ഭര്‍ത്താവിന്‍റെ സാമ്പത്തിക ബാധ്യതകള്‍ ഭാര്യക്ക് ജീവനാംശം നല്‍കുന്നതിന് തടസമാകരുതെന്ന് സുപ്രീംകോടതി. ഭാര്യക്ക് 15,000 രൂപ ജീവനാംശം നല്‍കണമെന്ന ഉത്തരാഖണ്ഡ് കോടതി വിധി തിരുത്തി 25,000 രൂപ നല്‍കണമെന്ന് വിധിച്ച കേസിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
കേസിന്‍റെ നാള്‍വഴി
2023 മെയ് 7ന് ആയിരുന്നു പരാതിക്കാരിയും ഭര്‍ത്താവും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനകം ഗാര്‍ഹിക പീഡനം, ശാരീരിക–മാനസിക പീഡനം എന്നിവയെ തുടര്‍ന്ന് വീട് വിട്ടിറങ്ങിയ യുവതി തന്‍റെ മാതാപിതാക്കളോടൊപ്പം സ്വന്തം വീട്ടില്‍ താമസം തുടര്‍ന്നെങ്കിലും സ്ഥിരവരുമാനമില്ലായിരുന്നു. തുടര്‍ന്ന് 2024 സെപ്റ്റംബര്‍ 18ന് ജീവനാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
നടപടികള്‍ക്ക് പിന്നാലെ ചമ്പാവത്ത് കുടുംബ കോടതി പരാതിക്കാരിക്ക് പ്രതിമാസം 8,000 രൂപ ജീവനാശം നല്‍കണമെന്ന് 2025 ഫെബ്രുവരി 25ന് വിധി പുറപ്പെടുവിച്ചു. ലോണ്‍ തിരിച്ചടവ് അടക്കമുള്ള ഭര്‍ത്താവിന്‍റെ സാമ്പത്തിക ബാധ്യതകള്‍ പരിഗണിച്ച് പരാതിക്കാരിക്ക് 8,000 രൂപ നല്‍കാന്‍ നിര്‍ദേശിക്കാനെ കോടതിക്ക് കഴിയൂ എന്നായിരുന്നു നിരീക്ഷണം. ഇതിനെതിരെ പരാതിക്കാരി മേല്‍ക്കോടതിയെ സമീപിച്ചു.
തുടര്‍ന്ന് പ്രതിമാസം 15,000 രൂപ ജീവനാംശം നല്‍കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി വിധിച്ചു. ഈ വിധിയെയും ചോദ്യം ചെയ്താണ് പരാതിക്കാരി പരമോന്നത നീതിപീഠത്തെ സമീപിച്ചത്. കീഴ്ക്കോടതി വിധി പരിശോധിച്ച് ഹൈക്കോടതി നിശ്ചയിച്ച തുക ന്യായമാണെന്ന് പറഞ്ഞു. അതില്‍ കൂടുതല്‍ നല്‍കുന്നത് അധികബാധ്യതയുണ്ടാക്കുമെന്നുമുള്ള എതിര്‍ഭാഗത്തിന്‍റെ വാദം കോടതി അംഗീകരിച്ചില്ല.
കോടതിയുടെ നിരീക്ഷണം
ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, അഗസ്റ്റിൻ ജോർജ് എന്നിവരടങ്ങിയ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. പരാതിക്കാരിക്ക് അന്തസോടെയും ദാരിദ്ര്യമില്ലാതെയും ജീവിക്കുന്നതിനുള്ള അവകാശമുണ്ടെന്ന് നിരീക്ഷിച്ച കോടതി ചതുർഭുജ് v\s സീതാ ബായി, ഷമീമ ഫാറൂഖി v\s ഷാഹിദ് ഖാൻ, രജനേഷ് v\s നേഹ തുടങ്ങിയ കേസുകളെ കുറിച്ചും പരാമര്‍ശിച്ചു. ഒരു പൊതുമേഖല ബാങ്കിന്‍റെ മാനേജരായി പ്രവര്‍ത്തിക്കുന്നയാളാണ് പരാതിക്കാരിയുടെ ഭര്‍ത്താവെന്നും ഇയാളുടെ പ്രതിമാസ വരുമാനം 1,15,670 രൂപയാണെന്നും പറഞ്ഞു.
ഇത്രയും വരുമാനമുള്ള വ്യക്തിയുടെ മറ്റു സാമ്പത്തിക ബാധ്യതകള്‍ കണക്കിലെടുത്ത കീഴ്ക്കോടതികളുടെ നടപടികളെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. ജീവനാശം നല്‍കുന്നതില്‍ ഇതുവരെ വരുത്തിയിട്ടുള്ള കുടിശ്ശിക 3 മാസത്തിനുള്ളില്‍ കൊടുത്തു തീര്‍ക്കണമെന്നും തുടര്‍ന്നുള്ള മാസങ്ങളില്‍ എഴാം തിയതിക്കു മുമ്പായി ജീവനാംശം നല്‍കണമെന്നും കോടതി വിധിയില്‍ പറഞ്ഞു.