ഫ്ലൈഓവര്‍ നിര്‍മാണത്തിനായി ഉപയോഗിച്ച പൈലിങ് റിഗ് വീണ് മുംബൈയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച്ച രാത്രി സിയോണ്‍–പന്‍വേല്‍ ഹൈവേയിലാണ് സംഭവം. കേരളത്തിലുള്‍പ്പെടെ സമാനമായ അപകടങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഏറെ ആശങ്കയുളവാക്കുന്ന വാര്‍ത്തയാണ് മുംബൈയില്‍ നിന്നും പുറത്തുവരുന്നത്. മുംബൈയില്‍ തന്നെ കഴിഞ്ഞ രണ്ട് മാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ കേസാണിത്.

നെഹ്റു നഗര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സന്തോഷ് ഗോപാല്‍ ചവാന്‍ ആണ് ദാരുണമായി മരിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ചവാന്‍ മൻഖുർദ് ടി-ജങ്ഷന്‍ പിന്നിട്ടപ്പോഴാണ് അപകടം സംഭവിച്ചത്. നിരപ്പല്ലാത്ത സ്ഥലത്ത് പൈലിങ് റിഗ് മെഷീന്‍ ശരിയായ രീതിയില്‍ ഉറപ്പിക്കാത്തതമാണ് അപകടത്തിനു കാരണമായതെന്ന് അപകടസ്ഥലം പരിശോധിച്ച പൊലീസ് പറഞ്ഞു. ചവാന്‍ കടന്നുപോകുന്നതിനിടെ റിഗ് മറിഞ്ഞ് ദേഹത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ചവാനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

സംഭവത്തില്‍ ബിഹാൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അന്വേഷണം പ്രഖ്യാപിച്ചു. ഒപ്പം കരാറുകാരനെതിരെ കര്‍ശന നടപടിക്കും സാധ്യതയുണ്ട്. നിർമാണമേഖലയില്‍ നിർബന്ധിത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും പോലീസ് അന്വേഷണം നടത്തിവരികയാണ്. മുംബൈയില്‍ ഉള്‍പ്പെടെ സമാനമായ അപകടങ്ങള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഏപ്രിൽ 15-ന് ബാന്ദ്ര-കുർള കോംപ്ലക്സിലെ മെട്രോ നിർമ്മാണത്തിനിടെ മൊബൈൽ ക്രെയിൻ മറിഞ്ഞും അപകടമുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയിലും സമാനമായ അപകടം സംഭവിച്ചിരുന്നു. മുളുണ്ടിൽ മെട്രോ റെയിൽ ഗർഡർ പാലത്തിന്റെ സ്ലാബ് വാഹനങ്ങൾക്ക് മുകളിൽ തകർന്നു വീണ് ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

 

 

Mumbai Flyover Construction Accident Claims Police Constable's Life:

A police constable died in Mumbai when a part of a piling rig machine, used for flyover construction, fell on him. This incident, occurring on the Sion-Panvel Highway, raises concerns as similar accidents are increasing in Kerala and other regions.