സി.പി.എം. സംസ്ഥാന സമിതി അംഗം പി.ജയരാജന്‍ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി. ദര്‍ശനം നടത്തിയതാണെന്ന ബി.ജെ.പി ആരോപണം തള്ളിയ ജയരാജന്‍  പുസ്തകമെഴുതാന്‍ വിവരശേഖരണത്തിനാണ് സന്ദര്‍ശിച്ചതെന്ന്  ഫെയ്സ്ബുക്കില്‍ കുറിച്ചു. 

ഇന്നലെ വൈകിട്ടായിരുന്നു പി.ജയരാജന്‍ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ക്ഷേത്രത്തില്‍ എത്തിയത്. ക്ഷേത്ര പരിസരത്ത് പി.ജയരാജനെ കണ്ടതോടെ ആളുകള്‍ മൊബൈല്‍ ഫോണില്‍ വീഡിയോ ചിത്രീകരിച്ചിരുന്നു. ദര്‍ശനത്തിന് എത്തിയത് പുറംലോകമറിഞ്ഞപ്പോള്‍ സന്ദര്‍ശനമാക്കിയതാണെന്ന് ബി.ജെ.പി. ആരോപിച്ചു. അതേസമയം, കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ പോയതുക്കൊണ്ട് ഭക്തനായി മാറിയിട്ടില്ലെന്ന് ജയരാജന്‍ വ്യക്തമാക്കി. 

സാമൂഹിക ചരിത്രമെഴുതുമ്പോള്‍ ആരാധനാലയങ്ങളെക്കുറിച്ച് എഴുതണം. ഒട്ടേറെ ക്രൈസ്തവ ദേവാലയങ്ങളും സന്ദര്‍ശിച്ചു. 

ഇതൊരു ഭക്തിപ്രകടനമല്ലെന്ന് ഫെയ്സ്ബുക്കില്‍ കുറിച്ചു. ആരാധനാലയങ്ങളേയും ഭക്തിയേയും ആര്‍.എസ്.എസ്. ദുരുപയോഗം ചെയ്യുകയാണെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. ക്ഷേത്ര സന്ദര്‍ശനത്തിന്‍റെ ദൃശ്യങ്ങള്‍ ബി.ജെ.പി. പ്രാദേശിക നേതാക്കളാണ് പുറത്തുവിട്ടത്. ഭഗവതിയുടെ സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കുന്ന തവിട് മുത്തിയുടെ ഭസ്മവും വാങ്ങിയാണ് ജയരാജന്‍ മടങ്ങിയതെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി. സനാതനികളുടെ ഹിന്ദുത്വ വഴികള്‍ എന്ന പേരിലാണ് പുതിയ പുസ്തകം ജയരാജന്‍ എഴുതുന്നത്. 

ENGLISH SUMMARY:

P. Jayarajan visited the Kodungallur Sree Kurumba Temple for research for his upcoming book. He clarified on Facebook that the visit was not for worship but for gathering information for his writings on religious sites and social history.