ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണത്തെത്തുടര്‍ന്ന് മേയ് മൂന്നിന് നടത്തിയ നീറ്റ് യുജി പരീക്ഷ റദ്ദാക്കി. പുതിയ തിയതി ഉടന്‍ പ്രഖ്യാപിക്കും . ചോദ്യപേപ്പര്‍ ചോര്‍ച്ച സിബിഐ അന്വേഷിക്കാനും തീരുമാനമായി. സംഭവത്തില്‍ 45 പേര്‍ രാജസ്ഥാന്‍ പൊലീസിന്റെ പിടിയിലായി. പരീക്ഷയ്ക്ക് 42 മണിക്കൂര്‍ മുന്‍പ് ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തി. വാട്സാപ്പില്‍ ചോദ്യപേപ്പര്‍ പ്രചരിച്ചെന്നും ഉത്തരാഖണ്ഡിലെ വിദ്യാര്‍ഥികള്‍ക്കു ലഭിച്ചെന്ന് അന്വേഷണത്തില്‍ തെളിച്ചു. 22 ലക്ഷം വിദ്യാര്‍ഥികളാണ് രാജ്യത്ത് പരീക്ഷ എഴുതിയത്.
കേന്ദ്ര ഏജൻസികളുമായി ചേർന്ന് പരിശോധിച്ച വിവരങ്ങളും നിയമനടപടി ഏജൻസികൾ പങ്കുവെച്ച അന്വേഷണ കണ്ടെത്തലുകളും അടിസ്ഥാനമാക്കിയാണു കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ ഈ തീരുമാനം എടുത്തത്. പരീക്ഷയുടെ നീതിയുക്തവും സുരക്ഷിതവും വിശ്വാസ്യതയുള്ളതുമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനായി വിഷയം കേന്ദ്ര ഏജൻസികൾക്ക് സ്വതന്ത്ര പരിശോധനയ്ക്കും ആവശ്യമായ നടപടികൾക്കുമായി കൈമാറിയെന്ന് എൻടിഎ വിശദീകരിച്ചു. പുതുക്കിയ പരീക്ഷ തീയതിയും പുതിയ അഡ്മിറ്റ് കാർഡുകളുടെ ഷെഡ്യൂളും ഉടൻ അറിയിക്കും
പരീക്ഷ വീണ്ടും നടത്തേണ്ടി വരുന്നത് വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഏജൻസി സമ്മതിച്ചെങ്കിലും ദേശീയ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയും സുതാര്യതയും സംരക്ഷിക്കാൻ ഈ തീരുമാനം അനിവാര്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. പരീക്ഷയ്ക്കായി വിദ്യാർത്ഥികൾ നൽകിയ രജിസ്ട്രേഷൻ വിവരങ്ങളും പരീക്ഷാകേന്ദ്രങ്ങളുടെ തിരഞ്ഞെടുപ്പും വീണ്ടും നടക്കുന്ന പരീക്ഷയ്ക്കും ബാധകമായിരിക്കുമെന്ന് എൻടിഎ അറിയിച്ചു. പുതുതായി രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും അധിക പരീക്ഷാഫീസ് ഈടാക്കില്ലെന്നും ഏജൻസി വ്യക്തമാക്കി. ഇതിനകം അടച്ച ഫീസ് തിരികെ നൽകുമെന്നും പുനഃപരീക്ഷ എൻടിഎയുടെ ആഭ്യന്തര സംവിധാനങ്ങൾ ഉപയോഗിച്ചായിരിക്കും നടത്തുകയെന്നും അറിയിച്ചു.
പുതുക്കിയ പരീക്ഷ തീയതി, അഡ്മിറ്റ് കാർഡുകൾ തുടങ്ങിയ വിവരങ്ങൾ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങൾ അവഗണിക്കണമെന്നും വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും എൻടിഎ അഭ്യർഥിച്ചു.