പഞ്ചാബിലെ പട്യാലയിൽ പിറ്റ്ബുൾ ആക്രമണത്തിൽ ദമ്പതികൾക്ക് ഗുരുതര പരുക്ക്. ഷിഫാലി, ഭര്‍ത്താവ് അങ്കിത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഷിഫാലിയെ ശസ്ത്രക്രീയയ്ക്ക് വിധേയയാക്കി.

വാടകയ്ക്ക് വീട് നോക്കാനെത്തിയതായിരുന്നു പട്യാല സ്വദേശികളായ അങ്കിത് സബർവാളും ഭാര്യ ഷിഫാലിയും. പ്രോപ്പർട്ടി ഡീലർക്കൊപ്പമാണ് ഇരുവരും എത്തിയത്. വീടിന്‍റെ ഗേറ്റ് തുറന്നതോടെ പിറ്റ്ബുൾ പുറത്തേക്ക് പാഞ്ഞെത്തി ഷിഫാലിയെ ആക്രമിച്ചു. കൈയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവുകളുണ്ട്. ഷിഫാലിയെ ശസ്ത്രക്രീയയ്ക്ക് വിധേയയാക്കി.

ഷിഫാലി സ്വകാര്യ ആശുപത്രിയിൽ ചികില്‍സയിലാണ്. ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അങ്കിതിനും നായയുടെ കടിയേറ്റു. കാലുകളിലും മുതുകിലും ആഴത്തിലുള്ള മുറിവുകളുണ്ട്. ആക്രമണത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സമീപവാസികൾ വടികളുമായി എത്തിയാണ് നായയെ പിന്തിരിപ്പിച്ചത്. പൊലീസിന് പരാതി നല്‍കിയതായി അങ്കിത് പറഞ്ഞു. നഗരത്തിൽ രൂക്ഷ സ്വഭാവമുള്ള നായകളെ വളർത്തുന്നത് നിരോധിക്കുമെന്ന് പട്യാല മേയർ കുന്ദൻ ഗോഗിയ അറിയിച്ചു.

ENGLISH SUMMARY:

A pitbull attack in Patiala, Punjab, has left a couple with severe injuries after they were bitten while viewing a rental property. The incident, captured on CCTV, led to significant wounds requiring medical attention for both individuals.