വീണ്ടും കേരളത്തെ മുക്കി പെരുമഴ. ജീവന്‍ കവര്‍ന്ന് ഉരുള്‍പ്പൊട്ടലും മലവെള്ളപ്പാച്ചിലും. മധ്യകേരളത്തിന്റെ മലയോരത്ത് നെഞ്ചിടിക്കുന്ന കാഴ്ചകള്‍. ഒറ്റരാത്രിയിലെ പെയ്ത്തില്‍ വെള്ളത്തിലായി പ്രധാന ടൗണുകള്‍. പുഴകളെല്ലാം കരകവിഞ്ഞു. റോഡുകള്‍ പലതും വെള്ളത്തിനടിയില്‍. ഗതാഗതം താറുമാറായി. ഇനിയും തീവ്രമഴയെന്നാണ് മുന്നറിയിപ്പ്.

കോട്ടയത്തിന്റെ മലയോരത്തെ നടുക്കിയായിരുന്നു ദുരിതപ്പെയ്ത്ത്. പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തിന്റെ അടിവാരത്ത് തലയുയര്‍ത്തിനിന്ന വീട് ഇപ്പോള്‍ കാണാനില്ല. അര്‍ധരാത്രി ആര്‍ത്തലച്ചുവന്ന ഉരുളില്‍ വീടില്ലാതായി. ഒപ്പം ഒരമ്മയുടെയും മകന്റെയും ജീവനും. മണപ്പാട് ജോണിയുടെ ഭാര്യ റെജീനയും മകന്‍ ജോസഫിനുമാണ് മരിച്ചത്.

പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ഉരുള്‍പൊട്ടല്‍. ഇരുട്ടില്‍ മണപ്പാട് വീട് കണ്ടെത്താനായി നാട്ടുകാര്‍ തിരച്ചില്‍ തുടങ്ങി. രാവിലെ ഏഴിന് ജോസഫിൻ ജോണിയുടെ മൃതദേഹം കിട്ടി. മണിക്കൂറുകൾക്കുശേഷം അമ്മ റജീനയുടെ മൃതദേഹവും. ജോണി തൊട്ടടുത്തെ ബന്ധുവീട്ടിലായിരുന്നതിനാലാണ് രക്ഷപ്പെട്ടത്. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യാനിതോട്ടത്ത് ഇതാദ്യമായാണ് ഉരുൾപൊട്ടൽ. നാട്ടിലെ കര്‍ഷക കുടുംബങ്ങള്‍ ഇപ്പോഴും ആശങ്കയിലാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

ENGLISH SUMMARY:

Heavy rain in Kerala has caused devastating landslides and flash floods, particularly impacting central Kerala's hilly regions. Towns have been submerged overnight, rivers have overflowed, and road transport is severely disrupted, with further intense rainfall predicted.