kerala-heatwave-monsoon-reliefunderstanding-kerala-summer-heat
  • മഴയ്ക്കും ചൂടിനും ഒരേസമയം മുന്നറിയിപ്പുള്ള പ്രദേശമായി കേരളം മാറുന്നു!

വേനലിന് ആശ്വാസമായി മഴ വരുമോ? ഈ ചൂട് എത്രകാലം ഇങ്ങനെ തുടരും? മഴ വന്നാൽ തന്നെ അത് വേണ്ടത്ര കിട്ടുമോ? വേനൽ ഇനിയും കടുക്കുമോ? കുറച്ചു ദിവസം തുടർച്ചയായി മഴ പെയ്യുമോ? ഈ ചോദ്യങ്ങൾ കേരളത്തിന്റെ മനസിലുണ്ട്. അത്രയ്ക്ക് കഠിനമായിരുന്നു ഏപ്രിലിലെ ചൂട്. അത്രയ്ക്ക് പ്രവചനാതീതമാകുന്നു നമ്മുടെ കാലാവസ്ഥ.

  • എന്താണിത്ര ചൂട്?

കേരളത്തിന് നേരെ മുകളിൽ സൂര്യൻ, മേഘാവരണമില്ലാത്ത ആകാശം, യു.വി. ഇൻഡക്സ് എട്ടിന് മുകളിൽ - ഇങ്ങനെ പൊള്ളിക്കുന്ന ചൂട് വന്ന വഴികളേറെയാണ്. അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പം, എതിർചക്രവാത കാറ്റുകൾ എത്തിക്കുന്ന ചൂടുള്ള വായു എന്നിവയും വേനലിന്റെ കാഠിന്യം കൂട്ടി. പാലക്കാടും പുനലൂരും എല്ലാം പശ്ചിമഘട്ടത്തിലെ ചുരം കടന്നെത്തിയതും ഇത്തരം ചൂടുകാറ്റാണ്.

പാലക്കാട് 41 ഡിഗ്രിയും കൊല്ലത്ത് 40 ഡിഗ്രി സെൽഷ്യസും കടന്ന് താപനില ഉയരുന്നത് പതിവായി. സൂര്യാതപമേൽക്കുന്നവരുടെ എണ്ണം കൂടി. കെട്ടിടങ്ങൾക്ക് അകത്തും പുറത്തും ഇരിക്കാനാവാത്തത്ര ചൂടും ശ്വാസംമുട്ടലുമായി. കര പോലെ കടലും ചൂടുപിടിച്ചതോടെ ആശ്വാസമായെത്തേണ്ട കടൽക്കാറ്റും കുറഞ്ഞു. പകലും രാത്രിയും "ഹോ, ഇതെന്തൊരു ചൂട്" എന്ന് പറഞ്ഞുപോകുന്ന അവസ്ഥയായി.

  • ചൂട് പൊള്ളിക്കുമ്പോൾ...

ഈ സാഹചര്യത്തിലാണ് മനുഷ്യരുൾപ്പെടെയുള്ള ജീവജാലങ്ങൾ താപസമ്മർദ്ദം (Heat Stress) അനുഭവിക്കാൻ തുടങ്ങിയത്. മനുഷ്യന് സൂര്യാതപം ഏൽക്കുന്നതുപോലെ സകല ജീവജാലങ്ങളും വേനലിൽ വെന്തുപൊള്ളി. ഇതാണ് പാമ്പുൾപ്പെടെയുള്ള ജീവികൾ തങ്ങളുടെ മാളങ്ങളും പൊത്തുകളും കാടും മേടും ഉപേക്ഷിച്ച് നാട്ടിലേക്കും വീട്ടിലേക്കും കുടിയേറാൻ ശ്രമിക്കുന്നത്.

അനുഭവവേദ്യമാകുന്ന ചൂട് മിക്കപ്പോഴും 45 മുതൽ 50 ഡിഗ്രി സെൽഷ്യസിന് സമാനമായി മാറിയതാണ് കാര്യങ്ങൾ അസഹനീയമാക്കിയത്. കുടിവെള്ള ക്ഷാമവും മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും ഒരുപോലെ ബാധിക്കുന്നു. വന്യജീവികൾ വെള്ളവും തണുപ്പും തേടി കാടിന് പുറത്തേക്ക് എത്തുന്നതിന് പ്രധാന കാരണവും ഇതുതന്നെ.

  • താപത്തുരുത്തുകൾ

നഗരങ്ങളിലാണ് ഏറ്റവും ശ്വാസംമുട്ടൽ അനുഭവപ്പെടുന്നത്. എവിടെയും ടാറും കോൺക്രീറ്റും ഇട്ട നിരത്തുകൾ; കോൺക്രീറ്റും ഗ്ലാസും ഇരുമ്പും ഉരുക്കും എല്ലാം ചേർത്തു പണിഞ്ഞ കെട്ടിടങ്ങൾ. മരങ്ങൾ, തുറസായ പുൽമേടുകൾ, കുളങ്ങൾ, ചതുപ്പുകൾ തുടങ്ങി ചൂടിനെ ആഗിരണം ചെയ്യാനും ശുദ്ധവായു ഉറപ്പാക്കാനും കഴിയുന്നതെല്ലാം നഗരമേഖലകളിൽ നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. കെട്ടിടങ്ങളും ടാറും മറ്റും ചൂട് ആഗിരണം ചെയ്ത് പിന്നീട് അത് പുറത്തേക്ക് വിടും.

