പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ധന പ്രതിസന്ധി ഉണ്ടാകുമെന്ന ആശങ്കകൾ തള്ളിക്കളഞ്ഞ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. രാജ്യത്ത് ആവശ്യത്തിന് ഇന്ധന ശേഖരമുണ്ടെന്നും വിതരണ ശൃംഖലയിൽ തടസ്സമുണ്ടാകാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പശ്ചിമേഷ്യൻ സാഹചര്യങ്ങൾ വിലയിരുത്താൻ ചേർന്ന മന്ത്രിതല സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസംസ്‌കൃത എണ്ണ 60 ദിവസത്തേക്കുള്ള കരുതൽ ശേഖരം ലഭ്യമാണ്. പ്രകൃതിവാതകവും 60 ദിവസത്തേക്കുള്ള സ്റ്റോക്കുണ്ട്. എല്‍.പി.ജി 45 ദിവസത്തേക്കുള്ള 'റോളിങ് സ്റ്റോക്ക്' ഉറപ്പുവരുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യം രാജ്യത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ധന ഉപയോഗത്തിൽ നിയന്ത്രണം വരുത്തണമെന്നും ജനങ്ങൾ സ്വയം നിയന്ത്രിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ രാജ്യത്ത് ഇന്ധന റേഷനിങ് ഏർപ്പെടുത്തുമോ എന്ന ആശങ്ക പരന്നിരുന്നു. ഇതിനും രാജ്‌നാഥ് സിങ് വ്യക്തമായ മറുപടി നൽകി.

പ്രധാനമന്ത്രിയുടെ അഭ്യർത്ഥന ഇന്ധനക്ഷാമം കൊണ്ടല്ല, മറിച്ച് രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയും സ്വാശ്രയത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ്. ആഗോളതലത്തിൽ, പ്രത്യേകിച്ച് പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന ദുഷ്കരമായ സാഹചര്യം പരിഗണിക്കുമ്പോൾ ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളെ ഓർമ്മിപ്പിക്കുക എന്ന വിശാലമായ സന്ദേശമാണ് പ്രധാനമന്ത്രി നൽകിയതെന്ന് മന്ത്രി വിശദീകരിച്ചു.

യുദ്ധസാഹചര്യങ്ങൾ കാരണം വിതരണ ശൃംഖലയിൽ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന് സർക്കാർ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള പ്രതിസന്ധികൾ രാജ്യത്തെ ബാധിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ ഊർജ്ജ മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും സംയുക്തമായി ഏകോപിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ഉറപ്പുനൽകി.

ENGLISH SUMMARY:

India fuel crisis concerns are allayed by Defense Minister Rajnath Singh, who stated that the country has sufficient fuel reserves and has taken all precautions to prevent disruptions in the supply chain. He emphasized that there is no need for public panic given the current situation.