Image Credit: X@Himansh83559135

  • മൂന്ന് സഹോദരിമാർ ക്യാമറമാനെ വിവാഹം കഴിച്ചെന്ന വിഡിയോ വ്യാജം; തട്ടിപ്പ് സമ്മതിച്ച് ഇൻഫ്ലുവൻസർമാർ!

അടുത്തിടെയാണ് ഇന്‍സ്റ്റഗ്രാം ക്രിയേറ്റര്‍മാരും സഹോദരികളുമായ മൂന്ന് യുവതികള്‍ തങ്ങളുടെ ക്യാമറമാനെ വിവാഹം കഴിച്ചെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരേ വേദിയിൽ വച്ച് മൂന്ന് സഹോദരിമാരെയും ഇയാള്‍ വിവാഹം കഴിച്ചെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വിഡിയോകളും പ്രചരിച്ചു. എന്നാല്‍ ഈ വിഡിയോ തട്ടിപ്പായിരുന്നുവെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി കണ്ടെത്തി. പ്രശസ്തിക്കും കാഴ്ചക്കാരെ കൂട്ടുന്നതിനുമായി ചിത്രീകരിച്ച വ്യാജ വിഡിയോ ആയിരുന്നു ഇതെന്ന് സംഭവത്തിൽ ഉൾപ്പെട്ട പെൺകുട്ടികൾ തന്നെ കമ്മിറ്റിക്കു മുന്നിൽ നേരിട്ടെത്തി മൊഴി നൽകുകയായിരുന്നു.

ഉത്തർപ്രദേശിലെ അമ്രോഹയിലുള്ള ഹസൻപുർ ഹൗരിയ ഗ്രാമവാസികളായ മൂന്ന് പെൺകുട്ടികളും ശ്യാംപുരി സ്വദേശിയായ വികാസ് (വിക്കി) എന്ന ഇരുപതുകാരനും ചേർന്നാണ് ജൂലൈ 17ന് വിഡിയോ ചിത്രീകരിച്ചത്. ഇൻഫ്ലുവൻസർമാരായ യുവതികളുടെ റീല്‍സ് എടുക്കാന്‍ ക്യാമറ കൈകാര്യം ചെയ്തിരുന്നത് വികാസ് ആയിരുന്നു. ചെറുപ്പം മുതൽ ഒന്നിച്ച് വളർന്നവരായിരുന്നു ഇവർ. എന്നാല്‍‌ വീട്ടുകാർ വിവാഹാലോചനകൾ തുടങ്ങിയതോടെ പിരിയാൻ കഴിയാതെ, മൂവരും വികാസിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചു എന്ന രീതിയിലാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

ക്ഷേത്രത്തിൽ വച്ച് വികാസ് പെൺകുട്ടികളുടെ നെറ്റിയിൽ സിന്ദൂരം ചാർത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വലിയ രീതിയിൽ ചർച്ചയാകുകയായിരുന്നു. എന്നാൽ, വിവാഹച്ചടങ്ങിൽ പൂജാരിയോ ക്ഷേത്രഭാരവാഹികളോ പങ്കെടുത്തിരുന്നില്ല. പെൺകുട്ടികളിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണെന്ന് അഭ്യൂഹങ്ങളും ഉയര്‍ന്നു. തുടർന്ന് അമ്രോഹ സിഡബ്ല്യുസി ചെയർമാൻ അഖിലേഷ് ഭരദ്വാജിന്റെ നേതൃത്വത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

തുടർന്ന്, സിഡബ്ല്യുസിക്ക് മുൻപാകെ ഹാജരായ മൂവരും തങ്ങൾ പ്രായപൂര്‍ത്തിയായവരാണെന്നും വിനോദത്തിനുവേണ്ടി മാത്രം നിർമിച്ച വിഡിയോയാണിതെന്നും വ്യക്തമാക്കി. വിഡിയോ വൈറലായതിനെ തുടർന്ന് രൂക്ഷമായ സൈബർ ആക്രമണം നേരിട്ടപ്പോള്‍ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനില്‍ക്കുകയായിരുന്നെന്നും ഇവർ സമ്മതിച്ചു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച പെൺകുട്ടികൾ, ഇത്തരമൊരു പ്രാങ്ക് വിഡിയോ ചിത്രീകരിച്ചതിൽ മാപ്പുപറയുകയും ചെയ്തു.

സ്വന്തം ഇഷ്ടപ്രകാരമാണ് വിഡിയോ ചെയ്തതെന്നും വിവാഹമെന്ന അവകാശവാദം പൂർണമായും തെറ്റാണെന്നും പെൺകുട്ടികൾ വ്യക്തമാക്കി. മൊഴിയുടെ അടിസ്ഥാനത്തിൽ 'ഒരു വരനും മൂന്ന് വധുക്കളും' എന്ന പേരിൽ പ്രചരിച്ച വാർത്ത പൂർണമായും കെട്ടിച്ചമച്ചതാണെന്ന് സിഡബ്ല്യുസി ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.

ENGLISH SUMMARY:

A viral video claiming that three Instagram creator sisters married their cameraman in a joint ceremony sparked widespread controversy online. Following public concern and rumors that one of the girls was a minor, the Child Welfare Committee (CWC) in Amroha, Uttar Pradesh, initiated a formal investigation into the matter. During the hearing, the individuals involved confessed before the CWC that the entire marriage video was completely staged as a prank for views and social media fame. The girls formally apologized for creating the misleading content, prompting authorities to confirm that the viral marriage claims were entirely fabricated.