ബംഗാൾ പാഠം ഇടതുപക്ഷത്തിനു മാത്രമാണോ എന്ന ചോദ്യം ഉന്നയിച്ച്, തന്‍റെ തന്നെ ലോക്സഭയിലുണ്ടായ മുന്‍ അനുഭവം പങ്കുവെച്ച് മുന്‍മന്ത്രി എംബി രാജേഷ്. ഇപ്പോള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയെപ്പറ്റിയാണ് എംബി രാജേഷിന്‍റെ ദീര്‍ഘമായ ഫെയ്സ്ബുക്ക് കുറിപ്പ്.
'2009ൽ ആദ്യമായി പാർലമെൻറ് അംഗമായി സത്യപ്രതിജ്ഞ ചെയ്തതിന്റെ പിന്നാലെ തൂവെള്ള കുർത്തയും പൈജാമയുമണിഞ്ഞ് ആദ്യമായി ജയിച്ച ഒരു യുവ എംപി എൻറെ പേര് വിളിച്ച് അടുത്തു വന്നു. എൻറെ പേര് എങ്ങനെ അറിയാമെന്ന് അത്ഭുതത്തോടെ ചോദിച്ചപ്പോൾ നന്ദിഗ്രാം കലാപത്തിനു ശേഷമുള്ള ഡിവൈഎഫ്ഐയുടെ ഏഴംഗ വസ്തുതാന്വേഷണ സംഘത്തിൻറെ ഭാഗമായി നന്ദിഗ്രാമിലും കൊൽക്കത്തയിലും വന്നത് മുതൽ നിങ്ങളുടെ പേരറിയാമെന്ന് മറുപടി. ആ സന്ദർശനം അന്ന് ബംഗാളി മാധ്യമങ്ങളിൽ വലിയ വാർത്തയും വിവാദവുമായിരുന്നതാണ്. പിന്നീട് കാണുമ്പോഴൊക്കെ സിപിഎം വിമർശനവും നന്ദിഗ്രാം കലാപത്തിന്റെ ന്യായീകരണവും അയാൾ ആവർത്തിക്കുമായിരുന്നു.
നന്ദിഗ്രാം കലാപത്തിന്റെ ചരിത്രത്തിലേക്കും കാരണങ്ങളിലേക്കും ഇപ്പോൾ വിശദമായി പോകുന്നില്ല. കെമിക്കൽ ഹബ് സ്ഥാപിക്കാൻ കർഷകരിൽ നിന്ന് ഭൂമി നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാനുള്ള ആലോചനക്കെതിരായിരുന്നു സമരം. ബംഗാളിൽ നിക്ഷേപവും തൊഴിലവസരങ്ങളും സൃഷ്ടിക്കാനും വ്യവസായവൽക്കണം ത്വരിതപ്പെടുത്താനുമുള്ള നയത്തിൻ്റെ ഭാഗമായിരുന്നു അത്. ഭൂമി ഏറ്റെടുക്കലിൻ്റെ വിജ്ഞാപനം പോലും പുറപ്പെടുവിച്ചിരുന്നില്ല. പക്ഷേ ആസൂത്രിത നുണ പ്രചരണത്തിലൂടെ ജനങ്ങളെ ഇളക്കിവിട്ടു. തുടക്കം കുറിച്ചത് മാവോയിസ്റ്റുകൾ ആയിരുന്നു. അവർക്കൊപ്പം ആദ്യം തന്നെ ജമാഅത്ത് ഉലമ ഇ ഹിന്ദും ചേർന്നു.
ആ രഹസ്യ യോഗം
2007 ഫെബ്രുവരി 24 ന് കൊൽക്കത്തയിലെ അമേരിക്കൻ കോൺസൽ ജനറൽ Henry V Jardine ജമാ അത്ത് ഉലമ ഇ ഹിന്ദ് നേതാവ് സിദ്ധിഖുള്ള ചൗധുരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മധ്യ കൊൽക്കത്തയിലെ രവീന്ദ്ര സരണിയിൽ നടന്ന 40 മിനിറ്റ് കൂടിക്കാഴ്ച രഹസ്യമായിരുന്നില്ല. ഇതിനു ശേഷം മാർച്ച് 14 നാണ് നന്ദിഗ്രാം കലാപമുണ്ടായത്. സിദ്ധിഖുള്ള ചൗധരി നന്ദിഗ്രാം കലാപത്തിൻ്റെ പ്രധാന സംഘാടകനും കടുത്ത വർഗീയവാദിയുമായിരുന്നു.
