nit-silchar

Image Credit: Twitter/X

പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന ക്യാംപസ് ഹോസ്റ്റലില്‍ നഗ്നനായി അതിക്രമിച്ച് കയറി വിദ്യാര്‍ഥി. അസമിലെ സില്‍ച്ചര്‍ എന്‍ഐടി ക്യാംപസ് ഹോസ്റ്റലിലാണ് സംഭവം. ഇതേ ക്യാംപസില്‍ പഠിക്കുന്ന എംബിഎ വിദ്യാര്‍ഥിയാണ് പ്രതി. രാത്രി ഹോസ്റ്റലില്‍ നഗ്നനായി കയറിക്കൂടിയ പ്രതി ഉച്ചത്തില്‍ ബഹളം വച്ച് വരാന്തയിലൂടെ ഓടിയതോടെ വിദ്യാര്‍ഥിനികള്‍ ഭയന്ന് നിലവിളിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരാണ് ഇയാളെ ബലംപ്രയോഗിച്ച് ഹോസ്റ്റിലില്‍ നിന്നും പുറത്താക്കിയത്. സംഭവത്തിന് പിന്നാലെ ക്യാംപസ് ഹോസ്റ്റലിലെ സുരക്ഷയില്‍ വലിയ ആശങ്കയാണ് ഉയരുന്നത്.

രാത്രി പുറത്ത് നിന്ന് ആര്‍ക്കും തന്നെ പ്രവേശനമില്ലാത്ത ക്യാംപസ് ഹോസ്റ്റലിലാണ് സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് പ്രതി അതിക്രമിച്ച് കയറിയത്. ഹോസ്റ്റലിനുളളില്‍ കടന്നെങ്കിലും പ്രതി വിദ്യാര്‍ഥിനികളെയാരെയും ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സംഭവത്തില്‍ വിദ്യാര്‍ഥിനികളില്‍ പലരും ഭയന്ന് പോയെന്നും ഹോസ്റ്റിലിലെ സുരക്ഷാക്രമീകരണത്തില്‍ ആശങ്കയറിയിച്ചെന്നും അധികൃതര്‍ പറയുന്നു. സംഭവത്തില്‍ മറ്റ് വിദ്യാര്‍ഥികളും പ്രതിഷേധിച്ചു.

അതേസമയം എംബിഎ വിദ്യാര്‍ഥി കൂടിയായ പ്രതിയുടെ അതിക്രമിച്ച് കയറ്റത്തിനും നഗ്നതാപ്രദര്‍ശനത്തിനും പിന്നില്‍ മാനസിക രോഗമോ മദ്യപാനമോ ലഹരി ഉപയോഗമോ ആകാനാണ് സാധ്യതയെന്ന് സില്‍ച്ചര്‍ എന്‍ഐടി ക്യാംപസ് ഡയറക്ടര്‍ പ്രൊഫ.ദിലിപ് കുമാര്‍ ബൈദ്യ പറയുന്നു. പ്രതിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചെന്നും ക്യാംപസില്‍ നിന്നും പുറത്താക്കിയെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ഹോസ്റ്റലിലെ സുരക്ഷാക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും ഇപ്പോള്‍ സംഭവിച്ചത് ഇനിയൊരിക്കലും സംഭവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ENGLISH SUMMARY:

A distressing incident occurred at the all-girls hostel of NIT Silchar, where an MBA student allegedly entered the premises nude. This has raised significant concerns about campus safety and security protocols.