ചണ്ഢിഗഡിലും ഹരിയാനയിലും നിന്ന് ബൈക്കുകള്‍ മോഷ്ടിച്ച് പഞ്ചാബില്‍ വില്‍ക്കുന്ന ജെന്‍ സീ കൊള്ളസംഘം പിടിയില്‍. 20 വയസ് മാത്രം പ്രായമുള്ള രണ്ടുപേരാണ് സംഘത്തിലെ പ്രധാനികള്‍. ചണ്ഢിഗഡിനടുത്ത് ദാദുമാജ്രയിലെ ദ്രോണാചാര്യ സ്റ്റേഡിയത്തിന് സമീപം സ്കൂട്ടറിലെത്തിയ യുവാക്കളെ കണ്ട് പൊലീസുകാര്‍ക്ക് സംശയം തോന്നിയതോടെയാണ് വന്‍ വാഹനമോഷണ ശൃംഖലയുടെ ചുരുളഴിഞ്ഞത്. വാഹനത്തിന്‍റെ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ പരുങ്ങിയ രണ്ടുപേരെയും ഒപ്പമെത്തിയ മറ്റ് രണ്ടുപേരെയും പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തപ്പോള്‍ സ്കൂട്ടറുകള്‍ മോഷ്ടിച്ചതാണെന്ന് വെളിപ്പെടുത്തി.
പഞ്ചാബിലെ ഫിറോസ്പുര്‍ സ്വദേശികളായ അജയ് കുമാര്‍ (20), സുഖ്‍വിന്ദര്‍ സിങ് (20), രഷ്പാല്‍ സിങ് (25), മോഗ ജില്ലക്കാരനായ ഗുര്‍ജീത് സിങ് (23) എന്നിവരാണ് പിടിയിലായത്. വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച ഹോണ്ട ആക്ടിവ സ്കൂട്ടറുകളാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. വിശദമായി ചോദ്യം ചെയ്തപ്പോള്‍ സംഘത്തില്‍ പതിനാല് പേരുണ്ടെന്ന് അവര്‍ വെളിപ്പെടുത്തി. ഫിറോസ്പുരിലെ ട്രൈസിറ്റി മേഖലയില്‍ നിന്നുള്ളവരാണ് സംഘാംഗങ്ങളില്‍ ഏറെയും.
ചണ്ഢിഗഡിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഹരിയാന അതിര്‍ത്തിയില്‍ നിന്നുമെല്ലാം ബൈക്കുകളും സ്കൂട്ടറുകളും മോഷ്ടിക്കും. ഏറ്റവും അടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് വണ്ടിയുടെ നമ്പര്‍ പ്ലേറ്റ് മാറ്റി വ്യാജ നമ്പര്‍ പ്ലേറ്റ് പതിക്കും. പിന്നെ ഫിറോസ്പുരിലും മോഗയിലും എത്തിച്ച് പന്ത്രണ്ടായിരം മുതല്‍ പതിനയ്യായിരം രൂപ വരെ വിലയ്ക്ക് വില്‍ക്കും. ഇത്തരത്തില്‍ ഇരുപതോളം ബൈക്ക് മോഷണക്കേസുകളില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി.
പ്രതികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് 9 ബൈക്കുകള്‍ കണ്ടെത്തി. റോയല്‍ എന്‍ഫീല്‍ഡും ഹീറോ സ്പ്ലെന്‍ഡറുമാണ് പ്രതികള്‍ കൂടുതലായി ഉന്നമിട്ടിരുന്നത്. പിടിയിലായ രണ്ടുപേരെ കോടതി റിമാന്‍ഡ് ചെയ്തു. മറ്റുരണ്ടുപേര്‍ അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലാണ്. സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താന്‍ വിപുലമായ അന്വേഷണം നടത്തിവരികയാണെന്ന് മലോയ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ജസ്ബീര്‍ സിങ് അറിയിച്ചു.