Image: AFP

അമേരിക്കയും ഇസ്രയേലും ഇറാനും തമ്മില്‍ നടക്കുന്ന പ്രശ്നങ്ങളില്‍ ഇടനിലക്കാരനാവാന്‍ ഇന്ത്യയില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇന്നലെ നടന്ന സര്‍വകക്ഷി യോഗത്തിലാണ് മധ്യസ്ഥശ്രമങ്ങളുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് വാഷിങ്ടണും ടെഹ്റാനും തമ്മിലുള്ള പ്രശ്നങ്ങളില്‍ ഇടപെടാന്‍ തയാറാണെന്ന് പാക്കിസ്ഥാന്‍ സന്നദ്ധത അറിയിച്ചത്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സോഷ്യല്‍മീഡിയ പോസ്റ്റ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കുവച്ചിരുന്നു. 

പാക്കിസ്ഥാന്റെ മധ്യസ്ഥതാ സന്നദ്ധതയ്ക്കു പിന്നില്‍ അമേരിക്കയും ഇസ്‌ലമാബാദും തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഉഭയകക്ഷി ബന്ധങ്ങളാണ്. 1981മുതല്‍ പാക്കിസ്ഥാന്‍ ഇത്തരം നീക്കങ്ങളില്‍ പങ്കാളികളാണ്. 2020ല്‍ യുഎസും താലിബാനും തമ്മിലുള്ള സംഘര്‍ഷങ്ങളിലും 2019ല്‍ സൗദി അറേബ്യയും ഇറാനും തമ്മിലുള്ള പോര്‍വിളികളിലും പാക്കിസ്ഥാന്‍ ഇടപെട്ടിട്ടുണ്ട്. 

അതേസമയം തന്നെ നിലവിലെ പശ്ചിമേഷ്യന്‍ പ്രതിസന്ധി കൈകാര്യം ചെയ്തതില്‍ ഇന്ത്യയ്ക്കു വീഴ്ച പറ്റിയെന്നും നിലപാട് വ്യകത്മാക്കിയില്ലെന്നുമുള്ള ആരോപണങ്ങളും ഇന്ത്യ തള്ളി. നയപരമായ അവ്യക്തതയോ നിഷ്ക്രിയത്വമോ ഇല്ലെന്നും എല്ലാ വിഭാഗങ്ങളുമായും നയതന്ത്ര ചർച്ചകൾ തുടരുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. 

ഇതുവരെ 4.25 ലക്ഷം ഇന്ത്യക്കാരെ ഇറാനിൽ നിന്ന് തിരിച്ചെത്തിക്കാനും സാധിച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ സുരക്ഷിതരാക്കാനുള്ള ശ്രമങ്ങള്‍ സജീവമായി തന്നെ തുടരുന്നുണ്ട്. അമേരിക്കൻ ഉപരോധം വകവെക്കാതെ തന്നെയാണ് ഇറാന്റെ പക്കൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത്. നിലവില്‍ ഉയര്‍ന്നുവരുന്ന ഊർജ്ജ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറയുന്നു. 

ചേരിചേരാ നിലപാടില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുന്നെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതോടൊപ്പം ഉയര്‍ന്നുവന്ന എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടി സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു വ്യക്തമാക്കി.