പ്രതീകാത്മക ചിത്രം
യാത്രക്കിടെ ആകാശത്തുവച്ച് എയര്‍ ഇന്ത്യ വിമാനത്തിന്‍റെ രണ്ടാമത്തെ എന്‍ജിന്‍ നിലച്ചു. ജാഗ്രതാ സന്ദേശം നൽകി വിമാനം അടിയന്തരമായി തിരിച്ചിറക്കി പൈലറ്റുമാര്‍. വ്യാഴാഴ്ച മുംബൈ– ബെംഗളൂരു AI 2812 വിമാനത്തിലാണ് സംഭവം.
എയർബസ് എ 320 നിയോ വിഭാഗത്തിൽപ്പെട്ട വിമാനമാണിത്. രാവിലെ 2.05 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം പത്ത് മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്. പിന്നാലെ എന്‍ജിന്‍ പരാജയത്തെ തുടര്‍ന്ന് 2.35 ഓടുകൂടി വിമാനം നിലത്തിറക്കുകയും ചെയ്യുകയായിരുന്നു. 47 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്.
വിമാനം പറന്നുയരുന്ന സമയത്ത് വലിയ ശബ്ദം കേട്ടതായും തീപ്പൊരി കണ്ടതായും റിപ്പോർട്ടുകളുണ്ട്. പൈലറ്റ് ഉടന്‍ ജാഗ്രതാ സന്ദേശം പുറപ്പെടുവിക്കുകയും പുറപ്പെട്ട് മിനിറ്റുകൾക്കുള്ളിൽ വിമാനം വിമാനത്താവളത്തിലേക്ക് മടങ്ങുകയുമായിരുന്നു. പിന്നീടുള്ള പരിശോധനയിലാണ് വിമാനത്തിന്റെ രണ്ടാമത്തെ എൻജിൻ പ്രവർത്തനരഹിതമായതായി കണ്ടെത്തിയെതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, സാങ്കേതിക തകരാർ സംശയത്തെ തുടര്‍ന്ന് മുംബൈയിൽനിന്ന് ബെംഗളൂരുവിലേക്ക് പോയ വിമാനം മുംബൈയിലേക്ക് തന്നെ തിരിച്ചുവിട്ടതായി എയർഇന്ത്യ അറിയിച്ചു. വിമാനത്തിലെ യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയതായും വിമാനം പരിശോധനകൾക്ക് വിധേയമാക്കിയതായും എയർഇന്ത്യ പറഞ്ഞു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിക്കുയും ചെയ്തിട്ടുണ്ട്. മണിക്കൂറുകള്‍ വൈകി പുലർച്ചെ 4.45 ഓടെയാണ് ബദലായി ഏര്‍പ്പെടുത്തിയ വിമാനം ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്.