പ്രതിപക്ഷ ഉപനേതാവെന്ന ആവശ്യം സിപിഐ മുന്നണിയിലുന്നയിക്കാതെ പരസ്യമായി ഉന്നയിച്ചതില്‍ സിപിഎമ്മിന് കടുത്ത അതൃപ്തി. പ്രതിപക്ഷ ഉപനേതാവിനെ തീരുമാനിച്ചിട്ടില്ലെന്നും പരസ്യമായി പറഞ്ഞതിനെപ്പറ്റി സിപിഐയോട് ചോദിക്കണമെന്നും മുന്നണി കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. അതേ സമയം തോല്‍വി പരിശോധിക്കുന്നതിനും പ്രതിപക്ഷനേതാവിനെ നിശ്ചയിക്കുന്നതിനുമുള്ള സിപിഎം നേതൃയോഗം തിരുവനന്തപുരത്ത് തുടങ്ങി. പ്രതിപക്ഷഉപനേതാവ് എന്നൊരു പദവി ഭരണഘടനാപരമായി ഇല്ലെന്നു സിപിഎം സിപിഐയെ അറിയിച്ച ശേഷമായിരുന്നു പദവി വേണമെന്ന് ആവശ്യം സിപിഐ സംസ്ഥാന സെക്രട്ടറി ഡല്‍ഹിയില്‍ പരസ്യമായി ഉന്നയിച്ചത് . ഇതില്‍ കടുത്ത അതൃപ്തിയിലാണ് സിപിഎം സംസ്ഥാന നേതൃത്വവും പിണറായി വിജയനും. ഒരു തിരഞ്ഞെടുപ്പ് തോല്‍വിയുടെ ആഘാതത്തില്‍ മുന്നണി നില്‍ക്കുമ്പോള്‍ അതിനെ കൂടുതല്‍ വഷളാക്കാനേ സിപിഐ സമീപനം ഇടയാക്കൂ എന്നാണ് ഘടകക്ഷികളും കരുതുന്നത് . കെ രാജനെ പ്രതിപക്ഷ ഉപനേതാവാക്കാനാണ സിപിഐ ആലോചനയെങ്കിലും സിപിഎം പദവി നല്‍കാനുള്ള സാധ്യതയില്ല
അതൃപ്തി പരസ്യമാക്കുന്നതാണ് മുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍റെ പ്രതികരണം പ്രതിപക്ഷ നേതാവിനെ പോലും നിശ്ചയിക്കുന്നതിന് മുന്‍പാണ് പ്രതിപക്ഷ ഉപനേതാവ് എന്ന ആവശ്യമവുമായി സിപിഐ എത്തിയത്. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ നേതൃപദവിയിലേക്ക് എത്തുമോ എന്നതില്‍ പിണറായി വിജയന്‍ മനസ് തുറന്നേക്കും. അല്ലെങ്കില്‍ നാളെയും മറ്റന്നാളും ചേരുന്ന സംസ്ഥാന സമതിക്ക് ശേഷമായിരിക്കും തീരുമാനം വരിക. സംസ്ഥാന സമിതിയില്‍ വലിയ കടന്നാക്രമണം ഉണ്ടായാല്‍ നേതൃസ്ഥാനം ഏറ്റെടുക്കുന്നതില്‍ നിന്നും പിണറായി പിന്‍മാറാനുള്ള സാധ്യതയും തള്ളികളയാനാവില്ല. അങ്ങനെ വന്നാല്‍ കെ എന്‍ ബാലഗോപാലാവും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുക.