sara-arjun-casting

Image Credit : Instagram

ബോക്സ് ഓഫീസില്‍ വിജയക്കുതിപ്പ് തുടരുകയാണ് രണ്‍വീര്‍ സിങ് നായകനായ ധുരന്ധര്‍ 2. ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധര്‍ ദ് റിവഞ്ച് എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ധുരന്ധര്‍ ആദ്യഭാഗം പോലെ തന്നെ കലക്ഷന്‍ റെക്കോര്‍ഡിലും ഞെട്ടിക്കുകയാണ് രണ്ടാം ഭാഗം. ചിത്രം ഇതിനോടകം 1500 കോടി ആഗോള കലക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ സാറ അര്‍ജുനെ നായികയാക്കാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ കാസ്റ്റിങ് ഡയറക്ടറും നടനുമായ മുകേഷ് ഛബ്ര.

രണ്‍വീറിന്‍റെ നായികാകഥാപാത്രമായ യലീനയെ അവതരിപ്പിക്കാന്‍ അവസരം ചോദിച്ച് നിരവധി നടിമാര്‍ സംവിധായകന്‍ ആദിത്യയെ സമീപിച്ചിരുന്നെന്ന് മുകേഷ് പറയുന്നു. തനിക്കും ആദിത്യക്കും നിരവധി പേര്‍ അവസരം ചോദിച്ച് മെസേജ് അയച്ചു. എന്നാല്‍ പാക്കിസ്ഥാനില്‍ നിന്നുളള ആളായി തോന്നിക്കുന്ന മുഖമായിരുന്നു തങ്ങള്‍ക്ക് വേണ്ടിയിരുന്നത്. അങ്ങനെയൊരു മുഖത്തെയാണ് നമ്മള്‍ തിരഞ്ഞെടുക്കേണ്ടതെന്ന് താന്‍ ആദിത്യയോട് പറഞ്ഞിരുന്നെന്നും മുകേഷ് പറഞ്ഞു. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുകേഷ് മനസുതുറന്നത്.

രണ്‍വീറിന്‍റെ കഥാപാത്രം പാക്കിസ്ഥനിലെത്തി, നായികയെ കണ്ടുമുട്ടുകയാണ് ചെയ്യുന്നത്. അതിന് ഒരു പുതിയ മുഖം തന്നെ വേണമെന്ന തോന്നലാണ് സാറ അര്‍ജുനിലേക്ക് എത്തിച്ചത്. സാറ മുന്‍പും ചിത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ബോളിവുഡില്‍ ഒരു മുഴുനീള കഥാപാത്രം ഇതാദ്യമാണ്. ഈ പെൺകുട്ടി ആരാണെന്ന് ആളുകൾ അത്ഭുതപ്പെടണം എന്നുണ്ടായിരുന്നു. അങ്ങനെയാണ് സാറയെ നായികയാക്കാം എന്ന ചിന്തയിലേക്ക് എത്തിയതെന്നും മുകേഷ് പറയുന്നു. 1300ലധികം പേരെ ഒഡീഷന്‍ ചെയ്തു. അവസാനമാണ് സാറയാണ് ഞങ്ങളുടെ നായിക എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും മുകേഷ് വ്യക്തമാക്കി.

ചിത്രത്തില്‍ രണ്‍വീറിനൊപ്പം തന്നെ മികച്ച കയ്യടിയാണ് സാറ അര്‍ജുന്‍ നേടിയത്. നായകനും നായികയും തമ്മിലുളള പ്രായ വ്യത്യാസം സിനിമയെ ബാധിക്കുമെന്ന അഭ്യൂഹങ്ങള്‍ കാറ്റില്‍പ്പറത്തി ചിത്രം റെക്കോര്‍ഡ് കലക്ഷന്‍ സ്വന്തമാക്കി. ധുരന്ധര്‍ 2 രണ്ടായിരും കോടി ക്ലബില്‍ കയറുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ENGLISH SUMMARY:

Dhurandhar 2 is a massive box office success, with the Ranveer Singh starrer already collecting 1500 crore globally. The film's casting director, Mukhesh Chhabra, revealed the reasons behind selecting Sarah Arjun as the female lead.