ഇന്ത്യയ്ക്ക് തീരാനോവായി മാറിയ പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരാണ്ട്. ബൈസരണ്‍ വാലിയില്‍ വിനോദസഞ്ചാരികളടക്കം 26 പേരെയാണ് പാക് ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തിയത്. കൊച്ചി സ്വദേശി രാമചന്ദ്രനും അപ്രതീക്ഷിത ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. ഓപ്പറേഷന്‍ സിന്ദൂരിലൂടെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്താണ് ഇന്ത്യ ഭീകരതയ്ക്ക് തിരിച്ചടി നല്‍കിയത്.
മിനി സ്വിറ്റ്സര്‍ലന്‍ഡ് എന്ന വിശേഷണമുള്ള ബൈസരണ്‍ വാലിയില്‍ അന്ന് വെടിയൊച്ച മുഴങ്ങി. പാക്കിസ്ഥാനില്‍നിന്ന് അതിര്‍ത്തി കടന്നെത്തിയ മൂന്ന് ഭീകരര്‍ നിറയൊഴിച്ചത് ഇന്ത്യയുടെ ഹൃദയത്തിലേക്കായിരുന്നു. അവധിക്കാലം ആസ്വദിക്കാന്‍ കുടുംബത്തോടൊപ്പമെത്തിയ 25 മനുഷ്യര്‍ ഉറ്റവര്‍ക്കുമുന്നില്‍ പിടഞ്ഞുവീണു. ഇടപ്പള്ളിയില്‍നിന്ന് കുടുംബവുമായി കാശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ 65 വയസുകാരന്‍ രാമചന്ദ്രന്‍ മകളുടെമുന്നിലാണ് കൊല്ലപ്പെട്ടത്. താന്‍ കൊണ്ടുവന്ന സഞ്ചാരിയെ രക്ഷിക്കാന്‍ ഭീകരന്‍റെ തോക്കിന്‍കുഴല്‍ തടഞ്ഞ് ജീവന്‍വെടിഞ്ഞ കുതിരക്കാരന്‍ സയ്യിദ് ആദിൽ ഹുസൈന്‍ രക്തസാക്ഷിയായി. കൊല്ലപ്പെട്ട എല്ലാവരും പുരുഷന്‍മാര്‍. 2025 ഏപ്രില്‍ 22 ചൊവ്വാഴ്ച, ഇന്ത്യ രക്തം കൊണ്ട് അടയാളപ്പെടുത്തി.
കിരാതമായ ആക്രമണത്തില്‍ വിജനമായ ബൈസരന്‍ താഴ്‌വരയിലേക്ക് ഞങ്ങളെത്തുമ്പോള്‍ കണ്ടത് ഉള്ളലയ്ക്കുന്ന അവശേഷിപ്പുകള്‍. ലഷ്‌കർ-ഇ-തൊയ്ബയുടെ നിഴല്‍ സംഘടന ദി റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിനുപിന്നാലെ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും പിന്നീട് നിഷേധിച്ചു. ബൈസരനിൽ ആക്രമണം നടത്തിയ മൂന്ന് ഭീകരരെ കശ്മീരിലെ വനമേഖലയില്‍വച്ച് സുരക്ഷാസേന ഓപ്പറേഷന്‍ മഹാദേവിലൂടെ കൊലപ്പെടുത്തി. ഭീകരരെ സഹായിച്ച രണ്ട് തദ്ദേശീയരെ അറസ്റ്റ് ചെയ്തു. ഭീകരരുടെ ലഷ്കര്‍ ബന്ധം ദേശിയ അന്വഷണ ഏജന്‍സി കണ്ടെത്തി. ദിവസങ്ങള്‍ക്കകം ഓപ്പറേഷന്‍ സിന്ദൂരിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യ തിരിച്ചടിച്ചു. 2008 ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം രാജ്യത്ത് സാധാരക്കാര്‍ക്കുനേരെയുണ്ടായ ഏറ്റവും മാരകമായ ആക്രമണമാണ് പഹല്‍ഗാമിലേത്. അത് രാജ്യത്തിനേറ്റ മുറിവാണെങ്കില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരതയ്ക്കുള്ള ഇന്ത്യയുടെ താക്കീതാണ്. അവസാനിക്കാത്ത പോരാട്ടമാണ്.