ഉണങ്ങാത്ത മുറിവുകളോടെ അതിജീവനത്തിന്റെ പാതയിലാണ് പഹൽഗാം. ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തില്‍ ഉറ്റവരുടെ അവസാന തുള്ളി രക്തം വീണിടം സന്ദര്‍ശിക്കാനെത്തുന്നവരുടെ ചെറിയ തിരക്കുണ്ട്. ഭീകരാക്രമണ ശേഷം സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ടെങ്കിലും പ്രതിദിനം എത്തുന്നത് വളരെ കുറവ് സഞ്ചാരികള്‍ മാത്രം.
ബൈസരന്റെ മനോഹരമായ പച്ചപ്പിനെയും ശാന്തതയെയും കീറിമുറിച്ച് തുളച്ച് കയറിയ വെടിയുണ്ടയുടെ മുറവ് ഉണങ്ങിയിട്ടില്ല. ഉറ്റവരുടെ നെഞ്ചിലേക്ക് വെടിയുണ്ട പതിക്കുന്നത് കണ്ടവരുടെ കരച്ചില്‍ കുന്നുകളില്‍ അലയടിക്കുന്നു. ഭീകരാക്രമണം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ പഹൽഗാം ജാഗ്രതയോടെ തിരിച്ച് വരികയാണ്.
പ്രവേശന കവാടത്തിൽ കൊല്ലപ്പെട്ട 26 പേരുടെ സ്മാരകം. ഓർമ്മകളുടെയും കണ്ണുനീരിന്റെയും ചോരപ്പാടിടം. ഇവിടെ പുഷ്പാര്‍ച്ചന നടത്താനെത്തുന്നവരെ മാറ്റി നിര്‍ത്തിയാല്‍ ബൈസരണ്‍ കാലിയാണ്. കനത്ത സുരക്ഷ ഉണ്ടെങ്കിലും ബൈസരണിലേക്ക് കടക്കാതെ ബെതാബും അരുവും കണ്ട് മടങ്ങുകയാണ് പഹല്‍ഗാമിലെത്തുന്ന കൂടുതല്‍ സഞ്ചാരികളും. ഭീകരാക്രമണ ശേഷം സുരക്ഷ വലയത്തിലാണ് പഹൽഗാം. പ്രവേശിക്കുന്നതും പുറത്തിറങ്ങുന്നതുമായ കവാടങ്ങളില്‍ കനത്ത കാവല്‍. സുരക്ഷാസേനയുടെ രാപ്പകൽ നിരീക്ഷണം ,കൂടുതൽ ഔട്ട്‌പോസ്റ്റുകൾ, പട്രോളിംഗ്, തെരുവ് കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡുകൾ....ഇനിയും ബൈസരണിനെ ഭയക്കേണ്ടതില്ലെന്നും പഹല്‍ഗാം ജനതയെ ചേര്‍ത്തുപിടിക്കേണ്ടതുണ്ടെന്നും രാജ്യത്തെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു ജമ്മുശ്മീര്‍ സര്‍ക്കാര്‍.