തൃശൂർ ചായ്പ്പൻകുഴി ഗവ. യു.പി സ്കൂളിൽ ഒരു സ്പെഷ്യൽ ക്ലാസുണ്ട്. സ്കൂൾ ലീഡറും ഒഡിഷ സ്വദേശിയുമായ ബിനിത ദേശമാജി എന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഒഡീഷക്കാരായ മറ്റു കുട്ടികളെ മലയാളം പഠിപ്പിക്കുന്നത്.  ഭാഷ അറിയാത്തതിന്‍റെ പേരിൽ പഠനം മുടങ്ങാതിരിക്കാൻ ഒരു സർക്കാർ സ്കൂൾ ഒരുക്കിയ മാതൃകയാണ്, പച്ചവെള്ളം പോലെ മലയാളം പറയാനും തെറ്റില്ലാതെ എഴുതാനും വായിക്കാനുമെല്ലാം ബിനിതയ്ക്കു സഖിയായി മാറിയത്. 

ഒഡീഷയിലെ ഗഞ്ചാം ജില്ലയിൽ നിന്ന് ഒന്നരവർഷം മുൻപാണ് ബിനിതയും കുടുംബവും കേരളത്തിലേക്ക് എത്തുന്നത്. ഭക്ഷണത്തിനു പോലും വളരെ ബുദ്ധിമുട്ടിയ കാലം. ആ സമയത്താണ് ഒരു പരിചയക്കാരന്‍ മുഖേന അച്ഛനും അമ്മയും ബിനിതയും ഇളയ മൂന്നു സഹോദരങ്ങളുമായി കേരളത്തിലേക്ക് വിളിയെത്തുന്നത്. ‌സ്കൂളില്‍ പഠിക്കണമെന്നതായിരുന്നു ബിനിതയുടെ ആഗ്രഹം. പക്ഷേ, സ്കൂളിലെത്തിയപ്പോള്‍ ആദ്യം ഒന്ന് പകച്ചു. ബിനിതയ്ക്കും അധ്യാപകർക്കും പരസ്പരം ഒന്നും മനസിലാകുന്നില്ല. മലയാളം അറിയാത്ത ബിനിതയും ഒഡിയ അറിയാത്ത അധ്യാപകരും. പക്ഷേ, ബിനിതയോട് മുഖം തിരിക്കാനാകുമായിരുന്നില്ല അധ്യാപകര്‍ക്ക്. 

മലയാളം അധ്യാപിക ടി.എസ്. ലിജിയുടെ നേതൃത്വത്തിൽ മലയാള അക്ഷരമാലയിൽ തുടങ്ങുന്ന 31 അധ്യായങ്ങൾ ഉൾപ്പെടുത്തി 'സഖി' എന്ന പാഠപുസ്തകമുണ്ടാക്കി. ബിനിതയുടെ സഖിയായി പാഠപുസ്തകം മാറിയപ്പോള്‍ അധ്യാപകർ ആ കൊച്ചുമിടുക്കിയെ മലയാളത്തോടടുപ്പിച്ചു.  സ്പെഷ്യൽ ക്ലാസ് എടുത്തു. ഇന്ന് മലയാളമാണ് തന്‍റെ മാതൃഭാഷ എന്ന് ബിനിത പറയുന്നു.  

അക്ഷരം തേടി സ്കൂളിലെത്തിയ മൂന്നു സഹോദരന്മാര്‍ക്കും മലയാളം പഠിപ്പിക്കുന്നത് ബിനിതയാണ്. അച്ഛൻ നരേശ് ദേശ്മാജിയ്ക്ക് കൂലിപ്പണിയാണ്. ചെറിയൊരു വീട്ടിലാണ് താമസം. മഴ പെയ്യുമ്പോഴാണ് വെല്ലുവിളി. സ്വന്തമായൊരു വീട് ഉണ്ടെങ്കിൽ കേരളം വിട്ടു പോണ്ടല്ലോയെന്നാണ് ബിനിതയും കുടുംബവും പറയുന്നത്. 

ENGLISH SUMMARY:

A government school in Thrissur has created an exemplary model where a student named Binita Desmajhi, who is from Odisha, is teaching Malayalam to other Odia students. This initiative ensures that the education of Odia children is not hindered due to the language barrier, with Binita becoming an expert in speaking, writing, and reading Malayalam.