പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി ഇടതുമുന്നണിയിൽ ഭിന്നത രൂക്ഷമായിരിക്കെ സി.പി.എം-സി.പി.ഐ നേതൃത്വങ്ങൾ ഇന്ന് ഉഭയകക്ഷി ചർച്ച നടത്തും. പദവിയിൽ തീരുമാനമാകുന്നതുവരെ എൽ.ഡി.എഫിന്റെ പാർലമെന്ററി പാർട്ടി യോഗം വിളിക്കരുതെന്ന സി.പി.ഐയുടെ കത്തിനെ തുടർന്നാണ് ഉഭയകക്ഷി ചർച്ചയ്ക്ക് വഴി തെളിയുന്നത്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലാകും ഇന്ന് ചർച്ച നടക്കുക. നാളെ ചേരുന്ന സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയുടെ തീരുമാനം ബിനോയി വിശ്വം അറിയിക്കും. പ്രതിപക്ഷ ഉപനേതൃപദവി നൽകാനാവില്ലെന്ന നിലപാടിലാണ് സി.പി.എം ഉറച്ചുനിൽക്കുന്നത്. ഇടതുമുന്നണി പ്രതിപക്ഷത്തിരുന്ന കാലത്തെല്ലാം ഉപനേതാവ് പദവി വഹിച്ചിരുന്നത് സി.പി.എം തന്നെയാണെന്നുള്ള കീഴ്‌വഴക്കം ചൂണ്ടിക്കാട്ടിയാണ് സി.പി.എം നിലപാട് കടുപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷ ഉപനേതാവ് പദവി നൽകുന്നില്ലെങ്കിൽ മറ്റേതെങ്കിലും പദവികൾ സി.പി.ഐ ചോദിക്കുമോ എന്ന് വ്യക്തമല്ല.
വിഎസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരിക്കെ കോടിയേരി ബാലകൃഷ്ണൻ വഹിച്ച പ്രതിപക്ഷ ഉപനേതാവ് പദവി ഇത്തവണ സിപിഐക്ക് വേണമെന്നാണ് അവരുടെ ആവശ്യം. ഇക്കാര്യം തള്ളിയ സിപിഎം പ്രതിപക്ഷ നേതാവ് എന്ന ഭരണഘടനാപരമായി ഒരു പദവി ഇല്ലെന്നും നിയമസഭയിൽ കക്ഷി നേതാക്കൾ മാത്രമേ ഉള്ളൂവെന്നും സിപിഐയെ അറിയിച്ചു. സിപിഎമ്മിന് 26, സിപിഐക്ക് 8 ആർജെഡി ഒന്ന് അങ്ങനെ ആകെ 35 എംഎൽഎമാരാണ് ഇടതുപക്ഷത്തുള്ളത്.