AI Generated Image
ഇത്തവണത്തെ മഹാരാഷ്ട്ര എസ്.എസ്.സി പരീക്ഷയില്‍ ഒന്നാം ഭാഷയായ മറാത്തിയില്‍ 80,000ത്തിലധികം കുട്ടികള്‍ പരാജയപ്പെട്ട സംഭവത്തില്‍ ആശങ്കയോടെ വിദ്യാഭ്യാസ വകുപ്പ്. 10,98623 വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ 10,06,896 പേരാണ് വിജയിച്ചത്. 80,803 പേർ പരാജയപ്പെട്ടു.
പ്രാദേശിക ഭാഷയില്‍ ഇത്രയും പേര്‍ പരാജയപ്പെട്ടത് വലിയ ആശങ്കയോടെയാണ് അധ്യാപകരും വിദ്യാഭ്യാസ വിദഗ്ധരും വകുപ്പും നോക്കിക്കാണുന്നത്. ഇംഗ്ലിഷ് മീഡിയം വിദ്യാഭ്യാസത്തോട് താല്‍പര്യം വര്‍ധിക്കുന്നതും വായനാശീലം കുറയുന്നതും ദൈനംദിന ജീവിതത്തില്‍ പോലും മറാത്തിയുടെ ഉപയോഗം കുറയുന്നതുമാണ് ഈ കൂട്ടത്തോല്‍വിക്ക് കാരണമായി പൊതുവേ വിലയിരുത്തപ്പെടുന്നത്. ക്ലാസിക്കല്‍ ഭാഷാ പദവി കൂടി ലഭിച്ച മറാത്തിയില്‍ ഇത്രയും വലിയ തോല്‍വി സംഭവിച്ചത് സംസ്ഥാനത്ത് വലിയ ചര്‍ച്ചയ്ക്കാണ് സാഹചര്യമൊരുക്കിയത്.
അതേസമയം തന്നെ മറാത്തി രണ്ടാമത്തേയും മൂന്നാമത്തേയും ഭാഷയായി തിരഞ്ഞെടുത്തവരിലും സമാനമാണ് അവസ്ഥ. 4,13,917 പേരാണ് മറാത്തി രണ്ടാമത്തേയും മൂന്നാമത്തേയും ഭാഷയായി പഠിക്കുന്നത്, ഇവരില്‍ 13,741 പേര്‍ പരാജയപ്പെട്ടു. ഇതുകൂടി നോക്കുമ്പോള്‍ ആകെ 94,544 േപര്‍ മറാത്തിയില്‍ തോല്‍വിയേറ്റുവാങ്ങിയെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എട്ട് ശതമാനം വിദ്യാര്‍ഥികളാണ് മഹാരാഷ്ട്രയിലെ ഔദ്യോഗിക ഭാഷയായ മറാത്തിയില്‍ പരാജയപ്പെട്ടത്. ഇതൊരു വ്യക്തിപരമായ പ്രശ്നമായി കാണാന്‍ സാധിക്കില്ലെന്നും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇടയില്‍ ഭാഷാ സംസ്കാരത്തില്‍ മാറ്റമുണ്ടാവേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ കൂട്ടത്തോല്‍വി വഴിവക്കുന്നതെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.