West Bengal Minister and Trinamool Congress (TMC) candidate from Tollygunge constituency Aroop Biswas being greeted by people during his door-to-door campaign for the upcoming state Assembly elections, in Kolkata, Tuesday, March 24, 2026. (PTI Photo) (PTI03_24_2026_000305B)
ഒരൊറ്റ ബൂത്തില്‍ നിന്നും 340 വോട്ടര്‍മാരും പുറത്ത്, എല്ലാവരും മുസ്ലിം വോട്ടര്‍മാര്‍, വോട്ടര്‍പട്ടിക തയാറാക്കാന്‍ ഓടിനടന്ന ബിഎല്‍ഒയും കരട് വോട്ടര്‍ പട്ടികയ്ക്ക് പുറത്തായി. പശ്ചിമബംഗാളിലെ ബസിറാത്ത് നോര്‍ത്ത് നിയമസഭാ മണ്ഡലത്തിലാണ് കടുത്ത രാഷ്ട്രീയ വിവാദമായി സംഭവം മാറിയത്.
ബോറോ ഗ്രോബ്ര വില്ലേജിലെ ബൂത്ത് നമ്പര്‍ അഞ്ചിലെ മുസ്ലിം വോട്ടര്‍മാരാണ് വോട്ടര്‍പട്ടികയ്ക്ക് പുറത്തായത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് കരട് വോട്ടര്‍പട്ടിക പുറത്തുവന്നത്. ബൂത്ത് ലെവല്‍ ഓഫീസര്‍ ഷഫിയുല്‍ അലാമിന്റെ പേരും പട്ടികയില്‍ നിന്നും നീക്കം ചെയ്യപ്പെട്ടതായി വിവരം പുറത്തുവന്നതോടെ വലിയ ബഹളത്തിലേക്ക് കാര്യങ്ങള്‍ മാറുകയായിരുന്നു. സമുദായത്തിന്റെ പേരില്‍ തങ്ങളെ വോട്ടര്‍ പട്ടികയില്‍ നിന്നും കൂട്ടത്തോടെ നീക്കം ചെയ്യുകയായിരുന്നുവെന്ന് ആരോപിച്ച് വലിയ തോതിലുള്ള പ്രതിഷേധമാണ് പ്രദേശത്ത് നടന്നത്.
തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സുതാര്യതയില്ലെന്നാരോപിച്ച് നിരവധി കുടുംബാംഗങ്ങള്‍ പരാതിയുമായി രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടുന്ന ഒരു തിരിച്ചറിയല്‍ കാര്‍ഡിനു പകരം മൂന്നും നാലും രേഖകള്‍ നല്‍കിയിട്ടും കാര്യമുണ്ടായില്ലെന്ന് പട്ടികയില്‍ പേരില്ലാത്ത യുവാവ് കജിരുള്‍ മൊന്തല്‍ പറയുന്നു. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍േദശപ്രകാരമാണ് തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ പുരോഗമിക്കുന്നതെന്നും പേരില്ലാത്ത വോട്ടര്‍മാര്‍ ആരോപിക്കുന്നു.
വിവാദമുണ്ടായ ബൂത്ത് നമ്പര്‍ അഞ്ചില്‍ മൊത്തം 992 വോട്ടര്‍മാരാണുള്ളത്. അതില്‍ 38 പേരുടേത് നിയമപരമായ രീതിയിലുള്ള ഒഴിവാക്കലാണ്, ഇവരില്‍ മരിച്ചവരും സ്ഥലം മാറിപ്പോയവരും ഉള്‍പ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമങ്ങൾക്കനുസൃതമായി ഈ വോട്ടർമാരെ ഫോമുകൾ പൂരിപ്പിക്കാനും രേഖകൾ അപ്‌ലോഡ് ചെയ്യാനും താൻ നേരിട്ട് സഹായിച്ചിട്ടുണ്ടെന്നും, എന്നിട്ടും പേരുകൾ ബോധപൂർവം ഒഴിവാക്കപ്പെട്ടുവെന്നും ബിഎല്‍ഒ ആലം പറയുന്നു.