അന്തരിച്ച മുലായം സിങ് യാദവിന്റെ മകനും അഖിലേഷ് യാദവിന്റെ അര്‍ധ സഹോദരനുമായ പ്രതീക് യാദവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മാസീവ് പള്‍മണറി ത്രോംബോഎംബോളിസം (massive pulmonary thromboembolism) എന്ന അവസ്ഥയെത്തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണമെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം തന്നെ മരണത്തിനു മുന്‍പ് സംഭവിച്ച ആറ് മുറിവുകളും ശരീരത്തില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സാധാരണയായി ശരീരത്തിന്റെ കാലുകളിലും മറ്റു ഭാഗങ്ങളിലും രൂപപ്പെടുന്ന രക്തക്കട്ടകള്‍ രക്തത്തിലൂടെ സഞ്ചരിച്ച് ശ്വാസകോശ ധമനികളില്‍ തടസം സൃഷ്ടിക്കുന്ന അവസ്ഥയാണിത്. ശ്വാസകോശത്തിലേക്കുള്ള രക്തസഞ്ചാരം തടസപ്പെടുത്തുകയും പെട്ടെന്നുള്ള മരണത്തിനു കാരണമാവുകയും ചെയ്യുന്ന അവസ്ഥയാണ് പൾമണറി ത്രോംബോ എംബോളിസം. ലഖ്നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ഇന്നലെയാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്നലെ രാവിലെ അഞ്ചരയോടെയാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പ്രതീകിനെ കുടുംബം ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തും മുന്‍പേ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
പ്രതീകിന്റെ മരണകാരണം കൂടുതല്‍ വ്യക്തമാകാനായി ഹൃദയവും ശ്വാസകോശത്തിലെ രക്തക്കട്ടകളും സൂക്ഷിച്ചിരിക്കുകയാണ്. രാസപരിശോധനകൾക്കായി ആന്തരിക അവയവങ്ങളും മാറ്റിവെച്ചിട്ടുണ്ട്. ശരീരത്തില്‍ കണ്ടെത്തിയ ആറ് മുറിവുകളില്‍ മൂന്നെണ്ണം അഞ്ച് മുതൽ ഏഴ് ദിവസം വരെ പഴക്കമുള്ളതും ബാക്കിയുള്ളവ ഒരു ദിവസം പഴക്കമുള്ളതുമാണ്. നെഞ്ചുഭാഗം, വലതു കൈയുടെ അടിഭാഗം, കൈമുട്ട്, ഇടത് കൈത്തണ്ട എന്നിവിടങ്ങളിലായിരുന്നു പരുക്കുകൾ.
നേരത്തേ പലതവണ ശ്വാസകോശ സംബന്ധമായ പ്രശ്നത്തെത്തുടര്‍ന്ന് പ്രതീകിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയിലും ഫിറ്റ്നസ് രംഗത്തും സജീവമായിരുന്ന പ്രതീക് യാദവ് രാഷ്ട്രീയത്തിൽ നിന്ന് പൂര്‍ണമായും വിട്ടുനിൽക്കുകയായിരുന്നു. ഭാര്യ അപർണ യാദവ് ബിജെപി നേതാവാണ്.