അന്തരിച്ച സമാജ്‌വാദി പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിങ് യാദവിന്റെ മകനും അഖിലേഷ് യാദവിന്റെ അര്‍ധസഹോദരനുമായ പ്രതീക് യാദവ്(38) അന്തരിച്ചു. ശ്വസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ബിജെപി നേതാവ് അപര്‍ണ യാദവാണ് ഭാര്യ.

ഇന്നു രാവിലെ ആറുമണിയോടെയാണ് ശാരീരിക അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് പ്രതീകിനെ ലഖ്നൗ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തും മുന്‍പേ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ആഴ്ചകള്‍ക്ക് മുന്‍പും രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് പ്രതീകിനെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് അഖിലേഷ് യാദവ് ഉള്‍പ്പടെ പ്രതീകിനെ സന്ദര്‍ശിച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷം ആരോഗ്യാവസ്ഥ അല്‍പം മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. 

തുടര്‍ന്ന് ഇന്ന് വീണ്ടും ആരോഗ്യാവസ്ഥ വഷളാവുകയായിരുന്നു. ചലനമില്ലാതെ കിടന്ന പ്രതീകിനെ ഇന്നു രാവിലെയാണ് കുടുംബാംഗങ്ങള്‍ ആശുപത്രിയിലെത്തിച്ചത്. പ്രതീകിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കിടെയിലാണ് ജനിച്ചതെങ്കിലും രാഷ്ട്രീയത്തില്‍ നിന്നും പൂര്‍ണമായും അകന്നാണ് പ്രതീക് വളര്‍ന്നത്. 

യുകെയില്‍ പഠനം പൂര്‍ത്തിയാക്കിയ പ്രതീക് റിയല്‍ എസ്റ്റേറ്റ് ബിസിനസ് രംഗത്തും ഫിറ്റ്നസ് രംഗത്തുമാണ് ശ്രദ്ധ പുലര്‍ത്തിയിരുന്നത്. ‘ഫിറ്റ്നസ് പ്ലാനറ്റ്’എന്ന പേരില്‍ ലഖ്നൗവില്‍ ഒരു ജിം നടത്തുന്നുണ്ട്. ‘ജീവ് ആശ്രയ്’ എന്നു പേരുള്ള സംഘടനയിലൂടെ മൃഗക്ഷേമ രംഗത്തും തെരുവുനായ സംരക്ഷണ സംഘടനയിലും  പ്രതീക് സജീവമായിരുന്നു. ബിജെപി നേതാവ് കൂടിയായ ഭാര്യ അപര്‍ണ യാദവ് നിലവില്‍ ഉത്തര്‍പ്രദേശ് വനിതാ കമ്മീഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ കൂടിയാണ്. 

Prateek Yadav, Akhilesh Yadav's Half-Brother, Passes Away:

Prateek Yadav has passed away due to respiratory illness. He was the son of Samajwadi Party founder Mulayam Singh Yadav and the half-brother of Akhilesh Yadav.