Image Credit: X/Iam_Rohit

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നിര്‍ണായക അറസ്റ്റെന്ന് സിബിഐയുടെ വെളിപ്പെടുത്തല്‍. 23 ലക്ഷത്തോളം വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ നടപടിക്ക് പിന്നില്‍ പി.വി.കുല്‍ക്കര്‍ണിയെന്ന കെമിസ്ട്രി പ്രഫസറെന്ന് സിബിഐ. ഇയാളെ അറസ്റ്റ് ചെയ്തു. പുണെ സ്വദേശിയായ പ്രഫസറാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ സൂത്രധാരനെന്നാണ് കണ്ടെത്തല്‍. കേസില്‍ എട്ടാമത്തെ അറസ്റ്റാണിത്. എന്‍ടിഎയ്ക്കായി നീറ്റ് ചോദ്യ പേപ്പര്‍ തയാറാക്കിയ പ്രക്രിയയില്‍ ഉള്‍പ്പെട്ടിരുന്ന കുല്‍ക്കര്‍ണി ഇത് ചോര്‍ത്തുകയായിരുന്നു. 

മഹാരാഷ്ട്രയിലെ ലാത്തൂര്‍ സ്വദേശിയായ പ്രഫസര്‍ 'രാജ് കോച്ചിങ് ക്ലാസ്' എന്ന പേരില്‍ പുണെയിലെ വസതിയില്‍ സ്വകാര്യ ട്യൂഷനെടുത്തിരുന്നു. ഏപ്രില്‍ അവസാന ആഴ്ചയിലും ഇദ്ദേഹം ഇവിടെ ക്ലാസെടുത്തു. നീറ്റ് പരീക്ഷയ്ക്ക് തൊട്ടുമുന്‍പായിരുന്നു ഈ ക്ലാസ്. ഇതിലാണ്  കുല്‍ക്കര്‍ണി ചോദ്യങ്ങള്‍, അവയ്ക്കുള്ള ഓപ്ഷനുകള്‍, ശരിയായ ഉത്തരങ്ങള്‍ എന്നിവ നല്‍കിയത്. കുട്ടികള്‍ ഇത് പകര്‍ത്തിയെടുക്കുകയും ചെയ്തു.  മേയ് മൂന്നിന് നടന്ന പരീക്ഷയിലെ ചോദ്യങ്ങളും കുട്ടികളുടെ കൈവശമുള്ള ചോദ്യങ്ങളും അണുവിട തെറ്റാതെ ഒന്നായിരുന്നുവെന്നാണ് സിബിഐ പറയുന്നത്. ഇതോടെയാണ് പരീക്ഷയുടെ നടത്തിപ്പുമായി ബന്ധമുള്ളവരില്‍ നിന്ന് തന്നെയാണ് ചോര്‍ന്നതെന്ന നിഗമനത്തിലേക്ക് സിബിഐ എത്തിയത്. 

കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മനീഷ വാഗ്​മറെയില്‍ നിന്നാണ് കുല്‍ക്കര്‍ണിയെ കുറിച്ചുള്ള വിവരം ലഭിച്ചത്. റാക്കറ്റിലുള്‍പ്പെട്ട മറ്റുള്ളവരെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ബ്യൂട്ടി പാര്‍ലര്‍ നടത്തി വന്ന മനീഷ കുട്ടികള്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കാമെന്നും കോളജില്‍ അഡ്മിഷന്‍ ശരിയാക്കാമെന്നും വാഗ്ദാനം ചെയ്തിരുന്നതായും കണ്ടെത്തി. കുട്ടികളില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി ഇവരെ കുല്‍ക്കര്‍ണിയിലേക്ക് എത്തിച്ചിരുന്നതും മനീഷയായിരുന്നുവെന്ന് സിബിഐ പറയുന്നു.ജയ്പുര്‍, ഗുരുഗ്രാം, നാസിക്, പുണെ, അഹല്യാനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇതിനകം അറസ്റ്റിലായത്. ഇവരില്‍ അഞ്ചുപേരെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇവരെ ഏഴുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.

മേയ് മൂന്നിന് 23 ലക്ഷം വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു. ടെലഗ്രാം വഴി ചോദ്യപേപ്പര്‍ ചോര്‍ത്തിയ ശേഷം 15 ലക്ഷം രൂപയ്ക്ക് വില്‍ക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. പരീക്ഷയ്ക്ക് 42 മണിക്കൂര്‍ മുന്‍പ് വാട്സാപ്പിലൂടെയാണ് ചോദ്യപേപ്പര്‍ പ്രചരിച്ചത്. ഗസ് പേപ്പറിലെ 135 ചോദ്യങ്ങളാണ് യഥാര്‍ഥ ചോദ്യപേപ്പറിലും കണ്ടത്.

പുനഃപരീക്ഷ ജൂണ്‍ 21ന് നടത്തും. പരീക്ഷാ സമയം 15 മിനിറ്റ് കൂടി ദീര്‍ഘിപ്പിച്ചതായും ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ അടുത്ത വര്‍ഷം മുതല്‍ പരീക്ഷ കംപ്യൂട്ടര്‍ അധിഷ്ഠിതമാക്കാനും തീരുമാനിച്ചതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇന്നലെ അറിയിച്ചിരുന്നു. പുനഃപരീക്ഷയ്ക്ക് റജിസ്ട്രേഷനോ, ഫീസോ ആവശ്യമില്ല. ജൂണ്‍ 14ന് അഡ്മിറ്റ് കാര്‍ഡ് നല്‍കുമെന്നും എന്‍ടിഎ അറിയിച്ചു.

ENGLISH SUMMARY:

The Central Bureau of Investigation (CBI) has made a breakthrough in the NEET-UG question paper leak case by arresting the alleged mastermind, a Chemistry professor named PV Kulkarni. Kulkarni, who was part of the team involved in preparing the question paper for the National Testing Agency (NTA), allegedly leaked the exact questions and answers to students at his private coaching center in Pune. The plot unraveled following the interrogation of Manisha Waghmare, a beauty parlor owner who acted as an agent, collecting lakhs of rupees from students to connect them with the professor. In response to the massive scam, Union Education Minister Dharmendra Pradhan announced that the re-examination will take place on June 21, 2026, with an additional 15 minutes allotted to students. Furthermore, to prevent future leaks, the government has decided to transition the NEET-UG examination entirely into a computer-based format starting next year.