Image Credit : ANI
കാലാവധി കഴിഞ്ഞ ശീതളപാനീയങ്ങളും ബിസ്ക്കറ്റുകളും വ്യാജ ടൂത്ത്പേസ്റ്റുകളും വില്‍ക്കുന്ന വന്‍സംഘം ഡല്‍ഹിയില്‍ പിടിയില്‍. ഡല്‍ഹിയിലെ ദ്വാരകയില്‍ നിന്നാണ് സംഘം പിടിയിലായത്. പൊതുജനാരോഗ്യത്തിന് ഭീഷണ ഉയര്‍ത്തുന്ന നിരവധി ഉല്‍പന്നങ്ങള്‍ പൊലീസ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തു. പ്രമുഖ ബ്രാന്‍ഡിന്‍റെ ലേബലില്‍ വില്‍ക്കുന്ന വ്യാജ ടൂത്ത്പേസ്റ്റുകള്‍ വലിയ പ്ലാസ്റ്റിക് ഡ്രമ്മുകളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ചിരിക്കുന്നതും പൊലീസ് പിടികൂടി.
മാര്‍ച്ച് 29-ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്, പൊലിസ് ബാംനോളി ഗ്രാമത്തിലെ ഒരു ഗോഡൗണിൽ റെയ്ഡ് നടത്തിയത്. റെയ്ഡില്‍ കണ്ടെത്തിയതാകട്ടെ കാലാവധി കഴിഞ്ഞ നിരവധി ശീതളപാനീയങ്ങളും ബിസ്ക്കറ്റുകളും. ഈ ശീതളപാനീയങ്ങളെല്ലാം തന്നെ പ്രമുഖ ബ്രാന്‍ഡിന്‍റേതായിരുന്നു. കാലാവധി കഴിഞ്ഞവ പുതിയ ബാച്ച് നമ്പറും തിയതിയും ചേര്‍ത്ത് വീണ്ടും ലോക്കല്‍ മാര്‍ക്കറ്റില്‍ വില്‍ക്കുകയാണ് ചെയ്യുന്നത്. പഴകിയ ബിസ്ക്കറ്റുകളടക്കം പുതിയ ലേബലില്‍ വിപണിയിലെത്തിക്കുകയാണ് പ്രതികള്‍ ചെയ്യുന്നത്. സംഭവത്തില്‍ ശിവം സിങ്, ലോകേഷ് കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും നടത്തിപ്പുകാര്‍ മാത്രമാണെന്ന് തിരിച്ചറിഞ്ഞതോടെ ഗോഡൗണ്‍ ഉടമയും സ്ഥാപന നടത്തിപ്പുകാരനുമായ കമല്‍ മുഡ്ഗിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പിന്നീട് നടത്തിയ മറ്റൊരു അന്വേഷണത്തിലാണ് ഡല്‍ഹിയെ കഞ്ജാവാല പ്രദേശത്ത് നിന്ന് വ്യാജ ടൂത്ത് പേസ്റ്റ് വില്‍പ്പന സംഘം പിടിയിലായത്. വൃത്തിഹീനമായ സാഹചര്യത്തില്‍ നിര്‍മിച്ച് തീരെ സുരക്ഷിതമല്ലാത്ത തരത്തില്‍ പ്ലാസ്റ്റിക് ഡ്രമ്മുകളില്‍ നിറച്ച നിലയിലാണ് പൊലീസ് ടൂത്ത് പേസ്റ്റ് ശേഖരം കണ്ടെത്തിയത്. പായ്ക്ക് ചെയ്യാനും ടൂത്ത് പേസ്റ്റ് ട്യൂബിലേക്ക് ഫില്‍ ചെയ്യാനും ലേബല്‍ ഒട്ടിക്കാനുമെല്ലാം പ്രത്യേക സംവിധാനവും പൊലീസ് ഇവിടെ നിന്ന് കണ്ടെത്തി. പ്രമുഖ ബ്രാന്‍ഡായ സെന്‍സൊഡൈന്‍റെ പേരിലാണ് ഈ വ്യാജ ടൂത്ത് പേസ്റ്റ് സംഘം വിറ്റിരുന്നത്. സംഭവത്തില്‍ ആറുപേരെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. റെയ്ഡിന് പിന്നാലെ എഫ്എസ്എസ്എഐ സംഘം ഗോഡൗണുകളില്‍ പരിശോധന നടത്തിയെന്നും വ്യാജ ഉല്‍പന്നങ്ങള്‍ പിടിച്ചെന്നും തെളിവുകള്‍ ശേഖരിച്ചെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.