Reuters

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഇന്ത്യ നേരിടുന്ന പാചകവാതകക്ഷാമം പരിഹരിക്കാന്‍ 20,000കിമീ അകലെ നിന്നൊരു സഹായഹസ്തം. ഇന്ത്യക്കൊപ്പമുണ്ടെന്ന് പ്രസ്താവിച്ച് രംഗത്തെത്തിയിരിക്കുകയാണ് ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്റീന. ഇന്ത്യയിലേക്കുള്ള എല്‍പിജി ഇറക്കുമതിയുെട 60ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് അടച്ചതോടെയാണ് പ്രതിസന്ധി വന്നത്.  20,000കിലോമീറ്റര്‍ അകലെയാണെങ്കിലും ഇന്ത്യയുടെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ തയാറാണെന്ന് അര്‍ജന്റീന വ്യക്തമാക്കി. 

ഈ വര്‍ഷമാദ്യം 50,000ടണ്‍ എല്‍പിജി അർജന്റീന ഇന്ത്യയിലേക്ക് കയറ്റി അയച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 22,000 ടണ്ണായിരുന്നു അയച്ചത്. ബഹിയ ബ്ലാങ്ക തുറമുഖത്തുനിന്നും കയറ്റി അയച്ച എല്‍പിജിയുടെ പാതിക്കുമുകളില്‍ ഇന്ത്യയില്‍ എത്തിക്കഴ‍ി‍ഞ്ഞു. ബാക്കിയുള്ളവ മാര്‍ച്ച് അഞ്ചിന് പുറപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 

2024വരെ അര്‍ജന്റീനയും ഇന്ത്യയും തമ്മിലില്ലാതിരുന്നൊരു ബന്ധമാണ് കഴിഞ്ഞ വര്‍ഷത്തോടെ ചുരുങ്ങിയ കാലയളവില്‍ അതിവേഗത്തില്‍ വളര്‍ന്നത്. ഊര്‍ജപ്രതിസന്ധിയില്‍ ഉഴലുന്ന രാജ്യത്തെ സഹായിക്കാന്‍ സര്‍വം സജ്ജമായി തങ്ങളുണ്ടാകുമെന്ന് ഇന്ത്യയിലെ അര്‍ജന്റീന അംബാസഡര്‍ മറിയാനോ അഗസ്റ്റിന്‍ കസിനോ അറിയിച്ചു. 

ഊര്‍ജസ്രോതസുകള്‍ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കത്തില്‍ അര്‍ജന്റീന കൂടി പങ്കാളികളാകുന്നത് തീര്‍ത്തും ആശ്വാസകരമാണ്. 40-ലധികം രാജ്യങ്ങളിൽ നിന്ന് ഊർജ്ജം കണ്ടെത്താനുള്ള നീക്കത്തിലാണ് ഇന്ത്യ. അര്‍ജന്റീനയുമായുള്ള ദൂരമാണ് ഇതില്‍ അല്‍പമെങ്കിലും പ്രതിസന്ധിയായി നില്‍ക്കുന്നത്.  ബഹിയ ബ്ലാങ്കയിൽ നിന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്തേക്ക് 20,000 കിലോമീറ്റർ ദൂരമാണുള്ളത്. അര്‍ജന്റീനയ്ക്കും പുതിയൊരു വിപണി കൂടി തുറന്നുകിട്ടുന്നുവെന്നത് ഏറെ നിര്‍ണായകമാണ്. 

Argentina Steps Up to Alleviate India's LPG Shortage:

Argentina is offering a helping hand to India in its cooking gas crisis, stemming from the West Asian conflict. This Latin American nation is ready to supply LPG, bridging the 20,000km distance to ease India's energy needs.