Image: X, @ndtv

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം രംഗത്ത്. മരിക്കുന്നതിനു തൊട്ടുമുന്‍പ് അമന്‍ പിതാവിനെ വിളിച്ചിരുന്നതായും താന്‍ കെണിയില്‍പ്പെട്ടെന്നും രണ്ടു മാസമായി പീഡിപ്പിക്കപ്പെടുകയാണെന്നും പറഞ്ഞതായി കുടുംബാംഗങ്ങള്‍ പറയുന്നു. ഇനി തനിക്ക് ജീവിക്കാനാവില്ലെന്നും അമന്‍ പിതാവിനോട് പറഞ്ഞതായി കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു. 

വീട്ടിലെ ശുചിമുറിയില്‍ ഷോളില്‍ തൂങ്ങിമരിച്ച നിലയിലാണ് 30കാരനായ ജഡ്ജിയെ കണ്ടെത്തിയത്. തൂങ്ങി മരണമെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. അമന്റെ സഹോദരീ ഭര്‍ത്താവിന്റെ ഫോണ്‍ കോളിനെത്തുടര്‍ന്നാണ് പൊലീസ് സംഘം സ്ഥലത്തേക്ക് പാഞ്ഞെത്തിയത്. ജഡ്ജിയുടെ മരണത്തിനു പിന്നില്‍ സംശയാസ്പദമായ നിരവധി സാഹചര്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറയുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 

ഭാര്യയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെയാണ് അമന്റെ കുടുംബം ആരോപണം ഉന്നയിക്കുന്നത്. ഏതാനും ദിവസങ്ങളായി അമന്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും ഇതാണ് ജീവനൊടുക്കാന്‍ കാരണമെന്നും ജഡ്ജിയുടെ കുടുംബം പറയുന്നു. അമന്റെ മരണവിവരമറിഞ്ഞ പിതാവ് പ്രേം ശര്‍മ കരഞ്ഞുതളര്‍ന്ന് ആരോഗ്യാവസ്ഥ ഉള്‍പ്പെടെ മോശമായതായി ബന്ധു രാജേഷ് ശര്‍മ പറയുന്നു. 

ഭാര്യയ്ക്കും ഭാര്യാ സഹോദരനുമൊപ്പം മകന്‍ ഗ്രീന്‍ പാര്‍ക്കിലേക്ക് പോയിരുന്നുവെന്നും അവിടെവച്ച് പ്രശ്നങ്ങളെന്തോ ഉണ്ടായിരുന്നുവെന്നും പിതാവ് പറയുന്നു. രാത്രി 10മണിയോടെ മകന്‍ തന്നെ വിളിച്ചിരുന്നുവെന്നും താന്‍ കെണിയിലകപ്പെട്ടെന്നും രണ്ടു മാസമായി സമ്മര്‍ദത്തിലാണെന്നറിയിച്ചതായും പിതാവ് പറയുന്നു. അന്നുരാത്രി ജുഡിഷ്യല്‍ ഓഫീസറായ ഭാര്യയുമായി അമന്‍ തര്‍ക്കത്തിലേര്‍പ്പെട്ടതായും ഭാര്യ കടുത്ത ഭാഷയില്‍ ദേഷ്യപ്പെട്ടെന്നും പിതാവ് പറയുന്നു, ഭാര്യ ദേഷ്യപ്പെട്ടപ്പോള്‍ അമന്‍ കരയുകയായിരുന്നു, ഭാര്യയുടെ സഹോദരി ജമ്മുവില്‍ ഐഎഎസ് ഓഫീസറാണെന്നും അമന്റെ പിതാവ് കൂട്ടിച്ചേര്‍ക്കുന്നു.  

മകന്‍ ഫോണ്‍ വിളിച്ചപ്പോള്‍ പന്തികേട് തോന്നിയാണ് പിതാവ് അമന്‍ താമസിക്കുന്ന വീട്ടിലെത്തിയത്. മുറിയിലെല്ലാം പരിശോധിച്ചെങ്കിലും കാണാത്തതിനെത്തുടര്‍ന്ന് ഫോണില്‍ വിളിച്ചു, ശുചിമുറിയില്‍ നിന്നും ഫോണ്‍ റിങ് ചെയ്തെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്നാണ് സമീപ ഫ്ലാറ്റുകളിലെ താമസക്കാര്‍ ഉള്‍പ്പെടെ വന്ന് ജനലിന്റെ ഗ്ലാസ് പൊട്ടിച്ച് പരിശോധിച്ചത്. ഷോളില്‍ തൂങ്ങിയ നിലയിലാണ് മകനെ കണ്ടതെന്നും പിതാവ് പറയുന്നു. തുടര്‍ന്ന് അമന്റെ വീട്ടിലേക്കെത്തിയ ഭാര്യയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ അതിവേഗം തിരിച്ചുപോയെന്നും പിതാവ് പറയുന്നു. 

പൂനെയിലെ സിംബയോസിസ് ലോ സ്കൂളിൽ നിന്ന് 2018-ൽ നിയമബിരുദം പൂർത്തിയാക്കിയ അമൻ കുമാർ ശർമ്മ, 2021 ജൂൺ 19-നാണ് ഡൽഹി ജുഡീഷ്യൽ സർവീസസിൽ പ്രവേശിച്ചത്. സർവീസിനിടെ നിരവധി ക്രിമിനൽ, സിവിൽ കേസുകൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (ജെ.എം.എഫ്.സി), സിവിൽ ജഡ്ജി എന്നീ പദവികളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. 2025 ഒക്ടോബർ 18 മുതൽ കർക്കാർഡൂമ കോടതികളിൽ വടക്കുകിഴക്കൻ ജില്ലയിലെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ (DLSA) മുഴുവൻ സമയ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു.

Delhi Judge's Suspicious Death Sparks Family Allegations:

Delhi judge suicide has led to serious allegations from his family. They claim he was being harassed for two months and felt trapped before his death.