Untitled design - 1

TOPICS COVERED

പ്രണയസൗന്ദര്യഭാവനകളെ വികാരദീപ്തമാക്കിയ സ്വപ്നഗായിക ആശ ഭോസ്‍ലെ (92) അന്തരിച്ചു . പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നെഞ്ചിൽ അണുബാധയുണ്ടായി അവശയായിരുന്നെന്ന് ബന്ധുക്കള്‍ അറിയിച്ചു. 

 

കാലത്തെ അതിജീവിക്കുന്ന ശബ്ദം കൊണ്ട് വ്യത്യസ്തയായ ഗായിക പാടിവച്ചത് 20 ഭാഷകളിലായി 11,000 ലേറെ പാട്ടുകളാണ്. പത്മവിഭൂഷണ്‍, ദാദാ ഫാല്‍കെ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. സഹോദരി ലത മങ്കേഷ്കറിനൊപ്പം പാടിയത് 50 ഗാനങ്ങളാണ്. പ്രിയ പങ്കാളി R.D.ബര്‍മന്‍ ഈണമിട്ട് ആശ പാടിയത് അറുന്നൂറിലേറേയും. മലയാളത്തില്‍ ഒരു ഗാനം പാടിയിട്ടുണ്ട്, ‘സുജാത’യിലെ ‘സ്വയംവരശുഭദിന’ . 

 

പത്താംവയസില്‍ ചലച്ചിത്ര സംഗീത ലോകത്തേക്കെത്തി. ക്ലാസിക്കല്‍ സംഗീതം, നാടന്‍ പാട്ടുകള്‍, പോപ്, ഖവാലി, ഗസല്‍, ഭജന എന്നിവയെല്ലാം അനായാസേന കൈകാര്യം ചെയ്തു. 

1977 ൽ പുറത്തിറങ്ങിയ 'സുജാത' എന്ന മലയാള ചിത്രത്തിലും ആശാ ഭോസ്‌ലേ പാടി. സഹോദരി ലതാ മങ്കേഷ്കറെ അനുകരിക്കാന്‍ ശ്രമിക്കാതെ, സ്വന്തമായൊരു ശൈലി ഉണ്ടാക്കിയെടുക്കാനാണ് ആശാ ഭോസ്‌ലേ ശ്രമിച്ചത്. 

 

ബോളിവുഡിൽ ആശയിലെ പ്രതിഭ ആദ്യം തിരിച്ചറിഞ്ഞ ഒ.പി.നയ്യാർ 1956 ൽ സിഐഡി എന്ന ചിത്രത്തിലെ പാട്ടിലൂടെ ആശയ്ക്കൊരു ബ്രേക്ക് നൽകി. പിന്നീട് അങ്ങോട്ട് നയ്യാർ- ഭോസ്‌ലേ കൂട്ടുകെട്ടിൽ പിറന്നത് 300ലേറെ പാട്ടുകളായിരുന്നു. പിന്നീട് സംഗീതലോകം കണ്ട ഏറ്റവും മികച്ച കൂട്ടുകെട്ടാണ് പിറന്നത്. ആര്‍ ഡി ബര്‍മന്‍, ആശാ ബോസ്ലെ ഗാനങ്ങള്‍ ആ പ്രണയം പോലെ മധുരമുള്ളതായി.

 

അള്ളാ റഖ, എസ്.ഡി. ബർമ്മൻ, നൌഷാദ്, ഒ.പി.നയ്യാർ, ഇളയരാജ, എ.ആര്‍.റഹ്മാന്‍ എന്നു തുടങ്ങി  50 ഓളം സംഗീത സംവിധായകര്‍ക്ക് വേണ്ടി ആശാ ഭോസ്‌ലേ പാടിയിട്ടുണ്ട്. 1990കളിലും 2000ന്റെ തുടക്കത്തിലും എ.ആര്‍.റഹ്മാനൊപ്പം ചേര്‍ന്ന് ഹിറ്റ് ഐകോണിക് പാട്ടുകള്‍. കഭി തോ നസര്‍മിലാവോ പോലുള്ള ഗാനങ്ങളിലൂടെ പുതിയ തലമുറയുടെയും പ്രിയങ്കരിയായി.

 

ഗ്രാമി അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരിയും ആശാ ഭോ‌സ്‌ലേ തന്നെ. 2000ല്‍ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരവും 2008 ൽ പത്മവിഭൂഷണും നല്‍കി രാജ്യം ഈ 'മെലഡി റാണി'യെ ആദരിച്ചു. തനതായ 'ഭോസ്‌ലേ ടച്ച്' നൽകി ആശ പാടിയ പാട്ടുകളെയെല്ലാം അനശ്വരമാക്കി.ഒരിയ്ക്കലും പ്രായമാവാത്ത, കാലത്തെ അതിജീവിക്കുന്ന ശബ്ദം തന്നെയാണ് ആശാ ഭോസ്‌ലേ എന്ന ഗായികയെ വ്യത്യസ്തയാക്കുന്നത്. 

ENGLISH SUMMARY:

Legendary singer Asha Bhosle passes away at 92. She was undergoing treatment at Mumbai's Breach Candy Hospital following a sudden illness.