രാജ്യത്ത് േമയ് മാസത്തിൽ ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. േമയ് മാസത്തിൽ ലഭിക്കുന്ന ദീർഘകാല ശരാശരി മഴയുടെ 110 ശതമാനത്തിലധികം മഴ ഇത്തവണ ലഭിച്ചേക്കും. കൊടുംചൂടിൽ വലയുന്ന രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങൾക്കും വേനൽമഴ ആശ്വാസമാകും. ഗുജറാത്ത്, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗ ദിനങ്ങൾ വർധിച്ചേക്കും.
Also Read: മഴയും വെയിലും മാറിമാറി: പൊള്ളിയും തണുത്തും കേരളം
വരും ദിനങ്ങൾ കനത്ത മഴയുടേതാകും എന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. 1971 മുതൽ 2020 വരെയുള്ള കണക്കുകൾ പ്രകാരം മെയ് മാസത്തിലെ ശരാശരി മഴ 64.1 മില്ലിമീറ്ററാണ്. മെയ് 5 വരെ ബംഗാൾ, സിക്കിം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ ഇന്ത്യ, മധ്യ ഇന്ത്യ എന്നിവിടങ്ങളിൽ നാളെ മുതൽ 6 വരെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴ പെയ്തേക്കും .
അതേസമയം, കിഴക്കൻ ഇന്ത്യയുടെ ചില ഭാഗങ്ങളിലും വടക്കുകിഴക്കൻ ഇന്ത്യയിലും സാധാരണയേക്കാൾ കുറവ് മഴയേ ലഭിക്കു. രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും പകൽ താപനില സാധാരണ നിലയിലോ അതിൽ താഴെയോ ആയിരിക്കും. ഹിമാലയൻ താഴ്‌വരകൾ, കിഴക്കൻ തീരപ്രദേശങ്ങൾ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഉഷ്ണതരംഗ ദിനങ്ങൾ വർധിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ചുരുങ്ങിയ സമയത്തിനുള്ളിൽ പെയ്യുന്ന അതിതീവ്ര മഴ താഴ്ന്ന പ്രദേശങ്ങളിലെ നഗരങ്ങളിലെ വെള്ളക്കെട്ടിനും കാർഷിക വിളകളുടെ നാശത്തിനും കാരണമായേക്കാം. സംസ്ഥാന സർക്കാരുകളും പൊതുജനങ്ങളും പ്രാദേശിക കാലാവസ്ഥാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്ന് കാലാവസ്ഥ കേന്ദ്രം നിർദ്ദേശിച്ചു.