സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത . ഇന്നോ നാളെയോ കാലവർഷം കേരളത്തിലെത്തിച്ചേരും . നാലുജില്ലകളിൽ ഓറഞ്ച് അലർട്ടും 10 ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു . ആലപ്പുഴ കോട്ടയം എറണാകുളം തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.

 

അതി ശക്തമായ മഴക്കൊപ്പം കാറ്റും ഇടിമിന്നലുമുണ്ടാകാൻ സാധ്യതയുണ്ട് . ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരുന്ന ഒരാഴ്ചകൂടി സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയുണ്ട്

 

30 ശതമാനം മലയോരവും അപകടാവസ്ഥയില്‍

 

കാലവര്‍ഷം അഥവാ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളതീരത്ത് ഉടനെത്തും എന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. കേരളത്തില്‍ ശക്തമായ മഴയായിരിക്കും ഏതാനും ദിവസം എന്നാണ് പ്രവചനം. സംസ്ഥാനത്തെമ്പാടും പരക്കെ മഴ കിട്ടും. ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ട്. മഴക്കൊപ്പം മണിക്കൂറില്‍ 50 കിലോ മീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുണ്ട്. ഇടിമിന്നല്‍ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കടല്‍പ്രക്ഷുബ്ധമാണ്. കടലില്‍പോകുന്നവര്‍ ശ്രദ്ധിക്കണമെന്നാണ് നിര്‍ദേശം. മഴക്കാലം ഇഷ്ടപ്പെടുന്നവര്‍പോലും ഇപ്പോള്‍ കാലവര്‍ഷത്തെ ഭയക്കുകയാണ്. 2018 മുതല്‍ കേരളം അനുഭവിക്കുന്നത് നാലുമാസം നീളുന്ന പേടിപ്പെടുത്തുന്ന മഴക്കാലങ്ങളാണ്.

 

വെള്ളം പൊങ്ങും നാടു മുങ്ങും

 

കേരളത്തില്‍ മഴക്കാലത്ത് ഏറ്റവും വലിയ ഭീഷണി വെള്ളക്കെട്ടും വെള്ളപ്പൊക്കവുമാണ്. നല്ലൊരു മഴപെയ്താല്‍ നഗരങ്ങള്‍ പലതും വെള്ളത്തിനടിയിലാകുന്ന സ്ഥിതിയാണ്. കൊച്ചി, തിരുവനന്തപുരം പോലുള്ള വലിയ നഗരപ്രദേശങ്ങളില്‍ വെള്ളക്കെട്ട് വന്‍ഭീഷണിയാണ് ഉയര്‍ത്തുന്നത്. ചെറിയ കാലയളവില്‍ ശക്തമായ മഴ പെയ്യുന്നത് വെള്ളക്കെട്ടിന് വഴിവെക്കും. അതോടൊപ്പം വെള്ളത്തിന്‍റെ സ്വാഭാവിക ഒഴുക്ക് തടയുന്ന മാലിന്യ കൂമ്പാരങ്ങള്‍, അശാസ്ത്രീയ നിര്‍മിതികള്‍ എന്നിവയും കൂടി ചേരുമ്പോള്‍ ഓടകളും കനാലുകളും നിറഞ്ഞു കവിയും.

 

ജന ജീവിതത്തെ ആകെ താളം തെറ്റിക്കുന്ന സ്ഥിതിവരാന്‍ ഒരു മണിക്കൂറില്‍ താഴെ പെയ്യുന്ന ശക്തമായ മഴ മതിയെന്ന അവസ്ഥയിലാണ് കേരളത്തിലെ നഗര പ്രദേശങ്ങള്‍. തദ്ദേശ സ്ഥാപനങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കാലതാമസം വരുത്തുന്നതാണ് പ്രധാന കാരണം. പക്ഷെ മാലിന്യം പൊതു ഇടങ്ങളിലേക്കും ജലാശയങ്ങളിലേക്കും വലിച്ചെറിയുന്നതും ചതുപ്പുകളും തോടുകളും നികത്തിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ് പ്രശ്നത്തിന്‍റെ അടിസ്ഥാനം.

