ഡല്‍ഹിയില്‍ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ 9 പേര്‍ മരിച്ചു. 15 പേരെ രക്ഷപെടുത്തി. രണ്ടു പേര്‍ക്ക് പരുക്കേറ്റു. ഇവരെ ചികിത്സയ്ക്കായി ഗുരു തേഗ് ബഹാദൂര്‍ ആശുപത്രിയിലേക്ക് മാറ്റി. വിവേക്  വിഹാറിലെ കെട്ടിടത്തിലായിരുന്നു അഗ്നിബാധ. എസി പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നു നിഗമനം.

 

പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ തീപിടിത്തമുണ്ടായത്. തുടര്‍ന്ന് 14 അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനവും തീയണയ്ക്കല്‍ ശ്രമം ആരംഭിച്ചു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ തീ മൂന്നും നാലും നിലകളിലേക്കും പടര്‍ന്നതായി കണ്ടെത്തി. ഏകദേശം രണ്ട് മണിക്കൂറിനുശേഷം, രാവിലെ ആറുമണിയോടെ തീ നിയന്ത്രണവിധേയമാക്കി. കെട്ടിടത്തിന്റെ പല ഭാഗങ്ങളും കത്തിനശിച്ചതും മുകളിലെ നിലയില്‍നിന്ന് പുക ഉയരുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. 

 

“പുലര്‍ച്ചെ നാല് മണിയോടെയാണ് തീപിടിത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഉടന്‍ തന്നെ അഗ്നിശമന സേനയും പ്രാദേശിക പൊലീസും സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കാന്‍ രണ്ട് മണിക്കൂര്‍ എടുത്തു. തുടര്‍ന്ന് തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി,” ഷഹദര ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ രാജേന്ദ്ര പ്രസാദ് മീണ പറഞ്ഞു. എല്ലാ മൃതദേഹങ്ങളും കണ്ടെത്തി ഡല്‍ഹി പൊലീസ് ക്രൈം ടീമിന് കൈമാറി. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എസി പൊട്ടിത്തെറിച്ചതാകാം കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.  

 

കിഴക്കന്‍ ഡല്‍ഹിയിലെ പ്രധാന മേഖലയാണ് വിവേക് വിഹാര്‍.

ENGLISH SUMMARY:

In a tragic Delhi building fire, nine people have died. The fire, which started on the second floor of a building in Vivek Vihar, is suspected to have been caused by an AC explosion, leading to significant loss of life and property.