സൂര്യൻ അസ്തമിച്ചാലും ഇവയിലെ ചൂട് ഏറെനേരം നിലനിൽക്കുകയും ചുറ്റുപാടുമുള്ള താപനില ഉയർത്തുകയും ചെയ്യും. ചൂടിനെയും കാർബൺ ഡൈ ഓക്സൈഡിനെയും പൊടിയെയും മറ്റും വലിച്ചെടുക്കാൻ മരങ്ങളും ചതുപ്പുനിലങ്ങളും ഇല്ലാതായതോടെ നഗരങ്ങളിൽ 'താപത്തുരുത്തുകൾ' (Urban Heat Islands) രൂപപ്പെടുകയാണ്.

  • വേനലും മഴയും വരും നാൾവഴികൾ

2015–2016 കാലത്താണ് ഇതിന് മുൻപ് കേരളം കഠിനമായ വേനൽ അനുഭവിച്ചത്. എന്നാൽ 2015 മുതൽ എല്ലാ വർഷവും വേനലിന്റെ തീവ്രത കൂടിവരികയാണെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. ഏപ്രിലിനെ പൊള്ളിച്ച ശേഷം വരും ആഴ്ചകളിൽ സൂര്യൻ കേരളത്തിന് നേരെ മുകളിൽ നിന്ന് മാറും. ഉത്തരായനം തുടരുന്തോറും വടക്കൻ പ്രദേശങ്ങൾക്ക് മുകളിലാവും സൂര്യൻ. കൂടാതെ എതിർചക്രവാതച്ചുഴി മാറിക്കൂടി ചെയ്താൽ മഴമേഘങ്ങൾ കൂടുതലായി രൂപപ്പെടാൻ വഴിതെളിയും. ഇതോടെ മേയ് മാസത്തിൽ കേരളത്തിൽ കൂടുതൽ വേനൽമഴ കിട്ടാൻ സാധ്യതയുണ്ട്. ഉച്ചതിരിഞ്ഞോ വൈകിട്ടോ ആണ് ഇടിമിന്നലും ശക്തമായ കാറ്റുമായി വേനൽമഴയുടെ വരവ്. ചൂടിന് ആശ്വാസമാണെങ്കിലും വേനൽമഴ അപകടകാരിയുമാണ്. ഏറ്റവും ജാഗ്രത വേണ്ടത് ഇടിമിന്നലുള്ളപ്പോഴാണ്. ഒപ്പം ശക്തമായ കാറ്റിനെയും ഭയപ്പെടണം.

  • എൽ നിനോ കൊണ്ടുപോകുമോ കാലവർഷത്തെ?

ഇനി മൺസൂൺ എന്നുവരുമെന്നതാണ് അടുത്ത ചോദ്യം. കാലവർഷം എത്തും. പസഫിക്കിൽ രൂപമെടുക്കുന്ന ഉഷ്ണ ജലപ്രവാഹമായ 'എൽ നിനോ' മൺസൂണിനെ ദുർബലപ്പെടുത്തുമോ എന്ന ആശങ്ക ശാസ്ത്രലോകത്തിനുണ്ട്. എന്നാൽ ഇത് രൂപമെടുത്ത് ശക്തിപ്പെടും മുൻപ് കേരളത്തിൽ കാലവർഷത്തിന്റെ ആദ്യ ഘട്ടം എത്തിച്ചേർന്നേക്കാം. ഏതായാലും എൽ നിനോയുടെ പ്രഭാവം എത്രമാത്രം ഉണ്ടാകുമെന്നറിയാൻ ജൂൺ വരെ കാത്തിരിക്കേണ്ടി വരും. വാട്സാപ്പിലും മറ്റും പ്രചരിക്കുന്നതുപോലെ 55 ഡിഗ്രി ചൂടിലേക്ക് കേരളം എത്തിച്ചേരുന്ന വിധം കഠിനമായ അവസ്ഥയൊന്നും ഉണ്ടാകില്ലെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നത്.

  • മഴ വന്നാലും വേനലിനെ മറക്കരുത്

ഒരു മഴ കിട്ടുമ്പോഴേക്ക് വേനലിനെ മറക്കാതെ വീടിനും തൊഴിലിടങ്ങൾക്കും പൊതുസ്ഥലങ്ങൾക്കും ചുറ്റും പച്ചത്തുരുത്തുകൾ തീർക്കുക, ജലസ്രോതസ്സുകളെ സംരക്ഷിക്കുക, വൈദ്യുതി ഉപയോഗം കുറയ്ക്കുക എന്നിവ ശീലമാക്കിയാൽ വരും വേനലുകളെ നേരിടാനുള്ള മുന്നൊരുക്കമാകും. കാലാവസ്ഥാ മാറ്റത്തെക്കൂടി കണക്കിലെടുത്തുള്ള വികസന മാതൃക മാത്രമേ കേരളത്തിന് ഉചിതമാകൂ എന്നതാണ് ഈ വേനൽ നൽകുന്ന പാഠം.

ENGLISH SUMMARY:

Kerala is experiencing an unprecedented heatwave, with temperatures soaring and causing significant discomfort for both humans and animals. This intense heat is attributed to a combination of factors including clear skies, high UV index, high humidity, and hot winds. The situation has led to heat stress, prompting animals to seek cooler environments and creating an urgent need for water conservation. Urban areas are particularly affected due to the 'urban heat island' effect, caused by extensive concrete structures and a lack of green spaces. While intermittent summer rains are expected in May, their intensity and potential to alleviate the heat are uncertain. Scientists are also concerned about the impact of 'El Niño' on the upcoming monsoon season. The article emphasizes the importance of proactive measures like planting trees, conserving water, and reducing energy consumption to mitigate the effects of future heatwaves and adapt to climate change. The article highlights the severity of the current heatwave in Kerala and its impact on various aspects of life, emphasizing the need for long-term solutions to combat climate change and its consequences.