വിമാന ഇന്ധന വിലയിലുണ്ടായ വന്‍ വര്‍ധനവും വ്യോമപാതയിലെ നിയന്ത്രണങ്ങളും കാരണം രാജ്യാന്തര വിമാന സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് എയര്‍ ഇന്ത്യ. ജൂണ്‍, ജൂലൈ മാസങ്ങളിലുള്ള സര്‍വീസുകളാണ് വെട്ടിക്കുറയ്ക്കാന്‍ കമ്പനി തീരുമാനിച്ചത്. നിലവിലെ സാഹചര്യത്തിൽ സർവീസുകൾ കുറയ്ക്കുകയല്ലാതെ എയര്‍ ഇന്ത്യയ്ക്ക് മറ്റു വഴികളില്ലെന്ന് സിഇഒയും മാനേജിങ് ഡയറക്ടറുമായ ക്യാമ്പ്ബെൽ വിൽസൺ ജീവനക്കാരെ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ധനവില വര്‍ധനവുണ്ടാക്കുന്ന പ്രതിസന്ധിക്കു പുറമേയാണ് പല രാജ്യങ്ങളും അവരുടെ വ്യോമപാതകള്‍ അടച്ചിട്ടത്. ഇക്കാരണത്താല്‍ പല ഹ്രസ്വദൂര പാതകളും വഴിമാറ്റി ദീര്‍ഘദൂര പാതകളാക്കേണ്ടി വന്നതും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കമ്പനിക്കുണ്ടാക്കുന്നതെന്നും സിഇഒ പറയുന്നു. ഏപ്രിൽ, മെയ് മാസങ്ങളിൽ തന്നെ എയർ ഇന്ത്യ ചില സർവീസുകളിൽ കുറവ് വരുത്തിയിട്ടുണ്ട്. ലാഭകരമല്ലാത്ത രാജ്യാന്തര റൂട്ടുകളിലെ വിമാനങ്ങളുടെ എണ്ണം കുറയുമെന്നാണ് കമ്പനിയുടെ തീരുമാനത്തോടെ വ്യക്തമാകുന്നത്.

ജെറ്റ് ഇന്ധനവിലയില്‍ കുത്തനെയുള്ള വര്‍ധനവിനെത്തുടര്‍ന്ന് സര്‍ക്കാറിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്ന് വ്യോമയാന കമ്പനികള്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് എയര്‍ ഇന്ത്യയുടെ ഈ നീക്കം. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളെ പ്രതിനിധീകരിക്കുന്ന എഫ്ഐഎ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ്) വ്യോമയാന മന്ത്രാലയത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് കത്തയച്ചിരുന്നു.

ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന്റെ (എടിഎഫ്) വില കുതിച്ചുയരുന്നത് കടുത്ത പ്രതിസന്ധിയും സമ്മര്‍ദ്ദവുമാണ് വ്യവസായത്തിനുണ്ടാക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കത്തയച്ചത്.ഇത്തരം പ്രതിസന്ധികള്‍ നിലനില്‍ക്കേയാണ് എയര്‍ ഇന്ത്യ പുതിയ തീരുമാനത്തിലേക്ക് എത്തിയത്.

Air India to Slash International Flights Amidst Soaring Fuel Costs:

Air India is significantly reducing its international flight services due to a substantial increase in aviation fuel prices and airspace restrictions. This decision, affecting flights in June and July, highlights the severe financial strain on the airline amidst rising operational costs and rerouted flight paths.