നയതന്ത്ര മര്യാദകൾ കാറ്റിൽ പറത്തി അമേരിക്കൻ കോൺസൽ ജനറൽ നടത്തിയ ഈ കൂടിക്കാഴ്ച ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള കൈകടത്തലാണെന്ന് ആരോപിച്ച് കൂടിക്കാഴ്ച നടക്കുന്ന കെട്ടിടത്തിനു പുറത്ത് സിപിഎം, ആർ ജെ ഡി പ്രവർത്തകർ തത്സമയം പ്രതിഷേധമുയർത്തിയിരുന്നു.
ഇതിനു ശേഷം 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി, നന്ദിഗ്രാം കലാപത്തിൻ്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാ പാർട്ടികളെയും സംഘടനകളെയും പങ്കെടുപ്പിച്ച് അമേരിക്കൻ കോൺസുലേറ്റ് രഹസ്യയോഗം വിളിക്കുകയും മമതാ ബാനർജി അടക്കം അതിൽ പങ്കെടുക്കുകയും ചെയ്തു. ഇടതുമുന്നണിക്കെതിരായ തെരഞ്ഞെടുപ്പ് മഴവിൽ സഖ്യം രൂപീകരിക്കുന്നതിൽ അമേരിക്കൻ കോൺസുലേറ്റ് വലിയ പങ്കു വഹിച്ചു.
നന്ദിഗ്രാം കലാപത്തിനുള്ള പ്രവർത്തനങ്ങളിൽ ചേരാൻ ആർഎസ്എസും ഒട്ടും വൈകിയില്ല. മമത വൈകാതെ അവരുടെ രക്ഷകയായി. മാധ്യമങ്ങളും കഥയറിഞ്ഞവരും അറിയാത്തവരുമായ ബുദ്ധിജീവികളിൽ വലിയൊരു വിഭാഗവും ആ സഖ്യത്തിന്റെ നൂറ് നാവുകളായി. തീവ്ര ഇടതുപക്ഷമായ മാവോയിസ്റ്റുകൾ മുതൽ തീവ്ര വലതുപക്ഷമായ ആർഎസ്എസ്, ജമാഅത്ത് ഉലമ ഇ ഹിന്ദ് വരെ അണിചേർന്ന ആ വിചിത്ര സഖ്യത്തിന് അവർ ഒരു ഓമന പേരിട്ടു. റെയിൻബോ അഥവാ മഴവിൽ മഹാ സഖ്യം.
യുദ്ധഭൂമിയിലേക്കുള്ള യാത്ര
നന്ദിഗ്രാം യുദ്ധഭൂമിയായിരുന്നു. റോഡുകൾ തകർത്തു നിർമ്മിച്ച കൂറ്റൻ കിടങ്ങുകളും വഴിനീളെ മണൽ ചാക്കുകൾ നിറച്ച് മാവോയിസ്റ്റ് സഖ്യം വെടിവെപ്പ് നടത്തിയ ബങ്കറുകളും വെടിയുണ്ട പതിച്ച കെട്ടിടങ്ങളും മരങ്ങളും തകർത്ത പാലങ്ങളും ചാമ്പലാക്കിയ വീടുകളുടെയും വാഹനങ്ങളുടെയും അവശിഷ്ടങ്ങളും ഞങ്ങൾ അന്ന് കാണുകയുണ്ടായി. മുന്നിൽ ബിഎസ്എഫിൻ്റെയും സി ആർ പി എഫിൻ്റെയും മൈൻ ഡിറ്റക്ടറുകൾ സ്ഥാപിച്ച വാഹനങ്ങൾ പാതകളിൽ മൈൻ വിതറിയിട്ടില്ല എന്നുറപ്പാക്കി മാത്രം നിർത്തി നിർത്തിയാണ് ഞങ്ങളുടെ വാഹനത്തെ കടത്തിവിട്ടത്. മൈൻ സ്ഫോടനത്തിലൂടെ അന്നത്തെ മുഖ്യമന്ത്രി ബുദ്ധദേവിനെ കൊല്ലാൻ ശ്രമിച്ചതും