എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

രാജ്യത്ത് ഇന്റർനെറ്റ് കണക്റ്റഡ് സിസിടിവി ക്യമാറകള്‍ വില്‍ക്കുന്നതിനും നിര്‍മ്മിക്കുന്നതിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രം. സുരക്ഷ മെച്ചപ്പെടുത്തുന്നതിനും വിദേശ ഹാർഡ്‌വെയറുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമാണ് നീക്കം. സ്റ്റാൻഡേർഡൈസേഷൻ ടെസ്റ്റിങ് ആൻഡ് ക്വാളിറ്റി സർട്ടിഫിക്കേഷൻ (STQC) ഇല്ലാത്ത ഒരു ക്യാമറയും ഇനി രാജ്യത്ത് വിൽക്കാൻ സാധിക്കില്ല. നോൺ- സർട്ടിഫൈഡ് ആയ ചൈനീസ് നിർമിത ഇന്റർനെറ്റ് ക്യാമറകളുടെ വിൽപനയും ഇന്ത്യയിൽ നിരോധിച്ചു കഴിഞ്ഞു. ഏപ്രിൽ മുതലാണ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നത്.

ഇന്ത്യയിൽ വിൽക്കുന്ന എല്ലാ സിസിടിവി ക്യാമറകൾക്കും സർക്കാരിന്റെ സ്റ്റാൻഡേർഡൈസേഷൻ ടെസ്റ്റിങ് ആൻഡ് ക്വാളിറ്റി സർട്ടിഫിക്കേഷൻ (എസ്ടിക്യുസി) ക്ലിയറൻസ് ലഭിക്കണം എന്നതാണ് പ്രധാന നിബന്ധന. ഈ നിയമങ്ങൾ പ്രകാരം കമ്പനികൾ ഇനി ഉപയോഗിക്കുന്ന ചിപ്പുകളുടെ ഉറവിടം വ്യക്തമാക്കണം. ചിപ്പുകൾ ചൈനീസ് നിർമിതമാണെങ്കിൽ ആ ക്യാമറകൾക്ക് സർട്ടിഫിക്കേഷൻ ലഭിക്കില്ല. ചിപ്പ് മാത്രമല്ല, ക്യാമറയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയറുകളിലോ ഘടകങ്ങളിലോ ചൈനീസ് സാന്നിധ്യം ഉണ്ടെങ്കിൽ ആ ഉൽപ്പന്നങ്ങൾക്കും സർട്ടിഫിക്കേഷൻ ലഭിക്കില്ല. മാത്രമല്ല, ഉത്പന്നങ്ങള്‍ സൈബർ സുരക്ഷാ പരിശോധനകളിൽ വിജയിക്കണം, കൂടാതെ അനധികൃതമായി റിമോട്ട് ആക്‌സസ് ചെയ്യാന്‍ സാധിക്കുന്നവയായിരിക്കരുത് ഇവ.

ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സൈബർ ലോകത്തെ അപകടസാധ്യതകൾ കുറയ്ക്കുന്നതിനും ചൈനീസ് സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് ഈ തീരുമാനം. അനധികൃതമായും വിദൂരമായും ആക്‌സസ് ചെയ്യാൻ കഴിയുമെന്നതിനാലാണ് ഇന്റർനെറ്റ് കണക്റ്റഡ് സിസിടിവി ക്യമാറകളെ ഭീഷണിയായി കണക്കാക്കുന്നത്. ഇത് ഡാറ്റ സ്വകാര്യതയെയും കുറിച്ചും രാജ്യം നിരീക്ഷിക്കപ്പെടുന്നതിനെ കുറിച്ചും ആശങ്കകൾ ഉയർത്തുന്നത്. അടുത്തിടെ ഇറാനെ ആക്രമിക്കുന്നതിനായി വര്‍ഷങ്ങളോളം ടെഹ്റാനിലെ ട്രാഫിക് ക്യാമറകള്‍ മൊസാദും സിഐഎയും ഹാക്ക് ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിലൂടെ ഉദ്യോഗസ്ഥരുടെ വരവും പോക്കും ഇസ്രയേലും അമേരിക്കയും കൃത്യമായി കണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതേസമയം കഴിഞ്ഞ രണ്ട് വർഷമായി ഇതിനുള്ള തയാറെടുപ്പിലായിരുന്നു കേന്ദ്ര സർക്കാർ എന്നും റിപ്പോര്‍ട്ടുണ്ട്.

ചൈനീസ് വിഡിയോ സർവൈലൻസ് കമ്പനികളായ ഹിക്വിഷൻ, ദഹുവ, ടിപി- ലിങ്ക് തുടങ്ങിയ കമ്പനികളെയാണ് നിയന്ത്രണം ഏറ്റവും കൂടുതല്‍ ബാധിക്കുക. ഇന്ത്യയുടെ സിസിടിവി വിപണിയുടെ വലിയൊരു പങ്ക് ഈ ബ്രാൻഡുകളുടെ കൈവശമാണ്. അടുത്ത കാലം വരെ മൊത്തം വിൽപ്പനയുടെ ഏകദേശം മൂന്നിലൊന്ന് ഈ ചൈനീസ് കമ്പനികളായിരുന്നു. എന്നാല്‍ ഇന്ന് വിപണിയുടെ 80% ആഭ്യന്തര ബ്രാൻഡുകളാണ്.

അതേസമയം, നിയന്ത്രണം നിലവില്‍ വന്നതോടെ ഡല്‍ഹിയില്‍ സ്ഥാപിച്ചിട്ടുള്ള ചൈനീസ് നിര്‍മിത സിസി ടിവി ക്യാമറകളും മാറ്റും. 1.4 ലക്ഷം സിസിടിവി ക്യാമറകളാണ് മാറ്റി സ്ഥാപിക്കുകയെന്ന് ഡല്‍ഹി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ഡല്‍ഹിയില്‍ ആകെ സ്ഥാപിച്ചിട്ടുള്ള 2.74 ലക്ഷം ക്യാമറകളില്‍നിന്നാണ് 1.4 ലക്ഷം സിസിടിവി ക്യാമറകള്‍ മാറ്റി സ്ഥാപിക്കുക. സുരക്ഷാ നിരീക്ഷണത്തെ ബാധിക്കാത്ത രീതിയിൽ ഘട്ടംഘട്ടമായിട്ടായിരിക്കും പഴയ ക്യാമറകൾ മാറ്റി പുതിയത് സ്ഥാപിക്കുക.

ENGLISH SUMMARY:

The Government of India has imposed a strict ban on non-certified internet-connected CCTV cameras, primarily targeting Chinese-made hardware. Starting April 2026, all CCTV cameras must obtain STQC certification, ensuring they are free from foreign chips or software that could allow unauthorized remote access. This move aims to bolster national security and protect data privacy, following global reports of camera hacking. Delhi PWD has already announced plans to replace 1.4 lakh Chinese cameras with secure indigenous alternatives.