മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ ഫുട്ബോൾ പരിശീലകനെതിരെ കേസ്. വസായിയിലെ ഫുട്ബോൾ അക്കാദമിയിൽ പരിശീലകനായിരുന്ന അഭിജിത് മെൻഡൽ (36) ആണ് പിടിയിലായത്. 2023-ൽ അക്കാദമിയിൽ ചേർന്ന 17 വയസുകാരിയാണ് പരിശീലകനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
ഫുട്ബോൾ രംഗത്ത് മികച്ച അവസരങ്ങൾ വാഗ്ദാനം ചെയ്ത് പെൺകുട്ടിയുടെ വിശ്വാസം നേടിയെടുത്ത ശേഷമാണ് ഇയാൾ പീഡനം ആരംഭിച്ചതെന്ന് പൊലീസ് പറയുന്നു. മൂന്ന് വർഷമായി ഇയാൾ പെൺകുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന്‍റെ ദൃശ്യങ്ങളും പകര്‍ത്തി. പീഡനം സഹിക്കവയ്യാതെ പെൺകുട്ടി ഇയാളില്‍ നിന്ന് അകലം പാലിക്കാൻ ശ്രമിച്ചപ്പോൾ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
പ്രതിയുടെ തുടർച്ചയായ മാനസിക പീഡനം മൂലം പെൺകുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. കേസില്‍ മണിക്പൂർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ബലാല്‍സംഗം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, പോക്സോ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ നിലവില്‍ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.