ടീവ് പാനലുകളാണ് സ്ഥാപിച്ചത്. 80 മീറ്റർ ഭിത്തിയിലാണ് കണ്ണാടി പോലുള്ള സ്റ്റെയിൻലെസ് സ്റ്റീൽ പാനലുകൾ ഉറപ്പിച്ചത്. ചുമരിനടുത്ത് നിൽക്കുന്ന ആരെയും വഴിയാത്രക്കാർക്ക് വ്യക്തമായി കാണാൻ കഴിയുന്ന തരത്തിലാണ് ഇവ. രാത്രി കാഴ്ചയ്ക്കായി പാനലുകൾക്ക് ചുറ്റും എൽഇഡി ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. തെരുവുവിളക്കുകളോടൊപ്പം ഈ ലൈറ്റുകളും ഓട്ടോമാറ്റിക്കായി ഓണാകും.

അതേസമയം, പുതിയ ആശയത്തിന് സമ്മിശ്ര അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. പലരും പുതിയ ആശയത്തെ പ്രശംസിച്ചപ്പോള്‍ ചിലർ കൂടുതൽ സുസ്ഥിരമായ പരിഹാരമാണ് ആവശ്യമെന്ന് വിമര്‍ശിച്ചിരുന്നു. സമീപ പ്രദേശങ്ങളിൽ പൊതു ശൗചാലയങ്ങളുടെ എണ്ണം കുറവാണെന്നും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് പ്രശ്നത്തിന് കാരണമെന്നും ചിലര്‍ ചൂണ്ടിത്താട്ടി. ഇവിടെ ഏറ്റവും അടുത്തുള്ള പൊതുശൗചാലയം ബസ് സ്റ്റാൻഡിനുള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നും പൊതു ശൗചാലയങ്ങളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.

ENGLISH SUMMARY:

The Mysore City Corporation’s innovative attempt to curb public urination by installing 80-meter-long steel reflective panels near the suburban bus stand has ended in failure. The project aimed to discourage offenders by forcing them to see their own reflection, supplemented by LED lights for nighttime visibility. However, within a week of installation, a video surfaced on social media showing a young man urinating directly onto the mirror-like surface, indifferent to his reflection. While some netizens blamed the lack of civic sense, others criticized the authorities for not providing enough public toilets in the vicinity. The incident has sparked a wider debate on whether psychological deterrents can replace the need for basic sanitary infrastructure.