 

ഡാമുകളിലേക്കുള്ള നീരൊഴുക്ക് നിരന്തരം നിരീക്ഷിക്കുക, സംഭരണശേഷി തികയും വരെ കാത്തു നില്‍ക്കാതെ നിരന്തരമായി വെള്ളം തുറന്നുവിടുക ഇവയാണ് 2018 ബാക്കിവെച്ച പാഠങ്ങള്‍. ജലവിഭവവകുപ്പും വൈദ്യുതി വകുപ്പും ഇക്കാര്യങ്ങള്‍ ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

മലയാകെ ഇടിഞ്ഞു വന്നാല്‍

 

മണ്ണിടിച്ചില്‍ ഭീഷണി മലയോര മേഖലയുടെ പ്രശ്നമാണ്. 20 ഡിഗ്രിക്ക് മുകളില്‍ ചരിവുള്ള പ്രദേശങ്ങളെല്ലാം ഈ ഭീഷണി നേരിടുന്നുണ്ട്. ചരിവുകൂടും തോറും മണ്ണിടിച്ചില്‍ സാധ്യതയും ഏറും. അശാസ്ത്രീയമായ ഭൂവിനിയോഗം കൂടിച്ചേര്‍ന്നാല്‍ മണ്ണിടിച്ചില്‍ സാധ്യത ഏറും. കനത്ത മഴയുള്ളപ്പോഴെല്ലാം കേരളത്തിലെ 30 ശതമാനം മലയോര പ്രദേശങ്ങളെങ്കിലും അപകടാവസ്ഥയിലാണ്.

 

Also Read: മഴ വരുന്നു...; 30 ശതമാനം മലയോരവും അപകടാവസ്ഥയില്‍


പുത്തുമല, കവളപ്പാറ, മുണ്ടകൈ–ചൂരല്‍മല, അതിനും മുന്‍പ് അമ്പൂരി ഇതെല്ലാം ദുഖകരമായ ഓര്‍മകളാണ്. തെറ്റായ ഭൂവിനിയോഗം മാറ്റുക, ക്വാറി പ്രവര്‍ത്തനം നിയന്ത്രിക്കുക, അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുക എന്നിവ പ്രധാനമാണ്. കനത്ത മഴയുള്ളപ്പോള്‍ ചെങ്കുത്തായ ചെരുവുകളിലെ താമസക്കാരെ ഒഴിപ്പിക്കുകയാണ് അടിയന്തര നടപടി. അപകടസാധ്യത ഏറെയുള്ള പ്രദേശങ്ങളില്‍ കഴിയുന്നതും വീടുകളും സ്ഥാപനങ്ങളും വേണ്ട എന്ന തീരുമാനമെടുക്കേണ്ടിയും വരും.

 

കടല്‍ കവരും കര

 

മഴക്കാലത്ത് വലിയതിരമാലകളും ശക്തമായ ഒഴുക്കും ചേര്‍ന്ന് തീരപ്രദേശത്താകെ അരക്ഷിതാവസ്ഥ വന്നുചേരും. കടലേറ്റം കരയിടിയുന്നതിന് വഴിവെക്കും. തീരശോഷണം തീരദേശ ജില്ലകളിലാകെ ഉണ്ടെങ്കിലും തിരുവനന്തപുരം, കൊല്ലം തീരങ്ങളിലാണ് സ്ഥിതി രൂക്ഷം. തീരസംരക്ഷണം ശാസ്ത്രീയവും പരിസ്ഥിതി സൗഹൃദവുമാക്കുകയല്ലാതെ കടല്‍ഭിത്തികൊണ്ടും കടലില്‍ പാറക്കല്ലിട്ടതുകൊണ്ടും പ്രയോജനമില്ലെന്ന് തെളിയുക്കുകയാണ് ഓരോ മഴക്കാലവും. തീരം വെപ്പിക്കല്‍, തീരസംരക്ഷണം എന്നിവയാണ് പ്രധാനം. ഒപ്പം കടലിനോട് ഏറ്റവും അടുത്തുതാമസിക്കുന്നവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് പുനരധിവസിപ്പിക്കേണ്ടിയും വരും.

 

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മഴക്കാലം ജല സമൃദ്ധിക്കും കൃഷിക്കും അത്യന്താപേക്ഷിതമാണ്. പക്ഷെ കാലാവസ്ഥാ വ്യതിയാനം കൊണ്ടുവന്ന പ്രശ്നങ്ങള്‍ കേരളം ഏറ്റവും കൂടുതല്‍ അനുഭവിച്ചറിയുന്ന കാലം കൂടിയാകുകയാണ് മണ്‍സൂണ്‍.

ENGLISH SUMMARY:

Kerala is bracing for heavy rainfall today as the monsoon is expected to arrive either today or tomorrow. With orange alerts issued for four districts and yellow alerts for ten, residents are advised to exercise caution due to the possibility of strong winds, lightning, and thunderstorms.