nashik-well-accident-tragedy

സ്കൂൾ വാർഷികദിനം വേദിയില്‍ നൃത്തം ചെയ്ത സന്തോഷത്തില്‍ വീട്ടിലേക്ക് തിരിച്ച ആറ് കുരുന്നുകള്‍... അവരുടെ കുടുംബം. ആ രാത്രി വീട്ടിലേക്കുള്ള മടക്കയാത്ര ദുരന്തയാത്രയാകുമെന്ന് അവര്‍ ചിന്തിച്ചുപോലും കാണില്ല. നിമിഷ നേരം കൊണ്ടാണ് ആ കുരുന്ന് കളിചിരികള്‍ ഒരു കിണറ്റില്‍ മുങ്ങിത്താഴ്ന്നത്!

വെള്ളിയാഴ്ച രാത്രിയാണ് മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് 20 കിലോമീറ്റർ അകലെ ദിൻഡോരിയിൽ സ്കൂൾ വാർഷികം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വാഹനം കിണറ്റിൽ വീണ് ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചത്. സുനിൽ ദത്താത്രേയ ദർഗോഡെ (34), ഭാര്യ രേഷ്മ (30), മകൾ രാഖി (10), സഹോദരപുത്രിമാരായ മാധുരി (13), ശ്രാവണി (11), ആശ അനിൽ ദർഗോഡെ (32), മകൻ ശ്രേയസ് (11), മകൾ സൃഷ്ടി (14), സഹോദരപുത്രി സമൃദ്ധി (7) എന്നിവരാണ് മരിച്ചത്.

ശിവാജി നഗറിന് സമീപമായിരുന്നു അപകടം. ഇരുട്ടിൽ ഡ്രൈവർക്ക് കിണർ കാണാൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ, നിയന്ത്രണംവിട്ട കാർ റോഡിൽനിന്ന് തെന്നിമാറി സമീപത്തെ ആഴമുള്ള കിണറ്റിലേക്ക് വീണു. മുഴുവൻ യാത്രക്കാരും അതിനുള്ളിൽ കുടുങ്ങുകയുമായിരുന്നു. സംഭവമറിഞ്ഞ ഉടൻ അഗ്നിശമനസേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാല്‍ കിണർ പൂർണമായും വെള്ളം നിറഞ്ഞ അവസ്ഥയിലായിരുന്നത് രക്ഷാദൗത്യം ദുഷ്കരമാക്കി.

രണ്ട് മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിൽ ശനിയാഴ്ച പുലർച്ചെ 12.15 ഓടെയാണ് ക്രെയിനുകൾ ഉപയോഗിച്ച് വാഹനം പുറത്തെടുത്തത്. കാറിൽനിന്ന് ഒൻപത് മൃതദേഹങ്ങളും കണ്ടെടുത്തു. കോൺക്രീറ്റ് റോഡിന്‍റെ അറ്റത്തുള്ള 40 അടി ആഴമുള്ള കിണർ ഏതാനും അടി ഉയരത്തിൽ മാത്രം ഭിത്തി കെട്ടി മറച്ച നിലയിലായിരുന്നു.

കിണർ പതിറ്റാണ്ടുകളായി ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മുന്‍പ് ഒരു ബൈക്ക് യാത്രികനും ഒരു പശുവും കിണറ്റിൽ വീണിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. സംഭവത്തില്‍ മരിച്ച കാര്‍ ഡ്രൈവറെയും കിണര്‍ ഇരിക്കുന്ന സ്ഥലത്തിന്‍റെ ഉടമ രാജേന്ദ്ര രാജെയ്ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കേസിൽ രണ്ടാം പ്രതിയാണ് രാജേന്ദ്ര. ഇയാളെ കണ്ടെത്താന്‍ നാസിക് റൂറൽ പൊലീസ് രണ്ട് ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. അതേസമയം, ദിൻഡോരി പൗരസമിതി ഇടപെട്ട് കിണര്‍ മൂടിയിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു.

ENGLISH SUMMARY:

In a heartbreaking accident near Dindori, Nashik, nine members of a family died after their car fell into a deep, unprotected well while returning from a school annual day function. The victims include Sunil Dargode, his wife, and six children aged between 7 and 14. Police report that the driver failed to see the well in the dark, leading the vehicle to skid into the water-filled pit. Authorities have booked the well owner for negligence as local residents claim the well had been a hazard for decades. Rescue operations took over two hours to recover the bodies from the 40-foot deep well.