പ്രതീകാത്മക ചിത്രം

പല സ്ഥാപനങ്ങളിലായി ജോലി ചെയ്യുമ്പോൾ പലപ്പോഴും പഴയ പിഎഫ് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ മറന്നു പോകാം.  അങ്ങനെ വർഷങ്ങളായി ഉപയോഗത്തിലില്ലാത്തതും യൂണിവേഴ്സൽ അക്കൗണ്ട് നമ്പറുമായി  ബന്ധിപ്പിച്ചിട്ടില്ലാത്തതുമായ പഴയ പി എഫ്  അക്കൗണ്ട് ഉടമയാണ് നിങ്ങളെങ്കിൽ ആശങ്ക വേണ്ട. അക്കൗണ്ട് കണ്ടെത്താൻ സഹായിക്കുന്നതിനായി പുതിയ ഡിജിറ്റൽ പോർട്ടൽ തയ്യാറാക്കിയിരിക്കുകയാണ്  എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ. ഇ-പ്രാപ്തി (EPF Aadhaar-Based Access Portal for Tracking Inoperative Accounts) എന്ന് പേരിട്ടിരിക്കുന്ന പോർട്ടലിന്റെ പ്രഖ്യാപനം കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ നടത്തി.

ആധാർ അധിഷ്ഠിത ഒതന്റിക്കേഷൻ സംവിധാനത്തിലൂടെയാണ് പോർട്ടലിന്റെ പ്രവർത്തനം. പഴയ അക്കൗണ്ടുകൾ കണ്ടെത്താനും, വ്യക്തിഗത വിവരങ്ങൾ പുതുക്കാനും, യുഎഎന്നുമായി ബന്ധിപ്പിച്ച് അക്കൗണ്ട് വീണ്ടും സജീവമാക്കാം. തൊഴിലുടമയുടെ സഹായമില്ലാതെ ജീവനക്കാർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കാമെന്നതാണ്  സവിശേഷത. പോർട്ടലിന്റെ ആദ്യ ഘട്ടത്തിൽ പഴയ മെമ്പർ ഐഡി ഉപയോഗിച്ചുള്ള സേവനമാണ് ലഭിക്കുക.

പഴയ ഐഡി മറന്നവർക്കും അക്കൗണ്ട് കണ്ടെത്താൻ കഴിയുന്ന രീതിയിൽ രണ്ടാം ഘട്ടത്തിൽ പോർട്ടൽ പ്രവർത്തനം വിപുലീകരിക്കും. ഇതിനിടെ 2025-26 സാമ്പത്തിക വർഷത്തിൽ 8.31 കോടി ക്ലെയിമുകൾ ഇപിഎഫ്ഒ തീർപ്പാക്കിയതായി മന്ത്രാലയം അറിയിച്ചു. തൊട്ടുമുൻപത്തെ വർഷം ഇത് 6.01 കോടിയായിരുന്നു. 5.51 കോടി ക്ലെയിമുകളും ഭാഗികമായി തുക പിൻവലിക്കുന്നതിനുള്ളതായിരുന്നു.

ENGLISH SUMMARY:

EPFO has launched a new digital portal called e-Prapti to help individuals track their old, inoperative PF accounts. This Aadhaar-based system allows users to find forgotten PF accounts, update personal information, and reactivate them without employer assistance.