വസ്‌ത്ര നിർമ്മാണ കയറ്റുമതി മേഖലയായ നോയിഡ ഫേസ് 2 ഹോസിയറി കോംപ്ലക്സിലെ തൊഴിലാളികൾ വേതന വർദ്ധനവ് ആവശ്യപ്പെട്ട് സമരത്തില്‍. സമരം അക്രമാസക്തമാകുകയും റോഡ് ഉപരോധത്തിനെതിരെ പൊലീസ് ലാത്തിച്ചാർജ് ഉണ്ടാകുകയും ചെയ്തു. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കണ്ണീർ വാതകവും പ്രയോഗിച്ചു. പ്രകോപിതരായ പ്രതിഷേധക്കാർ കല്ലെറിയുകയും പൊലീസ് വാഹനo തകർക്കുകയും രണ്ടു വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു. ഇതിനിടെ വനിതാ തൊഴിലാളിക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ബിഹാറിൽ നിന്നുള്ള വനിതാ തൊഴിലാളിക്ക് വെടിയേറ്റു എന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. എന്നാൽ ദുരൂഹ സാഹചര്യത്തിലാണ് പരുക്കേറ്റതെന്നും അന്വേഷണം തുടരുകയാണെന്നുമാണ് പൊലീസ് പ്രതികരണം. സുരക്ഷ ശക്തമാക്കി എന്നും അന്വേഷണം തുടരുകയാണെന്നും യുപി പൊലീസ് അറിയിച്ചു. കർശന നടപടി സ്വീകരിക്കണമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശത്തിന് പിന്നാലെ പ്രദേശത്തേക്കുള്ള റോഡുകൾ അടച്ചത് ഡൽഹിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. പ്രശ്നപരിഹാര ചർച്ചകൾ തുടരുകയാണ്. പ്രതിഷേധിച്ചതിന്റെ പേരിൽ ഒരു തൊഴിലാളിക്കെതിരെയും നടപടി പാടില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഫാക്ടറികളുടെ പ്രവേശന കവാടങ്ങളിൽ സിസിടിവി ക്യാമറകൾ ഉണ്ടായിരിക്കണം. തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിച്ചാൽ കർശന നിയമനടപടി നേരിടേണ്ടി വരുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. യുപിയിൽ അടിസ്ഥാന ശമ്പളം 13000 രൂപയായിരിക്കെ ഹരിയാനയിൽ 19,000 ആയി ഉയർത്തിയിരുന്നു. ഒറ്റയടിക്ക് ശമ്പളം വർധിപ്പിച്ചാൽ വ്യവസായ മേഖലയ്ക്ക് കനത്ത ബാധ്യതയാകുമെന്നാണ് നോയിഡ എന്റർപ്രണേഴ്‌സ് അസോസിയേഷന്‍റെ നിലപാട്.