ശാന്തിക്കും സമാധാനത്തിനുമായാണ് സാധാരണ മനുഷ്യര്‍ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നത്. എന്നാല്‍ ആരാധനാലയം തന്നെ കലാപകലുഷിതമായ രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മഹാരാഷ്ട്രയിലെ കോലപ്പൂരിലെ ജ്യോതിബ ക്ഷേത്രത്തിലാണ് പൂജാരിമാര്‍ തന്നെ കൂട്ടം ചേര്‍ന്ന് ഭക്തരെ മര്‍ദിച്ചത്.  

കഴിഞ്ഞ മാര്‍ച്ച് 22-നാണ് സംഭവം നടന്നത്. ക്ഷേത്രപരിസരത്ത് വച്ച് പതിനഞ്ചോളം പൂജാരിമാർ ചേർന്ന് ഭക്തരെ വലിച്ചിഴയ്ക്കുകയും അടിക്കുകയും ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഓടിപ്പോകാന്‍ ശ്രമിച്ചവരെ പിടിച്ചുവലിച്ചുകൊണ്ടുവന്ന് വീണ്ടും മര്‍ദിച്ചു. ക്ഷേത്ര സമുച്ചയത്തിലുടനീളം പൂജാരിമാർ ഭക്തരെ ഓടിച്ചു. തേങ്ങ കൊണ്ട് എറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. 

അതേസമയം ഭക്തര്‍ പ്രശ്നങ്ങളുണ്ടാക്കിയതുകൊണ്ടാണ് പൂജാരിമാര്‍ അക്രമാസക്തരായതെന്നാണ് വിശദീകരണം. മുന്നറിയിപ്പുകള്‍ കൊടുത്തെങ്കിലും ഇവര്‍ പിന്മാറിയില്ല. ആരതി തടസ്സപ്പെടുത്തിയെന്നും പൂജാരിമാർക്ക് നേരെ പൊടി എറിഞ്ഞെന്നും ക്ഷേത്രം ട്രസ്റ്റ് ആരോപിക്കുന്നു. 

എന്നാൽ പൂജാരിമാരുടെ അതിക്രമം വലിയ രീതിയിലുള്ള പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വിഡിയോ വൈറലായി സംഭവം വിവാദമായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഭക്തരോടുള്ള പൂജാരിമാരുടെ ഈ പെരുമാറ്റത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്.

ENGLISH SUMMARY:

Kolhapur Jyotiba Temple Violence is currently a major concern with a video circulating online showing priests assaulting devotees at the Jyotiba Temple in Kolhapur, Maharashtra. This incident has sparked widespread criticism and led to a police investigation.