ലോക്സഭയിൽ പരീക്ഷാ ബിൽ ചർച്ചയ്ക്കിടെ കോൺഗ്രസ് എം.പി. പ്രിയങ്ക ഗാന്ധി നടത്തിയ ഒരു പരാമർശമാണ് മദ്രാസ് ഐ.ഐ.ടി ഡയറക്ടർ വി. കാമകോടിയെ വീണ്ടും ദേശീയ ചർച്ചകളിലേക്ക് കൊണ്ടുവന്നത്. പരീക്ഷാ ക്രമക്കേടുകൾ തടയാൻ പ്രധാനമന്ത്രി രൂപീകരിച്ച ഹൈപവർ ടാസ്‌ക് ഫോഴ്‌സിലെ അംഗം കൂടിയായ കാമകോടിയെ "ഗോമൂത്ര വിദഗ്ധൻ" എന്ന് പ്രിയങ്ക വിശേഷിപ്പിച്ചു. എന്നാൽ ഒരു വിവാദ പരാമർശത്തിന്റെ പേരിൽ മാത്രം വിലയിരുത്താനാകാത്ത വ്യക്തിത്വമാണ് വി. കാമകോടിയുടേത്. ഇന്ത്യയുടെ തദ്ദേശീയ കമ്പ്യൂട്ടർ പ്രോസസർ വികസനത്തിന്
നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ, അധ്യാപകൻ, ഗവേഷകൻ, ഭരണാധികാരി എന്നിങ്ങനെ നിരവധി മുഖങ്ങളുണ്ട് അദ്ദേഹത്തിന്.
ഗോമൂത്ര പരാമർശവും വിവാദവും
ഗോമൂത്രത്തിന് ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങളുണ്ടെന്ന് ഒരു പൊതുപ്രസംഗത്തിൽ വി. കാമകോടി പറഞ്ഞതാണ് പിന്നീട് വലിയ വിവാദമായത്. ശാസ്ത്രീയ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ പരാമർശം വ്യാപക വിമർശനത്തിന് വഴിവെച്ചു. ആ വിവാദത്തെയാണ് ലോക്സഭയിലെ ചർച്ചയ്ക്കിടെ പ്രിയങ്ക ഗാന്ധി പരിഹാസരൂപത്തിൽ വീണ്ടും ഉയർത്തിക്കാട്ടിയത്.
'ശക്തി' പ്രോസസറിന് പിന്നിലെ ശാസ്ത്രജ്ഞൻ
വിവാദങ്ങൾക്കപ്പുറം ഇന്ത്യൻ സാങ്കേതിക രംഗത്തെ പ്രധാന നേട്ടങ്ങളിലൊന്നുമായി കാമകോടിയുടെ പേര് ചേർന്നുകിടക്കുന്നു. രാജ്യത്ത്
തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കമ്പ്യൂട്ടർ പ്രോസസറായ 'ശക്തി' (SHAKTI) പദ്ധതിയുടെ വികസനത്തിന് നേതൃത്വം നൽകിയ പ്രമുഖരിൽ ഒരാളാണ് അദ്ദേഹം. ദേശീയ സുരക്ഷയെ മുൻനിർത്തി രൂപകൽപന ചെയ്ത ഈ പ്രോസസറുകൾ പ്രതിരോധ മന്ത്രാലയം ഉൾപ്പെടെയുള്ള നിർണായക സർക്കാർ സംവിധാനങ്ങളിൽ ഉപയോഗിക്കുന്നു. ഇന്ത്യയുടെ സെമികണ്ടക്ടർ സ്വയംപര്യാപ്തതയിലേക്കുള്ള യാത്രയിലെ നിർണായക ചുവടുവയ്പ്പായാണ് 'ശക്തി' പദ്ധതിയെ വിലയിരുത്തുന്നത്.
ആദ്യ പരാജയം... പിന്നീടുള്ള അസാധാരണ വിജയം
എൻജിനീയറിങ് പ്രവേശനത്തിനുള്ള ജെ.ഇ.ഇ. പരീക്ഷയിൽ ആദ്യ ശ്രമത്തിൽ കാമകോടിക്ക് വിജയം നേടാനായില്ല. എന്നാൽ ആ പരാജയം അദ്ദേഹത്തെ പിന്നോട്ടടിച്ചില്ല. പിന്നീട് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും നേടി ഗവേഷണരംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു. പിന്നീട് ജെ.ഇ.ഇയുടെ ചെര്‍മാനായി എന്നത് കൗതുകം. ഗവേഷണം, കമ്പ്യൂട്ടർ ആർക്കിടെക്ചർ, സൈബർ സുരക്ഷ, എംബെഡഡ് സിസ്റ്റംസ് തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകി. ഇന്ത്യയിലെയും വിദേശത്തേയും ജേര്‍ണലുകളിലായി നൂറ്റി അന്‍പതിലധികം റിസര്‍ച്ച് പേപ്പറുകള്‍ പ്രസിദ്ധീകരിച്ചു. നിരവധി പുസ്തകങ്ങളും എഴുതി.
അധ്യാപകനിൽ നിന്ന് ഐ.ഐ.ടി ഡയറക്ടറിലേക്ക്
2001-ൽ മദ്രാസ് ഐ.ഐ.ടിയിൽ അധ്യാപകനായി ചേർന്ന കാമകോടി രണ്ട് പതിറ്റാണ്ടിലേറെ നീണ്ട അക്കാദമിക് ജീവിതത്തിനൊടുവിൽ 2022-ലാണ് സ്ഥാപനത്തിന്റെ ഡയറക്ടറായി ചുമതലയേറ്റത്. ഗവേഷണത്തിനും നവീകരണത്തിനും കൂടുതൽ പ്രാധാന്യം നൽകുന്ന ഭരണശൈലിയാണ് അദ്ദേഹത്തെ വേറിട്ടുനിർത്തുന്നത്.
വിദേശത്തേക്ക് പോകില്ലെന്ന തീരുമാനം
ഉയർന്ന വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം വിദേശത്തേക്ക് പോകുക എന്നത് നിനിരവധി ഇന്ത്യൻ ഗവേഷകരുടെ സ്വപ്നമായിരുന്ന കാലത്താണ് കാമകോടി ഒരു വ്യത്യസ്ത തീരുമാനം എടുത്തത്. ഇന്ത്യയിൽ തന്നെ തുടരുകയും രാജ്യത്തിനായി പ്രവർത്തിക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഇതുവരെ ആ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്ന അദ്ദേഹത്തിന് പാസ്‌പോർട്ട് പോലും എടുത്തിട്ടില്ലെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.