Image Credit : Twitter
തണ്ണിമത്തന്‍ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവത്തില്‍ ഫൊറന്‍സിക് പരിശോധന ഫലം പുറത്ത്. തണ്ണിമത്തനിലൂടെ ഉണ്ടായ ഭക്ഷ്യവിഷബാധയല്ല മരണകാരണമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പരിശോധനയില്‍ നാലുപേരുടെയും ആന്തരികാവയവങ്ങളില്‍ സിങ്ക് ഫോസ്ഫേറ്റിന്‍റെ സാന്നിധ്യം കണ്ടെത്തി. മരിച്ച നാലുപേരുടെയും ശരീരത്തിനകത്തെത്തിയത് എലിവിഷമാണെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
തണ്ണിമത്തനാണ് നാലുപേരുടെയും മരണകാരണമെന്നാണ് പൊലീസ് ആദ്യം കരുതിയിരുന്നതെങ്കിലും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയ അസ്വാഭാവികതയാണ് കേസിലെ പ്രധാന വഴിത്തിരിവായി മാറിയത്. മരിച്ച നാലുപേരുടെയും ആന്തരികാവയവങ്ങള്‍ പച്ചനിറത്തിലേക്ക് മാറിയത് ശരീരത്തില്‍ രാസവസ്തുക്കളെത്തിയിട്ടുണ്ട് എന്ന സൂചന നല്‍കി. തുടര്‍ന്ന് തലച്ചോര്‍, ഹൃദയം, കുടല്‍ എന്നിവങ്ങനെയുളള അവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചപ്പോഴാണ് ശരീരത്തില്‍ സിങ്ക് ഫോസ്ഫേറ്റിന്‍റെ സാന്നിധ്യം കണ്ടെത്തിയത്.
സാധാരണയായി സിങ്ക് ഫോസ്ഫേറ്റ് ഏറ്റവുമധികം കാണപ്പെടുന്നത് എലിവിഷത്തിലും മറ്റുമാണ്. ഫൊറന്‍സിക് പരിശോധനയില്‍ ശരീരത്തിലെത്തിയത് എലിവിഷമാണെന്ന് വ്യക്തമായതോടെ നാലുപേരുടെയും മരണത്തില്‍ ദുരൂഹതയേറി. ആത്മഹത്യയാണോ അതോ അവരറിയാതെ എലിവിഷം ശരീരത്തില്‍ മറ്റേതെങ്കിലും വിധേനെ എത്തിയതാണോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. നാലുപേരും കിടക്കും മുന്‍പ് അവസാനമായി കഴിച്ചത് തണ്ണിമത്തനായതിനാല്‍ അതുവഴിയാണോ എലിവിഷം ശരീരത്തിലെത്തിയതെന്ന സംശയവും ബാക്കിയാണ്.
40കാരനായ അബ്ദുല്ല ദോക്കാദിയ ഭാര്യ നസ്രീന്‍ ദോക്കാദിയ (35) മക്കളായ ഐഷ (16) സൈനബ് (13) എന്നിവരാണ് മരിച്ചത്. സംഭവദിവസം രാത്രി അബ്ദുല്ലയുടെ കുടുംബവും അടുത്ത ബന്ധുക്കള്‍ക്കായി ഒരു വിരുന്ന് സംഘടിപ്പിരുന്നു. മട്ടന്‍ പുലാവാണ് ഇവര്‍ അതിഥികള്‍ക്കായി ഒരുക്കിയത്. അബ്ദുല്ലയുടെ കുടുംബമടക്കം 9 പേരാണ് വീട്ടില്‍തന്നെ ഒരുക്കിയ അത്താഴവിരുന്നില്‍ പങ്കെടുത്തത്. ഭക്ഷണം കഴിച്ചശേഷം അതിഥികള്‍ രാത്രിയോടെ മടങ്ങുകയും ചെയ്തു. എന്നാല്‍ കിടക്കും മുന്‍പ് വീട്ടിലുണ്ടായിരുന്ന തണ്ണിമത്തന്‍ മുറിച്ച് അബ്ദുല്ലയും കുടുംബവും കഴിച്ചു. പുലര്‍ച്ചെ 5.30യോടെ നാലുപേര്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു തുടങ്ങി.
ആദ്യം കുടുംബ ഡോക്ടറെ സമീപിച്ചെങ്കിലും നില വഷളായതോടെ നാലുപേരെയും മുംബൈയിലെ ജെ.ജെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികില്‍സയിലിരിക്കെ മൂത്ത മകളും ഭാര്യയും ആദ്യം മരിച്ചു. പിന്നാലെ രണ്ടാമത്തെ മകളും അബ്ദുല്ലയും മരണത്തിന് കീഴടങ്ങി. മരിക്കുന്നതിന് മുന്‍പ് അബ്ദുല്ല പൊലീസിന് നല്‍കിയ മൊഴിയില്‍ തണ്ണിമത്തന്‍ കഴിച്ച കാര്യമാണ് പ്രധാനമായും സൂചിപ്പിച്ചിരുന്നത്. ഇതാണ് മരണം കാരണം തണ്ണിമത്തനായിരിക്കാം എന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. അബ്ദുല്ലയുടെ ബന്ധുക്കളുടെ മൊഴിയെടുത്ത പൊലീസ് കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അറിയിച്ചു.