AI Generated Image

മഹാരാഷ്ട്രയിലെ നാഗ്പൂരിന് സമീപമുള്ള ഗ്രാമത്തിൽ 12 വയസ്സുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിന് ശേഷം കല്ലുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ 30 വയസുകാരനായ രാഹുൽ രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന്റെ വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ ‌ജോലി ചെയ്തുവരികയായിരുന്നു.

സംഭവസ്ഥലത്ത് നടത്തിയ പരിശോധനയിൽ പെൺകുട്ടിയെ ആക്രമിക്കാൻ ഉപയോഗിച്ചതാകാമെന്ന് കരുതുന്ന കല്ല് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ മൃതദേഹം ഭാഗികമായി വസ്ത്രമില്ലാത്ത നിലയിലായിരുന്നു.  കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ  കൊലപാതകക്കുറ്റവും പോക്‌സോ നിയമ പ്രകാരമുള്ള വകുപ്പുകളും ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം യവത്മാൽ ജില്ലയില്‍ നിന്നുള്ളവരാണ്. ഇവര്‍ വാർധ ജില്ലയിലെ ഗ്രാമത്തില്‍ താമസിക്കുകയും  കാർഷിക തൊഴിലാളികളായി ജോലി ചെയ്തുവരികയായിരുന്നു. സംഭവം വ്യാപകമായ പ്രതിഷേധങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്.

നാട്ടുകാരും വിവിധ സംഘടനകളിലെ പ്രവർത്തകരും ധർണ നടത്തി റോഡ് ഉപരോധിക്കുകയും പ്രതിക്ക് വധശിക്ഷ നൽകണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു. 'ഇത്തരമൊരു ക്രൂര സംഭവം നടന്നത് അതീവ ദുഃഖകരമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കൂടുതൽ കർശനമായ നിയമങ്ങൾ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയുണ്ട്. ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കും' എന്ന് വാർധ ലോക്‌സഭാ എംപി അമർ കാലെ പറഞ്ഞു.

ENGLISH SUMMARY:

A 12-year-old girl was found dead inside her home in a village near Nagpur, Maharashtra, on Wednesday evening. Police suspect that she was sexually assaulted and then murdered by being attacked with a stone. A 30-year-old man, identified as Rahul Raju, has been arrested in connection with the crime. The accused was working on farmland adjacent to the victim's family's house.