ഉത്തർപ്രദേശിലെ മഥുരയിൽ ഭക്തർ സഞ്ചരിച്ച ടൂറിസ്റ്റ് ബോട്ട് യമുനാ നദിയിൽ മുങ്ങി പത്ത് പേർ മരിച്ചു. പഞ്ചാബിലെ ലുധിയാനയിൽ നിന്ന് വൃന്ദാവനിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ എത്തിയ തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. ഏകദേശം 30 യാത്രക്കാരുമായി നദിയിൽ സർവീസ് നടത്തിയ ബോട്ട് ശക്തമായ ഒഴുക്കിൽപ്പെട്ട് പോണ്ടൂൺ പാലത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്.

മഥുരയിലെ കേശി ഘട്ടിന് സമീപം ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം. അപകടത്തിൽപ്പെട്ട 22 പേരെ ഉടൻ തന്നെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിൽ പതിനഞ്ചോളം പേർ വൃന്ദാവനിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ലുധിയാനയിൽ നിന്ന് 150 പേരടങ്ങുന്ന വലിയൊരു സംഘമാണ് തീർത്ഥാടനത്തിനായി എത്തിയതെന്നും ഇതിലെ ഒരു വിഭാഗമാണ് ബോട്ട് സവാരിക്ക് പോയതെന്നും പൊലീസ് വ്യക്തമാക്കി.

സംഭവസ്ഥലത്ത് എൻ.ഡി.ആർ.എഫ് (NDRF), പി.എ.സി മുങ്ങൽ വിദഗ്ധർ, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ ഊർജിതമായ രക്ഷാപ്രവർത്തനം തുടരുകയാണ്. ജില്ലാ മജിസ്‌ട്രേറ്റ് സി.പി. സിംഗ്, സീനിയർ പൊലീസ് സൂപ്രണ്ട് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. കാണാതായവർക്കായി തിരച്ചിൽ തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ആശങ്ക. കൃത്യമായ എത്ര പേർ സുരക്ഷിതരാണെന്ന് കണ്ടെത്താൻ അധികൃതർ അന്വേഷണം നടത്തിവരികയാണ്.

ENGLISH SUMMARY:

Mathura boat accident claimed ten lives when a tourist boat carrying devotees capsized in the Yamuna River. Rescue operations are underway with NDRF and police involved to find any remaining missing individuals.