അക്കാലത്ത് ആയിരുന്നു. മമത നയിച്ച മഴവിൽ സഖ്യം ഇടതുപക്ഷത്തിനെതിരെ അക്ഷരാർത്ഥത്തിൽ തന്നെ യുദ്ധം അഴിച്ചു വിട്ടു. മാധ്യമങ്ങളും ലിബറൽ ബുദ്ധിജീവികളും ചേർന്ന് ഇടതുവിരുദ്ധ ഹിസ്റ്റീരിയ തന്നെ കെട്ടഴിച്ചുവിട്ടു. ഇടതുപക്ഷത്തിന്റെ എല്ലാ സംഭാവനകൾക്കും നന്മകൾക്കും മുകളിലായി ഒരൊറ്റ വ്യാജ ആഖ്യാനം അടിച്ചേൽപ്പിക്കപ്പെട്ടു. 2011ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജയപ്പെട്ടു. പരാജയപ്പെട്ട ഇടതുപക്ഷത്തെ തകർക്കാൻ മമത അധികാരം മുഴുവൻ ഉപയോഗിച്ചു. തൃണമൂൽ ഗുണ്ടകൾ കൊലയും കൊള്ളയും ബലാൽസംഗവും അഴിച്ചുവിട്ടു. നൂറു കണക്കിന് ഇടതുപക്ഷ പ്രവർത്തകർ രക്തസാക്ഷികളായി.
വീണ്ടും ബംഗാൾ വിഭജനം
ജമാഅത്ത് ഉലമ ഇ ഹിന്ദിനെയും മറ്റു പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളെയും കൂട്ടി മമത അധികാരത്തിനായി ഒരു വോട്ട് ബാങ്ക് സൃഷ്ടിച്ചു. ബിജെപി ഇഛിച്ചതും വർഗീയ വിഷം, മമത കൽപ്പിച്ചതും വർഗീയവിഷം എന്ന നിലയിലേക്ക് കാര്യങ്ങൾ മാറി. ബംഗാളിനെ വർഗീയമായി ഭീകരമായി ധ്രുവീകരിക്കുന്നതിൽ മമതയും ബിജെപിയും ആഹ്ലാദത്തോടെ മത്സരിച്ചു. ഇടതുപക്ഷത്തെ ദുർബലപ്പെടുത്തി കഴിഞ്ഞാൽ നിങ്ങൾക്കുള്ളത് നിങ്ങൾക്കും ഞങ്ങൾക്കുള്ളത് ഞങ്ങൾക്കും എന്നതായിരുന്നു മമതയുടെയും ബിജെപിയുടെയും മട്ട്. ആഘോഷങ്ങളെല്ലാം ആയുധവൽക്കരിച്ചു. അക്രമാസക്തമാക്കി. വാളേന്തിയ രാമനവമി ഘോഷയാത്രകൾ ബംഗാളിനെ വിഷലിപ്തമാക്കി വിഭജിച്ചു. മറുഭാഗത്തും ഇതേ രീതികൾ അവലംബിച്ചു. മൂർഷിദാബാദിൽ ബാബറി മസ്ജിദ് ഉണ്ടാക്കാൻ ഒരു ഹുമയൂൺ കബീർ രംഗത്തു വന്നു. ജനങ്ങളുടെ പ്രശ്നങ്ങളെല്ലാം ചർച്ചകളിൽ നിന്ന് അപ്രത്യക്ഷമായി. എല്ലാം വർഗീയ വിഷയങ്ങളിൽ മാത്രം കേന്ദ്രീകരിച്ചു. പകയും ശത്രുതയും വിദ്വേഷവും മത്സരിച്ചു വളർത്തി. ബംഗാൾ സമൂഹത്തെ ഇരുകൂട്ടരും ചേർന്ന് വർഗ്ഗീയമായി നെടുകെ പിളർന്നു. ഒടുവിൽ ബിജെപി എസ്ഐആർ കൊണ്ടുവന്നു. ലക്ഷങ്ങൾ വോട്ടർ പട്ടികയ്ക്ക് പുറത്തായി. ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ആത്യന്തിക ഗുണഭോക്താവായി കേന്ദ്രഭരണത്തിന്റെ സർവ്വ സന്നാഹങ്ങളോടെ ബിജെപി ബംഗാൾ പിടിച്ചു. ചരിത്രം ഒരു വൃത്തം പൂർത്തിയാക്കിയിരിക്കുന്നു. ബംഗാൾ തൽക്കാലം പൂർണമായും വലത്തോട്ട് എത്തിയിരിക്കുന്നു. ടാഗോറിനെയും അമർത്യ സെന്നിനേയും വിഭൂതിഭൂഷണെയും സത്യജിത് റേയെയും പോലുള്ള ദീപസ്‌തംഭങ്ങളിലൂടെ ഇന്ത്യയുടെ സംസ്കാര വൈവിധ്യത്തിന് വെളിച്ചമേകിയ അതേ ബംഗാൾ. വിഭജനകാലത്ത് കൽക്കത്തയും നവഖലിയും പോലെ ഭീകരമായ വർഗീയ കൂട്ടക്കുരുതികളുടെ പരമ്പരകൾ കണ്ട ബംഗാൾ 1977- 2011 നും ഇടയിലുള്ള 34 വർഷത്തെ ഇടതു ഭരണത്തിൽ ഒരൊറ്റ വർഗീയ കലാപത്തിന് പോലും സാക്ഷ്യം വഹിച്ചില്ല. 2011 വരെ ഇതൊരു നേട്ടമായി പറയുമ്പോൾ നിസ്സാരമായി കണ്ടവർ ധാരാളം ഉണ്ടായിരുന്നു. പിന്നീട് മമതക്കാലത്ത് ബംഗാളിൽ കലാപങ്ങൾ പതിവായി. ഇനിയങ്ങോട്ട് ബംഗാളിൽ എന്താവുമെന്ന് ആർക്കും ഊഹിക്കാവുന്നതാണല്ലോ.
2009ൽ സത്യപ്രതിജ്‌ഞക്കുശേഷം തൂവെള്ള ഖദറിൽ എന്നെ പരിചയപ്പെടാൻ വന്ന മുൻ കോൺഗ്രസുകാരനും അന്നത്തെ തൃണമൂൽ നേതാവുമായ യുവ എംപി കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ കാവി കുർത്തയിലേക്ക് നിറം മാറി മറ്റൊരു സത്യപ്രതിജ്ഞ ചെയ്തു. ബംഗാൾ മുഖ്യമന്ത്രിയായി. ശേഷം ബംഗാളിൽ ലെനിന്റെ പ്രതിമകൾ സംഘപരിവാർ വ്യാപകമായി പിഴുതെറിയാൻ തുടങ്ങി. അക്രമങ്ങൾ അഴിച്ചു വിട്ടു. കഴിഞ്ഞ ദിവസം മമതയുടെ മുറവിളി കേട്ടില്ലേ? ബിജെപിക്കെതിരെ എല്ലാവരും ഒരുമിക്കണമെന്ന്!.
ഒരിക്കൽ ബി.ജെ.പിക്ക് വഴിവെട്ടിയ മമത, "അവസാനം അവർ എന്നെ തേടി വന്നപ്പോൾ എനിക്കുവേണ്ടി സംസാരിക്കാൻ ആരും ബാക്കിയുണ്ടായിരുന്നില്ല "എന്ന ജർമൻ കവി നിയോ മുള്ളറുടെ വരികൾ കേട്ടിട്ടുണ്ടാവില്ല. പക്ഷേ ഇപ്പോൾ അനുഭവിക്കുന്നു.അപ്പോഴും ബംഗാളിൽ ഇടതുപക്ഷം സമരപതാകകളുമായി തെരുവിലുണ്ടെന്ന് ഓർക്കുക. കേരളത്തിൽ വലതു വിജയത്തിൻ്റെ ആനന്ദ ലഹരിയിലും ഇടതു വിരോധത്തിൻറെ അപസ്മാരമൂർഛയിലും സ്വയം മറന്ന് അഭിരമിക്കുന്നവർ പിന്നീട് സാവകാശം കിട്ടുമ്പോൾ ചിന്തിക്കട്ടെ; ബംഗാൾ ഇടതുപക്ഷത്തിന് മാത്രമുള്ള പാഠമാണോ?'.– എംബി രാജേഷ് കുറിച്ചു.